ന്യൂഡല്‍ഹി: ഏതൊക്കെ സാക്ഷികളെ വിസ്തരിക്കണമെന്നത് പ്രതികള്‍ തീരുമാനിക്കുന്ന സാഹചര്യം ഉണ്ടാകുന്നത് അപകടമാണെന്ന് അതിജീവിത. നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ആര്‍.ബസന്താണ് ഏതൊക്കെ സാക്ഷികളെ വിസ്തരിക്കണമെന്ന് കേസിലെ പ്രതിയായ നടന്‍ ദിലീപ് തീരുമാനിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്ന് സുപ്രിംകോടതിയില്‍ ആവശ്യപ്പെട്ടത്. വിചാരണ വൈകുന്നതിന്റെ പേരില്‍ വിസ്തരിക്കേണ്ട സാക്ഷികള്‍ ആരൊക്കെയാണെന്ന് പ്രതികള്‍ തീരുമാനിക്കേണ്ട സാഹചര്യം ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ വിസ്തരിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുന്ന പലരും കേസില്‍ അപ്രസക്തരാണെന്ന് ദിലീപിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോഹ്തഗി ചൂണ്ടികാട്ടി. ഇതോടെ ഏതൊക്കെ സാക്ഷികളെ വിസ്തരിക്കണമെന്ന് തങ്ങള്‍ക്ക് നിര്‍ദേശം നല്‍കാന്‍ കഴിയില്ലെന്ന് സുപ്രിംകോടതിയും വ്യക്തമാക്കി. കേസില്‍ പ്രധാന സാക്ഷികളായ മഞ്ജു വാര്യരെ അടക്കം വീണ്ടും വിസ്തരിക്കാമെന്ന് സുപ്രിംകോടതി ഒടുവില്‍ ഉത്തരവിടുകയും ചെയ്തു. പ്രോസിക്യൂഷന് സാക്ഷിവിസ്താരം തുടരാന്‍ കോടതി അനുമതി നല്‍കി. മഞ്ജു വാര്യരെ അടക്കം വീണ്ടും വിസ്തരിക്കുന്നത് തടയണമെന്ന ദിലീപിന്റെ ആവശ്യത്തെ ഇങ്ങനെയാണ് തടയിട്ടത്. ജസ്റ്റിസ് ജെ.കെ മഹേശ്വരി അദ്ധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
Comments are closed for this post.