2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പൗരസ്വാതന്ത്ര്യം ഹനിക്കപ്പെടുമ്പോള്‍

പി.കെ.പാറക്കടവ്

   

എപ്പോഴെങ്കിലും ഒരു ചിത്രശലഭം
ആവശ്യത്തിലേറെ ശബ്ദത്തോടെ
ചിറക് പൂട്ടിയാല്‍ ഒരു വിളി കേള്‍ക്കും:
‘ദയവായി, നിശ്ശബ്ദത!’


പരിഭ്രാന്തനായ ഒരു പക്ഷിയുടെ ഒരൊറ്റത്തൂവല്‍
ഒരു പ്രകാശകിരണവുമായി ഉരസിപ്പോയാല്‍
ഒരു വിളികേള്‍ക്കും: ‘ദയവായി, നിശ്ശബ്ദത!’
ഇങ്ങനെയാണ് ശബ്ദമില്ലാതെ
നടക്കാന്‍ പഠിപ്പിച്ചത്:


ആനയെ അവന്റെ വരമ്പില്‍
മനുഷ്യനെ അവന്റെ ഭൂമിയില്‍.
മരങ്ങള്‍ വയലുകള്‍ക്ക് മീതെ
നിശ്ശബ്ദമായി പൊങ്ങിവരികയായിരുന്നു:
പേടിച്ചരണ്ടവന്റെ രോമങ്ങള്‍
എണീറ്റു വരുന്നതുപോലെ.


(സച്ചിദാനന്ദന്‍ വിവര്‍ത്തനം ചെയ്ത ഒരു പോളിഷ് കവിത)


കെന്‍ നിക്കോള്‍സ് ഒകാഫ് എന്നു പേരുള്ള ഒരു അമേരിക്കന്‍ ചെറുപ്പക്കാരന്‍. കാതില്‍ കടുക്കനിട്ട് ഷേവ് ചെയ്യാത്ത മുഖം. ഓര്‍ക്കുന്നുവോ നിങ്ങളീ ചെറുപ്പക്കാരനെ. നൂറുകണക്കിന് സുഹൃത്തുക്കളെയും കൂട്ടി, അമേരിക്ക ഇറാഖിനു മേല്‍ കിരാതമായ ആക്രമണം അഴിച്ചുവിടുന്നതിന് മുമ്പ് ഇറാഖിലേക്ക് പോയി; ഇറാഖികളോടൊപ്പം നിന്ന് മനുഷ്യകവചം തീര്‍ത്ത് മരിക്കാന്‍ തയാറെടുത്ത് കൊണ്ട്. ഒരു ടി.വി അഭിമുഖത്തില്‍ നിക്കോള്‍സിനോട് ‘നിങ്ങള്‍ക്ക് മരിക്കാന്‍ പേടിയില്ലേ?’ എന്ന് ചോദിച്ചപ്പോള്‍ ആ ചെറുപ്പക്കാരന്‍ തിരിച്ചു ചോദിച്ചു:


‘ഇക്കാലത്ത് സ്വാസ്ഥ്യത്തോടെ ജീവിക്കാന്‍ നിങ്ങള്‍ക്കാവുന്നുണ്ടെങ്കില്‍ അതേക്കുറിച്ചാണ് പേടിക്കേണ്ടത്?’
കെന്‍ നിക്കോള്‍സ് ഓകിഫ് പറഞ്ഞ മറുപടി ഇന്നത്തെ ഇന്ത്യയുടെ അവസ്ഥയിലും ഏറെക്കുറെ പ്രസക്തമാണ്. പൗരസ്വാതന്ത്ര്യം ഹനിക്കപ്പെടുമ്പോള്‍, അനീതി പെരുമഴപോലെ പെയ്യുമ്പോള്‍ നിങ്ങള്‍ക്ക് സ്വാസ്ഥ്യത്തോടെ, സമാധാനത്തോടെ, സന്തോഷത്തോടെയിരിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ അതേക്കുറിച്ചാണ് ഭയപ്പെടേണ്ടത്.
മഹാത്മാഗാന്ധിയെ വെടിവച്ചു കൊന്ന ഗോഡ്‌സേയുടെ പ്രത്യയശാസ്ത്രത്തിന് മേല്‍ക്കൈ ലഭിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ നാട്ടില്‍ പൗരസ്വാതന്ത്ര്യം ഹനിക്കപ്പെടുകയാണ്.

വെടിവച്ചു കൊന്നതിന് ശേഷം അത് ഏറ്റുമുട്ടല്‍ കൊലയാക്കാം. നിരപരാധികളെ കല്‍ത്തുറങ്കിലാക്കാം. എതിര്‍ശബ്ദങ്ങളെ ബുള്‍ഡോസര്‍ വച്ച് വീട് തകര്‍ത്ത് ഇല്ലാതാക്കാം. ഒരു പ്രത്യേക വിഭാഗത്തെ മുന്നില്‍ കണ്ടുള്ള വിദ്വേഷപ്രചാരണമാണ് ഇന്ന് നടക്കുന്നത്. വളരെ ആസൂത്രിതമായാണ് വെറുപ്പ് പ്രചരിപ്പിക്കുന്നവര്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്.


പ്രമുഖ ചിന്തകന്‍ ഡോ. പി.കെ പോക്കര്‍ എഴുതുന്നു: ‘ഒരു ദേശത്തെയോ, പ്രദേശത്തെയോ കീഴടക്കാന്‍ ആ പ്രദേശത്തെ ജനതയെ അപരവല്‍ക്കരിച്ചും ചെകുത്താന്‍വല്‍ക്കരിച്ചും നടത്തുന്ന പ്രത്യയശാസ്ത്രപ്രവര്‍ത്തനം എന്നും മൂലധന ചൂഷണവ്യവസ്ഥിതിയുടെ ഭാഗമാണ്. വാസ്തവത്തില്‍ ആഗോളതലത്തിലും ആഭ്യന്തരമായും ‘അപര/അപരിഷ്‌കൃത’ ചാപ്പ കുത്തലുകളും ‘ഭീകരദേശദ്രോഹ’ചാപ്പകുത്തലും ഉപയോഗിക്കുന്നതിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ തകര്‍ച്ചക്ക് ശേഷമാണ് മുസ്‌ലിം/അറബ് ദേശങ്ങളെ ചെകുത്താന്‍ വല്‍ക്കരിക്കുന്നതിലും കീഴടക്കുന്നതിലും സാമ്രാജ്യത്വം കേന്ദ്രീകരിച്ചത്. കീഴടക്കപ്പെടേണ്ട ജനതയുടെ വസ്ത്രം, മതം, ഭാഷ, വിശ്വാസം മുതലായവയെല്ലാം ഉപയോഗിച്ചാണ് അവരുടെ ‘അപരിഷ്‌കൃതത്വം’വിളംബരം ചെയ്യുക.

ലക്ഷദ്വീപിലും വിഴിഞ്ഞത്തും ഹല്‍ദ്വാനിയിലും ഇപ്പോള്‍ സംഭവിക്കുന്നതും ഇത്തരം അടയാളപ്പെടുത്തല്‍ തന്നെയാണ്. നാളെ അവിടെ ഒരു ജനത അപ്രത്യക്ഷമായാല്‍ അത്ഭുതപ്പെടാന്‍ പോലും ആരുമുണ്ടാവില്ല. കാരണം അതെല്ലാം സ്വാഭാവികമായി സ്വീകരിക്കപ്പെടും!! (പിഴുതെറിയപ്പെടുന്ന മനുഷ്യാവകാശങ്ങള്‍-ബഹുസംസ്‌കാരവും ജ്ഞാനോദയവും-ഡോ. പി.കെ പോക്കര്‍)


വിദ്വേഷപ്രചാരണങ്ങള്‍ ഒരു മതത്തില്‍പ്പെട്ടവര്‍ക്കെതിരേ ഇത്രയേറെ നടക്കുന്ന ഒരു രാജ്യമായി നമ്മുടെ രാജ്യം മാറിപ്പോയി എന്നത് വേദനാജനകമാണ്. വിദ്വേഷസ്വരങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ മൗനം ധൈര്യം പകരുന്നു എന്നുപറഞ്ഞ് കത്തുകളയച്ചത് ഐ.എ.എം അഹമ്മദാബാദിലെയും ഐ.എ.എം ബംഗളൂരുവിലെയും ഫാക്കല്‍റ്റികളും വിദ്യാര്‍ഥികളുമായിരുന്നു.


നേര് പറയേണ്ട വാര്‍ത്താമാധ്യമങ്ങള്‍ പോലും പലപ്പോഴും വാര്‍ത്തകള്‍ മൂടിവയ്ക്കുന്നു. ജാതിശ്രേണിയില്‍ ഉയര്‍ന്നു നില്‍ക്കുന്നു എന്ന് അവകാശപ്പെടുന്നവരില്‍ പെട്ടവര്‍ ലോട്ടറി ടിക്കറ്റു വില്‍ക്കുന്നത് അത്ഭുതവാര്‍ത്തയാണ് നമുക്കിന്ന്. പൊതുബോധം രൂപീകരിക്കുന്നതില്‍ നമ്മുടെ മാധ്യമങ്ങള്‍ക്ക് വലിയ പങ്കുണ്ട്. പൗരസ്വാതന്ത്ര്യം വീണ്ടെടുക്കാന്‍ മത, ജാതി, രാഷ്ട്രീയ വ്യത്യാസം മറന്നുകൊണ്ട് എല്ലാവരും ഒന്നിക്കേണ്ട ഒരു കാലത്താണ് നാം ജീവിക്കുന്നത്. നമ്മുടെ ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ഭാവി നമ്മുടെ പ്രതിരോധത്തിലാണ്.

കഥയും കാര്യവും
വാക്ക് തോക്കിനോട് പറഞ്ഞു:
‘എനിക്ക് നേരെ നീണ്ടുവന്ന നീ
ഒരു നാള്‍ തുരുമ്പിക്കും.
നിന്നെ കൈയിലേന്തിയ ആളെ
ഒരുനാള്‍ പുഴുവരിക്കും.’
എന്നിട്ട് നാടാകെ വാക്ക് പൂത്തണഞ്ഞു നിന്നു.
(മിന്നല്‍ കഥകള്‍)

Content Highlights:When civil liberties are impaired


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.