2022 November 30 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

Editorial

വിലക്ക് പാർലമെന്റിന്റെ പടികയറി വരുമ്പോൾ


പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യമായി ഇന്ത്യൻ പാർലമെന്റിൽ എത്തിയ രംഗം രാഷ്ട്രീയ ഇന്ത്യ മറന്നു കാണില്ല. പാർലമെന്റിന്റെ പടവുകളിൽ സാഷ്ടാംഗം അർപ്പിച്ചുകൊണ്ടുള്ള ആ വരവ്, ജനാധിപത്യധാരയിലുള്ള ആരെയും കോരിത്തരിപ്പിക്കുന്നതായിരുന്നു. എന്നാൽ അന്നു തൊട്ട് ഇന്നുവരെ മോദി സർക്കാർ നടപ്പാക്കിവരുന്നത് ജനാധിപത്യത്തെയും അതിന്റെ ആത്മസത്തയായ മനുഷ്യാവകാശങ്ങളെയും ഹനിക്കുന്ന പദ്ധതികളാണെന്നത് രാജ്യാന്തര ചർച്ചയായി മാറിക്കഴിഞ്ഞിരിക്കുന്നു. ഇത് ഇന്ത്യയെത്തന്നെ നാണം കെടുത്തുന്ന രീതിയാണെന്നും അഭിപ്രായങ്ങൾ വന്നുകഴിഞ്ഞു.

വർഷകാല സമ്മേളനം ഇന്നാരംഭിക്കുമ്പോൾ ജനാധിപത്യത്തിന്റെ ശ്രീകോവിലായ ഇന്ത്യൻ പാർലമെന്റിൽ ഒന്നിന് പിറകെ ഒന്നായി വിലക്കുകളാണ്. സർക്കാരിനെ വിമർശിക്കാൻ പ്രതിപക്ഷാംഗങ്ങൾ ഉപയോഗിച്ചിരുന്നതും അല്ലാത്തതുമായ അറുപതിലേറെ വാക്കുകൾ വിലക്കിയതിന് പിന്നാലെ പാർലമെന്റ് വളപ്പിൽ പ്രതിഷേധവും വിലക്കി. പാർലമെന്റിനുള്ളിൽ പ്ലക്കാർഡ് ഉയർത്തിയുള്ള പ്രതിഷേധങ്ങൾക്കും വിലക്കേർപ്പെടുത്തിയിരിക്കുന്നു. മോദി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരേ പ്രതിപക്ഷത്തിന്റെ തുടർച്ചയായ പ്രതിഷേധം നേരിടാനാണ് പുതിയ നീക്കം.

ലഘുലേഖകൾ, ചോദ്യാവലികൾ, വാർത്താ കുറിപ്പുകൾ എന്നിവ വിതരണം ചെയ്യാൻ പാടില്ല. അച്ചടിച്ചവ വിതരണം ചെയ്യണമെങ്കിൽ മുൻകൂർ അനുമതി തേടണമെന്നും നിർദേശമുണ്ട്. പാർലമെന്റിലും പുറത്തും ജനകീയ പ്രശ്‌നമുയർത്തി പ്രക്ഷോഭം നടത്താനുള്ള അംഗങ്ങളുടെ അവകാശവും ഹനിക്കുന്നതാണ് ഉത്തരവ്. പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമക്കു മുന്നിൽ പ്രതിപക്ഷ കക്ഷികൾ പ്രതിഷേധമുയർത്തുന്നതും രാപ്പകൽ ധർണ സംഘടിപ്പിക്കുന്നതും പ്രതിഷേധം അറിയിക്കാനുള്ള സാധാരണ നടപടിയാണ്. ഏകപക്ഷീയമായി ബില്ലുകൾ അടിച്ചേൽപ്പിക്കുകയും ചർച്ചകളില്ലാതെ പാസാക്കിയെടുക്കുകയുമാണ് കുറച്ചുകാലമായി മോദി സർക്കാരിന്റെ നയം. സമീപകാലത്ത് പിൻവലിക്കേണ്ടി വന്ന കാർഷിക നിയമങ്ങൾ അടക്കമുള്ളവ ഇത്തരത്തിൽ സർക്കാർ കൗശലപൂർവം പാസാക്കിയതാണ്. ഇതിനെ ചോദ്യം ചെയ്താണ് പാർലമെന്റിൽ സഭാവളപ്പ് വിട്ടിറങ്ങാതെ എം.പിമാർ പ്രതിഷേധവും സംഘടിപ്പിക്കാറുള്ളത്. ഇതെല്ലാം തടയാനാണ് പുതിയ നീക്കം.

ജനാധിപത്യത്തിന്റെ അടിത്തറ സംഭാഷണമാണെങ്കിൽ മോദിയുടെ വഴി ഏകഭാഷണമാണ്. ഉയർന്ന തട്ടിൽ നിന്നുകൊണ്ട് താഴെയുള്ളവരോട് സംസാരിക്കുന്ന ഫാസിസ്റ്റ് നടപടിയാണത്. ചോദ്യങ്ങൾ അങ്ങോട്ടില്ല. താൻ പറയും മറ്റുള്ളവർ കേൾക്കുക എന്നതാണ് രീതി. തെറ്റു പറ്റാത്ത, ശരിയായ തീരുമാനങ്ങൾ മാത്രം എടുക്കുന്ന നേതാവ് എന്ന പ്രതിച്ഛായയുടെ പുറത്തുള്ള ജീവിതത്തിലാണ് മോദി സർക്കാർ. എന്നാൽ ഇതിനെ ചോദ്യം ചെയ്യാനും ജനങ്ങളുടെ ശബ്ദം അധികാരികളെ കേൾപ്പിക്കാനും ബാക്കിയാകുന്ന ഏക ഇടം പാർലമെന്റാണ്. അവിടെയാണ് വിലക്കുകൾ വരുന്നത്. ഡൽഹി പിടിക്കും മുമ്പ് ജനാധിപത്യത്തിന്റെയും ബഹുസ്വരതയുടേയും ശക്തനായ വക്താവായിരുന്നു മോദി. പഴയ ട്വീറ്റുകൾ ഇപ്പോഴും പൊതുമണ്ഡലത്തിലുണ്ട്. പക്ഷേ, അധികാരത്തിലേറിയതോടെ ജനാധിപത്യവും ഫെഡറലിസവും കണ്ടുകൂടാതെയായി.

പാർലമെന്റും കോടതിയുമടക്കമുള്ള ജനാധിപത്യ സംവിധാനങ്ങൾക്കും പകരം ഒരു നേതാവ് മതി എന്ന പരികൽപനയാണ് മോദി മുന്നോട്ടുവയ്ക്കുന്നത്. എൻ.ഡി.എ സഖ്യകക്ഷികൾ പോലും അപ്രസക്തരും നിരാലംബരുമാകും വിധമാണ് സർക്കാർ ജനാധിപത്യ മര്യാദകളെ കൈകാര്യം ചെയ്തത്. വിയോജിക്കുന്നവരെ അറസ്റ്റ് ചെയ്ത് തുറുങ്കിലടച്ചു. ഇ.ഡിയെയും മറ്റു കേന്ദ്ര ഏജൻസികളെയും ഉപയോഗിച്ചുള്ള രാഷ്ട്രീയ എതിരാളികളെ വേട്ടയാടൽ മറ്റെല്ലാ കാലത്തുമെന്നതിലും ശക്തമായി തുടരുന്നു. അധികാരത്തിന്റെ കോട്ടകളിൽ വിരാജിക്കുമ്പോൾ എതിർ ശബ്ദങ്ങളെ അസഹിഷ്ണുതയോടെ കാണുകയാണ് ഭരണാധികാരികൾ. അവർ പുതിയ കൊട്ടാരങ്ങളും കോട്ടകളും പണിയുന്നു. അവയുടെ മേൽ സ്വന്തം പേരുള്ള ഫലകങ്ങൾ പ്രതിഷ്ഠിക്കുന്നു. ചർച്ചകളും സംവാദങ്ങളും ഇല്ലാതാക്കുന്നു. രാജ്യം ഏകാധിപത്യത്തിലേക്ക് പോകുന്നത് ഇങ്ങനെയെല്ലാമാണ്.

ബഹുസ്വരതയാണ് ഇന്ത്യയുടെ അടിസ്ഥാനശില. വ്യത്യസ്ത ജനവിഭാഗങ്ങൾക്ക് തുല്യ അവകാശങ്ങൾ ഉറപ്പു വരുത്തുന്ന ഭരണഘടനയാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ വഴികാട്ടി. അതിനെക്കൂടി തച്ചുടക്കാനാണ് ഈ വിലക്കുകളിലൂടെ മോദി സർക്കാർ നോക്കുന്നത്. സ്വാതന്ത്ര്യം കിട്ടി എഴുപതിലധികം വർഷമായിട്ടും ജനാധിപത്യത്തിന്റെ പ്രകാശം ഇവിടെ അസ്തമിക്കാതിരുന്നത് ഭരണഘടനയുടെ ആത്മാവിനെ മറക്കാൻ രാഷ്ട്രീയപാർട്ടികളും പൗരസമൂഹവും തയാറാവാതിരുന്നതുകൊണ്ടാണ്. പക്ഷേ, ഇക്കഴിഞ്ഞ ഏഴു വർഷങ്ങളിൽ ഈ പ്രതീക്ഷയും വിശ്വാസവും അതിഭീകരമായി അട്ടിമറിക്കപ്പെടുന്ന അനുഭവമാണ് രാജ്യത്തിനുള്ളത്. പൗരത്വ ഭേദഗതി നിയമവും ജമ്മു കശ്മിരിന്റെ വിഭജനവും ഭരണഘടനയുടെ 370ാം വകുപ്പിനെ നിർവീര്യമാക്കിയതും കോർപറേറ്റുകൾക്ക് അനുകൂലമായി തൊഴിൽ നിയമങ്ങൾ അട്ടിമറിച്ചതും ഡൽഹി കലാപവുമൊക്കെ ഉദാഹരണങ്ങൾ.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.