2023 June 02 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ചീഫ് ജസ്റ്റിസ് എസ്.മണികുമാര്‍ പടിയിറങ്ങുമ്പോള്‍ പിന്‍ഗാമിയാകാന്‍ ജസ്റ്റിസ് എസ്.വി ഭട്ടി

ചീഫ് ജസ്റ്റിസ് എസ്.മണികുമാര്‍ പടിയിറങ്ങുമ്പോള്‍ പിന്‍ഗാമിയാകാന്‍ ജസ്റ്റിസ് എസ്.വി ഭട്ടി

 

ഈ മാസം 24 ന് വിരമിക്കുന്ന ചീഫ് ജസ്റ്റിസിന് യാത്രയയപ്പ് നല്‍കി സര്‍ക്കാര്‍

കൊച്ചി: ചീഫ് ജസ്റ്റിസ് എസ്.മണികുമാര്‍ സര്‍വിസില്‍ നിന്ന് വിരമിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി എസ്.വി ഭട്ടിയെത്തും. എസ്.വി ഭട്ടിയെ ചീഫ് ജസ്റ്റിസ് ആയി നിയമിക്കാന്‍ സുപ്രിംകോടതി കോളീജിയം ശുപാര്‍ശ ചെയ്തു. നിലവിലെ ചീഫ് ജസ്റ്റിസായ എസ് മണികുമാര്‍ ഈ മാസം 24 ന് വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം. രണ്ട് ഹൈക്കോടതികളിലെ മുതിര്‍ന്ന ജഡ്ജി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ അനുഭവം കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നീതി നടപ്പാക്കുന്നതിന് ഉപകരിക്കുമെന്ന് കൊളീജിയം വ്യക്തമാക്കി.

കേരള ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജിയായ എസ്.വി ഭട്ടി ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ സ്വദേശിയാണ്. ബെംഗളൂരുവിലെ ജഗദ്ഗുരു രേണുകാചാര്യ കോളേജില്‍നിന്നാണ് നിയമബിരുദം നേടിയത്. 1987 ലാണ് ആന്ധ്രാപ്രദേശ് ഹൈക്കോടതിയില്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തത്.
പ്രാക്ടീസിനിടെ, വിവിധ ബോര്‍ഡുകളുടെയടക്കം സ്റ്റാന്‍ഡിങ് കൗണ്‍സില്‍ ആയി സേവനം ചെയ്തിട്ടുണ്ട്. 2013 ല്‍ ആന്ധ്രാപ്രദേശ് ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി നിയമിതനായി. 2019 മുതല്‍ കേരള ഹൈക്കോടതിയില്‍ സ്ഥിര ജഡ്ജിയായി. കേരള ഹൈക്കോടതിയുടെ ലീഗല്‍ സര്‍വീസസ് കമ്മിറ്റിയുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ചുവരികയായിരുന്നു. 60 വയസുണ്ട്.

അതേസമയം വിരമിക്കുന്ന ജസ്റ്റിസായ എസ് മണികുമാറിന് സര്‍ക്കാര്‍ യാത്രയയപ്പ് നല്‍കി. ബുധനാഴ്ച വൈകീട്ടു കോവളത്തെ ഹോട്ടലില്‍വെച്ചാണ് യാത്രയയപ്പ് നല്‍കിയത്. മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറി, അഡ്വക്കേറ്റ് ജനറല്‍, ഉന്നത ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തു. ആദ്യമായാണ് ഒരു ചീഫ് ജസ്റ്റിസിന് സര്‍ക്കാര്‍ ഔദ്യോഗിക യാത്രയയപ്പ് നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതിനെതിരേ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

സാധാരണഗതിയില്‍ ഹൈക്കോടതി ഫുള്‍ ബഞ്ച് ചേര്‍ന്ന് യാത്രയപ്പ് നല്‍കാറാണ് പതിവ്. ഹൈക്കോടതി ഫുള്‍ ബെഞ്ചിന്റെ യാത്രയയപ്പ് കഴിഞ്ഞയാഴ്ച നടന്നിരിന്നു. ഇതിന് പിന്നാലെയാണ് കോവളത്ത് സര്‍ക്കാര്‍ യാത്രയയപ്പ് നല്‍കുന്നത്.
ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷ, ലോകായുക്തയുടെ അധികാരം നിര്‍ണയിച്ചുകൊണ്ടുള്ള വിധികള്‍, വിസി നിയമനത്തിന്റെ മാനദണ്ഡം, മാരകരോഗങ്ങള്‍ ബാധിച്ച കുട്ടികള്‍ക്ക് വേണ്ടിയുള്ള പ്രത്യേക ഫണ്ട് രൂപീകരണം, സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്കായി പരാതിപ്പെട്ടികള്‍ സ്ഥാപിക്കണം തുടങ്ങിയവ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്ന നിലയില്‍ എസ് മണികുമാറിന്റെ ശ്രദ്ധേയമായ വിധികളാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.