2023 September 23 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

Editorial

ഉർദുഗാൻ വീണ്ടും അധികാരത്തിലെത്തുമ്പോൾ



തുർക്കി പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ 53 ശതമാനം വോട്ടുകൾ നേടി റജബ് ത്വയിപ് ഉർദുഗാൻ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. തുർക്കിയിൽ മാത്രമല്ല പുറത്തും, വിശേഷിച്ച് യൂറോപ്പിലെയും അമേരിക്കയിലെയും രാഷ്ട്രീയനേതൃത്വങ്ങളിലും പൊതുസമൂഹങ്ങളിലും വൻ അലയൊലികളാണ് തെരഞ്ഞെടുപ്പ് ഉണ്ടാക്കിയത്. ആദ്യഘട്ടത്തിലെ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ വിജയിക്കാനാവശ്യമായ അമ്പതു ശതമാനത്തിൽ കൂടുതൽ വോട്ട് ലഭിക്കാത്തതിനെ തുടർന്നാണ് രണ്ടാംഘട്ട തെരഞ്ഞെടുപ്പ് കഴിഞ്ഞ ദിവസം നടന്നത്.


20 വർഷമായി തുർക്കി ഭരിക്കുന്ന ഉർദുഗാൻ വീണ്ടും ഭരണത്തിലെത്തുന്നത് കടുത്ത വെല്ലുവിളികളെ അതിജീവിച്ചാണ്. പണപ്പെരുപ്പത്തിനെതിരേ പോരാടുകയും അരലക്ഷത്തിലധികം പേർ കൊല്ലപ്പെട്ട ഫെബ്രുവരിയിലെ ഭൂകമ്പത്തിന്റെ മുറിവുണയ്ക്കുകയുമാണ് ഇനിയുള്ള ലക്ഷ്യമെന്നാണ് വിജയത്തിനുശേഷമുള്ള അദ്ദേഹത്തിൻ്റെ ആദ്യ പ്രഖ്യാപനം. താനല്ല, തുർക്കിയും ജനാധിപത്യവുമാണ് വിജയിയെന്നും സംവാദങ്ങളും സംഘർഷങ്ങളും മാറ്റിവച്ച് ദേശീയ ലക്ഷ്യങ്ങൾക്കും സ്വപ്‌നങ്ങൾക്കും ചുറ്റും ഐക്യപ്പെടാനുള്ള സമയമാണിതെന്നും ഉർദുഗാൻ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയും ടർക്കിഷ് ലിറയുടെ മൂല്യം കുത്തനെ ഇടിഞ്ഞതുമാണ് സമീപകാലത്തായി തുർക്കി നേരിടുന്ന പ്രധാന പ്രതിസന്ധി. പണപ്പെരുപ്പം നിയന്ത്രിക്കാൻ സർക്കാരിന് കഴിയാതെപോയതും ഉർദുഗാന്റെ പരാജയമായി വിമർശകർ ചൂണ്ടിക്കാട്ടിയിരുന്നു.


തുർക്കിയിലെ ഭൂകമ്പത്തിന്റെ രക്ഷാപ്രവർത്തന വീഴ്ചയിൽ പ്രതിപക്ഷത്തിന്റെയും ഭൂകമ്പത്തെ അതിജീവിച്ചവരുടെയും കടുത്ത വിമർശനത്തിനിരയായിരുന്നു ഉർദുഗാൻ. 2000കളിൽ രാജ്യത്തെ നിർമാണ നിലവാരം മോശമായതിനാൽ നൂറുകണക്കിന് കെട്ടിടങ്ങൾ തകരുന്നതും സർക്കാരിനെ വിമർശനത്തിന്റെ മുനയിൽ നിർത്തി. പാരമ്പര്യേതര സാമ്പത്തിക നയങ്ങളാണ് പണപ്പെരുപ്പം കുതിച്ചുയരാൻ കാരണമെന്നും വിമർശനമുയർന്നു. ഈ പ്രതിസന്ധികളെ മറികടക്കാനായെന്നാണ് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. വിമർശനങ്ങൾ ഒരുവശത്തുണ്ടെങ്കിലും ഉർദുഗാനെ മുസ് ലിം ലോകത്തെ ദീർഘവീക്ഷണമുള്ള നേതാവായാണ് അദ്ദേഹത്തിന്റെ അനുയായികൾ കാണുന്നത്. ഉർദുഗാൻ്റെ പ്രധാന എതിരാളി സി.എച്ച്.പി നേതാവ് കെമാൽ കിലിക്ചറോളുവിന്റെ നിലപാടുകൾക്ക് രാജ്യത്ത് പിന്തുണ കുറവായിരുന്നു. രാജ്യത്ത് നടന്നത് നീതിപൂർവമായ തെരഞ്ഞെടുപ്പല്ലായിരുന്നുവെന്നാണ് കിലിക്ചറോളു കുറ്റപ്പെടുത്തുന്നത്.


ദീർഘകാലമായി നാറ്റോ അംഗമാണ് തുർക്കിയെങ്കിലും മറ്റു നാറ്റോ അംഗരാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായ നിലപാടുകളാണ് പിന്തുടരുന്നത്. 2017ൽ റഷ്യയിൽ നിന്ന് എസ് 400 ഉപരിതല മിസൈൽ പ്രതിരോധ സംവിധാനം വാങ്ങാൻ കരാറുണ്ടാക്കിയ തുർക്കി റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിൽ നാറ്റോ നിലപാടിനൊപ്പം നിലകൊണ്ടില്ല. പുടിനെതിരേ ഉപരോധം ഏർപ്പെടുത്താനുള്ള നാറ്റോ സഖ്യരാജ്യങ്ങളുടെ നിപാടുകളെ തുർക്കി പിന്തുണച്ചില്ലെന്ന് മാത്രമല്ല, ഈ ഘട്ടത്തിൽ റഷ്യയുമായുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തി. ഇതിന്റെ ഭാഗമായി വിലകുറഞ്ഞ റഷ്യൻ എണ്ണയുടെ ഇറക്കുമതി കഴിഞ്ഞ വർഷം ഇരട്ടിപ്പിക്കുകയും ചെയ്തു. തുർക്കി ഭീകരരായി കണക്കാക്കുന്ന കുർദിസ്ഥാൻ വർക്കേഴ്‌സ് പാർട്ടിയെ പിന്തുണയ്ക്കുന്നതിന്റെ പേരിൽ സ്വീഡന്റെ നാറ്റോ അംഗത്വം തുർക്കി തടഞ്ഞുവച്ചു. നേരത്തെ ഫിൻലാൻഡിനെ നാറ്റോയിൽ ചേരുന്നതിൽനിന്ന് തുർക്കി തടഞ്ഞുവച്ചിരുന്നെങ്കിലും പിന്നീട് അനുമതി നൽകി.
റഷ്യയുമായുള്ള ആയുധക്കാരാറിനെത്തുടർന്ന് യു.എസ് തുർക്കിക്ക് തങ്ങളുടെ ആയുധങ്ങൾ വിൽക്കുന്നത് നിർത്തിവച്ചിരുന്നു. തുർക്കിക്ക് യു.എസിൽനിന്ന് എഫ് 16 യുദ്ധവിമാനങ്ങൾ വേണം. ജൂലൈയിൽ നടക്കുന്ന ഉച്ചകോടിയിൽ സ്വീഡനെതിരായ നിലപാടുകൾ മയപ്പെടുത്തുന്നതിന് പകരം ഈ കരാറുകൾ നേടിയെടുക്കാനാണ് ഉർദുഗാന്റെ നീക്കം.


പടിഞ്ഞാറിന് അവഗണിക്കാനാവാത്ത നേതാവായി മാറാൻ ഉർദുഗാന് ഇതിനകം കഴിഞ്ഞിട്ടുണ്ട്. റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിനുശേഷം ഉക്രൈനിൽ നിന്ന് ഭക്ഷ്യധാന്യങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് യു.എൻ ഇടനിലക്കാരായി നടത്തിയ ഇടപാടിൽ പുടിനെ കൂടെ നിർത്തുന്നതിന് നടത്തിയ ഇടപെടലുകളായിരുന്നു ഇതിൽ പ്രധാനം. തുർക്കി സമൂഹത്തിനിടയിൽ ഉർദുഗാനെ ഇപ്പോഴും ജനകീയനാക്കി നിർത്തുന്ന ഘടകങ്ങൾ വേറെയുണ്ട്. സാധാരണക്കാരുടെ ജീവിതം അയത്‌നലളിതമാക്കുകയെന്ന ആശയമായിരുന്നു അദ്ദേഹത്തിൻ്റേത്. ലളിതമായ ഭവനവായ്പാ പദ്ധതികൾ നടപ്പാക്കി. ദശലക്ഷക്കണക്കിന് തുർക്കികൾക്ക് സഹായകരമാവും വിധം കടാശ്വാസ പദ്ധതി പ്രഖ്യാപിച്ചു.തെരഞ്ഞെടുപ്പിന് ആറുമാസം മുമ്പ് രണ്ടു മില്യൻ തുർക്കികൾക്ക് ഉടൻ വിരമിക്കൽ പദ്ധതി പ്രഖ്യാപിച്ചു. 40 ശതമാനത്തിലധികം പേർ മിനിമം വേതനം നേടുന്ന രാജ്യമാണ് തുർക്കി. മിനിമം വേതനം വർധിപ്പിച്ച പ്രഖ്യാപനം ഗുണം ചെയ്തു. നഗരമേഖലയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ വേതനം 94 ശതമാനം വർധിപ്പിച്ചു.


സാമ്പത്തിക പരിഷ്‌കരണം മാത്രമല്ല ഉർദുഗാനെ തുർക്കികൾക്ക് പ്രിയപ്പെട്ടവനാക്കുന്നത്. അധികാരത്തിലിരുന്ന രണ്ടാം ദശകത്തിൽ ഉസ്മാനിയാ ഖിലാഫത്തിന്റെ സമ്പന്ന പാരമ്പര്യമുള്ള തുർക്കിയിൽ ഇസ് ലാമിക സംസ്‌കാരത്തെ വീണ്ടെടുക്കാൻ അദ്ദേഹം നടത്തിയ ശ്രമങ്ങൾ കൂടിയാണ്. അനറ്റോലിയൻ ഉൾനാടൻ പ്രദേശത്തെ ഒരു ദരിദ്ര കുടുംബത്തിൽ വളർന്ന ഉർദുഗാന്, തുർക്കിയിലെ മതേതര സമൂഹത്തിൽ ഒരു രണ്ടാം തരംപൗരനെപ്പോലെ ജീവിക്കേണ്ടി വന്നിട്ടുണ്ട്.
യൂറോപ്യൻ യൂനിയൻ ചട്ടങ്ങൾ പാലിക്കുന്നതിനും തുർക്കിയുടെ സമ്പദ് വ്യവസ്ഥയെ പാശ്ചാത്യരാജ്യങ്ങളുമായി സംയോജിപ്പിക്കുന്നതിനും ജനാധിപത്യ പരിഷ്‌കാരങ്ങൾ തന്റെ അജൻഡയുടെ ഏറ്റവും മുകളിൽ സ്ഥാപിച്ച് നടപ്പാക്കാനും ഉർദുഗാന് കഴിഞ്ഞു. അദ്ദേഹത്തിന്റെ മുൻഗാമികളിൽ പലരും പരാജയപ്പെട്ടത് ഇവിടെയായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.