2022 July 05 Tuesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

അഗ്നിപഥിൽ സർക്കാരിന് പിഴച്ചതെവിടെ?

എൻ.പി ചെക്കുട്ടി

1999 ജൂലൈ മാസത്തിലാണ് ഇന്ത്യയുടെ പടിഞ്ഞാറേ അതിർത്തിയിൽ കാർഗിൽ മലനിരകളിൽ പാകിസ്താൻ കടന്നാക്രമണം നടത്തിയത്. യുദ്ധം ഏതാനും ദിവസം മാത്രമേ നീണ്ടുനിന്നുള്ളൂ.അതിൽ ഇന്ത്യൻ സേന വിജയം വരിക്കുകയും ചെയ്തു. പക്ഷേ ഇന്ത്യയുടെ ദേശീയസുരക്ഷയുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങൾ അത് ഉയർത്തുകയുണ്ടായി. തുടർന്ന് വാജ്‌പേയി സർക്കാർ ഒരു പരിശോധനാസമിതിയെ നിയോഗിച്ചു. കാർഗിൽ റിവ്യൂ കമ്മിറ്റി എന്നറിയപ്പെട്ട സമിതിയുടെ അധ്യക്ഷൻ ഇന്നത്തെ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ പിതാവ് കെ. സുബ്രഹ്മണ്യം ആയിരുന്നു. ഇന്ത്യൻ സൈന്യത്തിൽനിന്നും ദേശീയ സുരക്ഷാസമിതിയിൽ നിന്നുമുള്ള ഏതാനും പേർ അതിൽ അംഗങ്ങളായിരുന്നു. പ്രശസ്ത പത്രപ്രവർത്തകനായ ബി.ജി വർഗീസും ആ സമിതിയിൽ പ്രവർത്തിക്കുകയുണ്ടായി.
പിറ്റേവർഷം പാർലമെന്റിനു മുന്നിൽ സമർപ്പിച്ച സമിതിയുടെ റിപ്പോർട്ടിൽ ഇന്ത്യയുടെ പ്രതിരോധ മേഖലയിൽ പ്രത്യക്ഷമായ നിരവധി ഗുരുതര പ്രശ്‌നങ്ങൾ എണ്ണിപ്പറഞ്ഞിരുന്നു. റിപ്പോർട്ടിലെ ചില ഭാഗങ്ങൾ സർക്കാർ രഹസ്യമായിവച്ചെങ്കിലും പ്രധാന ശുപാർശകൾ പാർലമെന്റിൽ വയ്ക്കുകയുണ്ടായി. അതിലൊന്ന് സേനയുടെ ഉയർന്ന പ്രായം സംബന്ധിച്ച പ്രശ്‌നമായിരുന്നു. ഇന്ത്യൻ സേനയുടെ ശരാശരി വയസ് 32 ആണെന്നു പഠനം ചൂണ്ടിക്കാട്ടി. അത് ഒരു ആധുനിക സൈന്യത്തിനു പറ്റിയ പ്രായമല്ല. യുദ്ധം സാങ്കേതിക സ്വഭാവമുള്ള ഒരു പ്രക്രിയയായി മാറുകയാണ്. അതിനാൽ മാറ്റങ്ങൾ ഉൾക്കൊണ്ട് ആധുനികമാകാൻ സൈന്യം കൂടുതൽ ചെറുപ്പമാകണം. അതിന്റെ ശരാശരി പ്രായം 25ൽ താഴെയായിരിക്കണം എന്നാണ് ശുപാർശകളിൽ പറഞ്ഞത്.

ഇങ്ങനെയൊരു ശുപാർശ വന്നിട്ടിപ്പോൾ രണ്ടു പതിറ്റാണ്ടിലേറെയായി. സേനയുടെ ഉന്നതങ്ങളിലെ പരിഷ്‌കരണം സംബന്ധിച്ച കാര്യങ്ങളിൽ സർക്കാർ ഔത്സുക്യത്തോടെ നടപടികൾ സ്വീകരിച്ചു. മൂന്ന് സേനകൾക്കും വെവ്വേറെ നായകർ എന്നതിന് പുറമെ അവയുടെ തലപ്പത്തു ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് എന്നൊരു പുതിയ പദവി സൃഷ്ടിച്ചു. എന്നാൽ സേനയുടെ കീഴ്തലങ്ങളിൽ ആവശ്യമായ പരിഷ്‌കരണങ്ങൾ ഒന്നും നടപ്പാക്കിയില്ല. പലപ്പോഴും ആവശ്യത്തിന് സൈനികരെ റിക്രൂട്ട് ചെയ്യാൻ പോലും അധികൃതർ തയാറായില്ല. കഴിഞ്ഞവർഷം ചൈനാ അതിർത്തിയിൽ ഉണ്ടായ മിന്നലാക്രമണങ്ങളാണ് സ്ഥിതിഗതികളുടെ ഗുരുതരാവസ്ഥ സംബന്ധിച്ച് സർക്കാരിന് ബോധ്യംവരാൻ കാരണമായത്. ചൈനയുടെ സൈന്യം ഇന്ന് ലോകത്തെ ഏറ്റവും മികച്ച സേനകളിൽ ഒന്നാണ്. നിലവിൽ ഇന്ത്യൻ അതിർത്തിയിൽ മാത്രമല്ല, ഏഷ്യയുടെ കിഴക്കൻ പ്രദേശങ്ങളിലും ശാന്തസമുദ്ര മേഖലയിലും ചൈന നടത്തിക്കൊണ്ടിരിക്കുന്ന കൈയേറ്റങ്ങൾ മേഖലയുടെ സ്വസ്ഥത നശിപ്പിക്കുന്നതാണ്. അതിനാൽ ഇനിയും അലംഭാവം കാണിച്ചാൽ കാര്യങ്ങൾ കുഴപ്പത്തിലാകും എന്ന തിരിച്ചറിയൽ വൈകിയാണെങ്കിലും അധികൃതർക്കുണ്ടായി എന്ന് സങ്കൽപിക്കണം.

എന്നാൽ അവിടെയും സത്യസന്ധമോ സുതാര്യമോ ആയ ഒരു പ്രക്രിയയല്ല കേന്ദ്രഭരണകൂടം അവലംബിച്ചത്. മോദി ഭരണകൂടം തുടക്കം മുതലേ സൈന്യത്തെ പാടിപ്പുകഴ്ത്തുകയും ആരെങ്കിലും വിമർശനം ഉന്നയിച്ചാൽ അവരെ രാജ്യദ്രോഹികൾ എന്ന് മുദ്രയടിക്കുകയുമാണ് ചെയ്തുവന്നത്. ഇത്തരം വ്യാജബിംബങ്ങൾ സൃഷ്ടിക്കലോ അമിത ദേശാഭിമാന വായ്ത്താരിയോ ഒന്നും ആഗോള സൈനികമത്സരത്തിൽ രാജ്യത്തെ സഹായിക്കുകയില്ല എന്നതാണ് സത്യം. അതിനായി സൈന്യത്തിന്റെ ആധുനികവത്കരണം നടക്കണം. അതൊരു നിരന്തര പ്രക്രിയയാണ്. വാചകമടി ഒന്നിനും പരിഹാരമല്ല.
എന്നാൽ സർക്കാർ ചെയ്തതെന്താണ്? കഴിഞ്ഞ രണ്ടുവർഷങ്ങളിൽ കൊവിഡ് വ്യാപനത്തിന്റെ പേര് പറഞ്ഞു സേനയിലേക്കുള്ള റിക്രൂട്ട്‌മെന്റ് പൂർണമായും വേണ്ടെന്നുവച്ചു. ഓർക്കേണ്ട കാര്യം ഇന്ത്യയിൽ, പ്രത്യേകിച്ച് ഉത്തരേന്ത്യയിൽ യുവാക്കളുടെ പ്രധാന തൊഴിൽസാധ്യതാ മേഖല സൈനിക, അർധസൈനിക വിഭാഗങ്ങൾ ആണെന്നതാണ്. പല കുടുംബങ്ങളിലും തലമുറകളായി സൈനിക സേവനം പതിവാണ്. സൈനിക സേവനം മാത്രമാണ് പ്രാപ്യമായ ഒരേയൊരു തൊഴിൽ രംഗം. അതിനായി അവർ കഠിനപ്രയത്‌നം ചെയ്യുന്നു. പ്രായപൂർത്തി ആയാലുടൻ സൈനിക റിക്രൂട്ട്‌മെന്റ് ലക്ഷ്യമാക്കി പരിശീലനം തുടങ്ങും. അതിനായി നിരവധി സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്.

കൊവിഡ് ഭീഷണി നീങ്ങിയ പശ്ചാത്തലത്തിൽ നേരത്തെ ആരംഭിച്ച നിയമന നടപടികൾ സേനകൾ പൂർത്തിയാക്കും എന്ന പ്രതീക്ഷയിലായിരുന്നു പല യുവാക്കളും. മൂന്നു തലങ്ങളിലായാണ് ഇത് നടക്കുന്നത്. ആദ്യം കായിക പരീക്ഷ; പിന്നെ മെഡിക്കൽ ടെസ്റ്റ്, അതും കഴിഞ്ഞ് എഴുത്തുപരീക്ഷ എന്നിങ്ങനെയാണ് നടപടിക്രമങ്ങൾ. അതിൽ ഒന്നും രണ്ടും ഘട്ടം പൂർത്തിയാക്കിയവർ പോലും പുതിയ പദ്ധതി പ്രകാരം സൈനിക സേവനത്തിന് അയോഗ്യരാകും. പലരും പ്രായപരിധി കഴിഞ്ഞവരാണ്. നിലവിൽ മൂന്ന് വയസ്സ് ഇളവ് നൽകുമെന്ന് സർക്കാർ പറയുമ്പോഴും നിരവധി പേർ പുറത്താകും. അവർക്കു മറ്റൊരു പ്രതീക്ഷയുമില്ല. കഴിഞ്ഞ ദിവസങ്ങളിൽ ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ പൊട്ടിപ്പുറപ്പെട്ട കലാപസമാനമായ അന്തരീക്ഷത്തിനു കളമൊരുക്കിയത് ഇത്തരമൊരു സാഹചര്യമാണ്.
രണ്ടാമത്തെ പ്രശ്നം തൊഴിൽ മേഖലയിൽ വളർന്നുവരുന്ന അതീവ സ്‌ഫോടകാത്മക സാഹചര്യമാണ്. അഞ്ചുവർഷംകൊണ്ടു രണ്ടുകോടി യുവാക്കൾക്ക് തൊഴിൽ നൽകുമെന്ന പ്രഖ്യാപനം നടത്തി 2014ൽ അധികാരത്തിലെത്തിയ വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. എന്നാൽ എന്താണ് തൊഴിൽ മേഖലയിൽ സംഭവിച്ചത്? കൊവിഡ് പ്രതിസന്ധി വരും മുമ്പുതന്നെ ഇന്ത്യയുടെ തൊഴിൽ മേഖലയിൽ ഒരു മരവിപ്പിന്റെയോ പിന്നോക്കം പോക്കിന്റെയോ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നു. സ്ഥിതിഗതികൾ ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. 2020-21ലെ കണക്കുകൾ പ്രകാരം ഇന്ത്യയിലെ തൊഴിൽ ചെയ്യുന്ന പ്രായത്തിലുള്ള ജനങ്ങളിൽ 7.5 ശതമാനവും തൊഴിൽരഹിതരാണ്. അതായതു കോടിക്കണക്കിനു ആളുകളാണ് ഇന്ന് തൊഴിൽ തേടി അലയുന്നത്.

മോദിസർക്കാർ സ്വകാര്യമേഖലയെയാണ് തൊഴിൽ വികസനത്തിനായി ആശ്രയിച്ചത്. നാടനും മറുനാടനുമായ കോർപറേറ്റ് കമ്പനികളെ പ്രോത്സാഹിപ്പിക്കുകയാണ് സർക്കാർ ചെയ്തത്.മുൻകാലങ്ങളിൽ സർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങൾ വൻതോതിൽ തൊഴിലുകൾ സൃഷ്ടിച്ചിരുന്നു. എന്നാൽ അത് അമിതവ്യയമാണ് എന്നാരോപിച്ചു മോദിസർക്കാർ ഇത്തരം തൊഴിൽ മേഖലകളാകെ മരവിപ്പിച്ചുനിർത്തി. സർക്കാർ കണക്കുപ്രകാരം ഇന്ത്യയിലെ വിവിധ സർക്കാർ സ്ഥാപനങ്ങളിൽ മാത്രം ഇപ്പോൾ 8,72,243 വേക്കൻസികൾ നിലവിലുണ്ട്. സൈന്യം, അർധസൈനിക സേനകൾ, റെയിൽവേ തുടങ്ങിയ വിവിധ രംഗങ്ങളിലും ധാരാളം തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. മറുഭാഗത്ത് സ്വകാര്യമേഖലയ്ക്ക് നൽകിയ പ്രോത്സാഹനത്തിന് അനുസൃതമായി തൊഴിൽരംഗത്ത് കുതിപ്പുണ്ടായില്ല. വൻകിട നിക്ഷേപങ്ങൾ പോലും പരിമിതമായ തൊഴിലുകൾ മാത്രമാണ് സംഭാവന ചെയ്തത്. ഉദാഹരണത്തിന് ഉത്തർപ്രദേശിൽ വൻ കൊട്ടിഘോഷത്തോടെ അദാനി ആരംഭിച്ച 70,000 കോടി രൂപയുടെ ഒരു പദ്ധതിയിൽ ആകെയുണ്ടായ തൊഴിലുകൾ വെറും 30,000 മാത്രമായിരുന്നു. കോർപറേറ്റ് മേഖലയിലെ തൊഴിൽ ഉത്പാദനം രണ്ടു തരമായിരുന്നു. ഒന്ന്, ഏറ്റവും ഉയർന്ന സാങ്കേതികക്ഷമത ആവശ്യമുള്ളവ, മറ്റൊന്ന് വെറും കൂലിത്തൊഴിലുകൾ. ഡിഗ്രി തലം വരെയൊക്കെ വിദ്യാഭ്യാസമുള്ള സാധാരണ യുവജനങ്ങൾക്ക് അതൊന്നും ഒരു പ്രയോജനവും ചെയ്യുകയുണ്ടായില്ല. ഇപ്പോൾ മോദിഭരണത്തിന്റെ എട്ടാം വർഷമായതോടെ തങ്ങൾ വഞ്ചിക്കപ്പെട്ടു എന്ന് യുവജനങ്ങൾ പൂർണമായും മനസ്സിലാക്കുന്നു. അതാണ് ബിഹാറിലും മറ്റും ബി.ജെ.പി ഓഫിസുകൾക്കു നേരെയും എം.എൽ.എ അടക്കമുള്ള നേതാക്കൾക്ക് നേരെയും നടന്ന ആക്രമണങ്ങളുടെ യഥാർഥ കാരണം.

ഈ പ്രതിസന്ധി ഒരു പൊട്ടിത്തെറിയിലേക്കു നീങ്ങുകയാണെന്ന് മോദി സർക്കാരും മനസ്സിലാക്കുന്നുണ്ട്. മുൻകാലങ്ങളിലെപ്പോലെ തെരഞ്ഞെടുപ്പ് വിജയത്തിന് മുസ്‌ലിംഭീതിയുടെ പ്രയോഗം മാത്രം മതിയാവില്ലെന്ന് കഴിഞ്ഞ നാളുകളിൽ ആളിക്കത്തിയ പൗരത്വ-കർഷക സമരങ്ങളുടെ അവസരത്തിൽതന്നെ സർക്കാരിന് ബോധ്യമായതാണ്. വിവിധ ജാതിക്കാരും മതക്കാരുമായ ജനങ്ങൾ ആ സമരങ്ങളിൽ ഒന്നിച്ചുവരുന്നതാണ് കണ്ടത്. അതിനാൽ അടിയന്തര പ്രശ്‌നങ്ങൾക്ക് ഭാഗികമായെങ്കിലും പരിഹാരം കാണേണ്ടത് അനിവാര്യമാണ് എന്ന് സർക്കാരിന് ബോധ്യമുണ്ട്. അതിന്റെ ഭാഗമായാണ് അടുത്ത 18 മാസത്തിനകം രാജ്യത്തെ പത്തുലക്ഷം യുവാക്കൾക്ക് വിവിധ സർക്കാർ വകുപ്പുകളിലും പൊതുമേഖലയിലും മറ്റുമായി നിയമനം നൽകുമെന്ന മോദിയുടെ പ്രസ്താവന വന്നത്. അതിന്റെ തുടർച്ചയെന്ന നിലയിലാണ് സേനയിൽ നാലുവർഷത്തേക്കുള്ള താൽക്കാലിക നിയമന പദ്ധതി പ്രതിരോധ വകുപ്പ് പ്രഖ്യാപിച്ചത്. യാതൊരു വീണ്ടുവിചാരമോ തയാറെടുപ്പോ ഇല്ലാതെയാണ് സൈന്യത്തിലെ ഈ കൂലിപ്പണി വിഭാഗത്തിന്റെ നിയമനം സംബന്ധിച്ച തീരുമാനം സർക്കാർ പ്രഖ്യാപിച്ചത്.

നേരത്തെ ഒരു റാങ്ക് ഒരേ പെൻഷൻ എന്ന സൈനികരുടെ ദീർഘകാലമായുള്ള ആവശ്യത്തോട് സർക്കാർ അനുഭാവപൂർണമായ സമീപനം സ്വീകരിച്ചിരുന്നു. ഇപ്പോൾ മലക്കംമറിഞ്ഞു നാലുവർഷ വിരമിക്കലിനു ശേഷം കാര്യമായി ഒരു ആനുകൂല്യവും ഇല്ലാത്ത അഗ്നിപഥ് പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത് തൊഴിൽരംഗത്ത് എന്തെങ്കിലും നേട്ടങ്ങൾ ചൂണ്ടിക്കാട്ടാനുള്ള സർക്കാരിന്റെ പരിഭ്രാന്തമായ നീക്കങ്ങളുടെ മാത്രം ഫലമാണ്. ഇന്ത്യൻ സേന രാജ്യത്തെ കാത്തുരക്ഷിക്കാൻ ബാധ്യസ്ഥമായ സേനാവ്യൂഹമാണ്. അതിൽ ജോലിചെയ്യുന്നവർ ജീവൻ പോലും ബലിയർപ്പിക്കേണ്ടി വരും. അങ്ങനെയുള്ള ഒരു സേനയിൽ രണ്ടുതരം ജീവനക്കാരും രണ്ടുതരം നീതിയും എന്നത് ആർക്കും അംഗീകരിക്കാൻ കഴിയുന്ന കാര്യമല്ല. അതിനാലാണ് തൊഴിൽ തേടിയലയുന്ന യുവാക്കളും മുൻസൈനികരും രാജ്യത്തെ പ്രതിപക്ഷ പാർട്ടികളും ബി.ജെ.പിയുടെ സഖ്യകക്ഷികൾ പോലും ഈ പദ്ധതിയെ എതിർക്കുന്നത്. എന്നാൽ അതുമായി മുന്നോട്ടുപോകും എന്നാണ് പ്രതിരോധ വകുപ്പ് അറിയിച്ചിരിക്കുന്നത്. അതിന്റെ ദീർഘകാല പ്രത്യാഘാതങ്ങൾ സൈന്യത്തിനകത്തും രാജ്യത്തും എന്തൊക്കെയാവുമെന്ന കാര്യം കാത്തിരുന്ന് കാണണം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.