2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

കേരള സ്‌റ്റോറിക്കു സ്തുതിപാടി പരസ്യം; എവിടെ കിട്ടും ആ ഇനാം, ഹിന്ദു ഐക്യവേദിയുടെ ഒരു കോടി രൂപക്ക് ക്യൂനിന്ന് ദീപാ നിശാന്തടക്കം കൂടുതല്‍ പേര്‍

ഹിന്ദു ഐക്യവേദിയുടെ ഒരു കോടി രൂപക്ക് ക്യൂനിന്ന് ദീപാ നിശാന്തടക്കം കൂടുതല്‍ പേര്‍

എവിടെ കിട്ടും ആ ഇനാം, ഹിന്ദു ഐക്യവേദിയുടെ ഒരു കോടി രൂപക്ക് ക്യൂനിന്ന് ദീപാ നിശാന്തടക്കം കൂടുതല്‍ പേര്‍

 

തൃശൂര്‍: വിദ്വേഷ പ്രചാരണവുമായി പുറത്തുവരുന്ന ‘ദ കേരള സ്‌റ്റോറി’യുമായി ബന്ധപ്പെട്ട് ഹിന്ദു ഐക്യവേദി പ്രഖ്യാപിച്ച ഒരു കോടി രൂപക്കായി ക്യൂ നിന്ന് നിരവധിപേര്‍. സോഷ്യല്‍ മീഡിയയിലാണ് ചര്‍ച്ചകളില്‍ ഹിന്ദു ഐക്യവേദിയെ ട്രോളുന്നത്.
സിനിമയുടെ ടീസറിലോ ട്രെയിലറിലോ 32,000 പേരെ മതം മാറ്റി സിറിയയിലേക്ക് കൊണ്ടുപോയി എന്നു പറയുന്നതിന്റെ തെളിവ് ഹാജരാക്കിയാല്‍ ഒരു കോടി രൂപ നല്‍കുമെന്ന വാഗ്ദാനവുമായി ഹിന്ദു ഐക്യവേദി രംഗത്തെത്തിയിരുന്നു. ആര്‍.വി. ബാബുവിന്റെ ഫോട്ടോ സഹിതമായിരുന്നു പോസ്റ്റര്‍. ഇതിനെ പൊളിച്ചടുക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ. എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്തും ഒരുകോടി രൂപ ഇനാം ചോദിച്ച് രംഗത്തെത്തി. ടീസറിന്റെ സ്‌ക്രീന്‍ ഷോട്ടടക്കം ഹാജരാക്കിയാണവര്‍ ഹിന്ദു ഐക്യവേദിയെ വെല്ലുവിളിച്ചിരിക്കുന്നത്.

ചിത്രത്തില്‍ 10 മാറ്റങ്ങള്‍ വരുത്തണമെന്നാണ് സെന്‍സര്‍ബോര്‍ഡ് നിര്‍ദേശിച്ചിരിക്കുന്നത്. ഈ കണ്ടിഷനോടെയാണ് സര്‍ട്ടിഫിക്കേഷന്‍ നിര്‍ദേശിച്ചത്. സിനിമയിലെ ചില സംഭാഷണങ്ങള്‍ ഒഴിവാക്കണം. കേരള മുന്‍ മുഖ്യമന്ത്രിയുടെ അഭിമുഖ ഭാഗം ഒഴിവാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

32,000 പേരെ മതംമാറി സിറിയയിലേക്ക് കൊണ്ടുപോയെന്ന പ്രചാരണത്തിന് തെളിവ് കൊണ്ടുവന്നാല്‍ ഒരു കോടി രൂപ ഇനാം നല്‍കുമെന്ന് മുസ്ലിം യൂത്ത് ലീഗ് വെല്ലുവിളിച്ചിരുന്നു. സിനിമക്കെതിരേ പ്രതിരോധം ശക്തമായതോടെ, ടീസറില്‍നിന്ന് ‘32000 യുവതികളുടെ കഥ’ എന്നത് തിരുത്തി മൂന്നു എന്നാക്കാന്‍ അണിയറപ്രവര്‍ത്തകര്‍ നിര്‍ബന്ധിതരാകുകയായിരുന്നു. ഇതിന്റെ അടക്കം സ്‌ക്രീന്‍ ഷോട്ടുമായാണ് ദീപ നിശാന്ത് രംഗത്തെത്തിയത്. ‘രാഷ്ട്രീയ ജാഗ്രതയുള്ള ഒരുകൂട്ടം മനുഷ്യരുടെ ചെറുത്തുനില്‍പ്പിനെത്തുടര്‍ന്ന് ടീസറിലെ 32000 തിരുത്തി മൂന്ന് എന്നാക്കുകയായിരുന്നു ഹിന്ദു ഐക്യവേദീന്റെ ഒരുകോടി രൂപ എവിടെ വന്നാ കിട്ടും?’ അവര്‍ ഫേസ്ബുക്കില്‍ പരിഹസിക്കുന്നു.

കേരളത്തിലെ 32,000 സ്ത്രീകളുടെ ഹൃദയഭേദകമായ കഥ’ എന്നായിരുന്നു ഇവര്‍ യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ട ട്രെയിലറിന്റെ അടിക്കുറിപ്പ്. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നു. ഇതിനുപിന്നാലെ ഈ കുറിപ്പ് മാറ്റി മൂന്ന് പെണ്‍കുട്ടികളുടെ യഥാര്‍ഥ കഥകള്‍’ എന്നാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്ന വിവരണം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.