2023 December 10 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ചാറ്റും കോളും സ്റ്റാറ്റസും ആപ്പിന്റെ താഴെ; വാട്‌സ്ആപ്പ് പുതിയ ഡിസൈനിലേക്ക്, മാറ്റങ്ങള്‍ ഇങ്ങനെ..

ലോകത്തിലെ ഏറ്റവും മികച്ച മെസേജിങ് പ്ലാറ്റ്‌ഫോമാണ് വാട്‌സ്ആപ്പ്. വര്‍ഷങ്ങളായി ഒരേ ഡിസൈനിലുള്ള ഇന്റര്‍ഫേസാണ് വാട്‌സ്ആപ്പ് ഉപയോഗിച്ചുവരുന്നത്. ഉപയോക്താക്കളുടെ മനസറിഞ്ഞ് ഫീച്ചറുകളില്‍ മാറ്റങ്ങള്‍ വരുന്നതില്‍ അതീവ ശ്രദ്ധപുലര്‍ത്താറുണ്ട് വാട്‌സ്ആപ്പ്. എന്നാലിപ്പോള്‍ അടിമുടിമാറാനൊരുങ്ങുകയാണ് വാട്‌സ്ആപ്പ്.

വാബീറ്റാഇന്‍ഫോ പുറത്തുവിട്ട സ്‌ക്രീന്‍ഷോട്ടുകള്‍ അനുസരിച്ച് വര്‍ഷങ്ങളായി കണ്ടുവന്ന വാട്‌സ്ആപ്പിന്റെ ഡിസൈന്‍ പരിഷ്‌കരിച്ചേക്കുമെന്നാണ് സൂചന. ചാറ്റിങ് എക്‌സ്പീരിയന്‍സ് മെച്ചപ്പെടുത്തുന്നതിനുള്ള ഫീച്ചറുകളിലേക്കും ഓപ്ഷനുകളിലേക്കും വേഗത്തില്‍ ആക്‌സസ് നല്‍കുന്നതിനുള്ള സൗകര്യമാണ് പ്രധാനമായി നല്‍കുന്നത്. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായാണ് വാട്‌സ്ആപ്പ് മാറ്റം കൊണ്ടുവരുന്നതെന്നും വാട്‌സ്ആപ്പിന്റെ ഏറ്റവും മുകളിലുള്ള നാവിഗേഷന്‍ ബാര്‍ താഴേക്ക് മാറുമെന്നുമാണ് സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതം വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വാട്‌സ്ആപ്പിന്റെ ആന്‍ഡ്രോയ്ഡ് ബീറ്റാ പതിപ്പുകളിലൊന്നിലാണ് പുതിയ മാറ്റം ആദ്യം പരീക്ഷിക്കുക.

ഇപ്പോള്‍ ഫോണുകളുടെ ഡിസ്‌പ്ലേ വലുതായതോടുകൂടി ചിലര്‍ക്ക് ടാബുകള്‍ മാറിമാറി തെരഞ്ഞെടുക്കുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. എന്നാല്‍ വാബീറ്റ പുറത്തുവിട്ട ദൃശ്യങ്ങള്‍ പ്രകാരം, മാറ്റം വരുന്നതോടെ ചാറ്റുകള്‍, കോളുകള്‍, കമ്മ്യൂണിറ്റികള്‍, സ്റ്റാറ്റസ് തുടങ്ങിയ ടാബുകള്‍ക്ക് താഴേക്ക് നീങ്ങും. നിലവില്‍, ഈ ടാബുകളെല്ലാം ആപ്പിന്റെ മുകളിലാണ് കാണപ്പെടുന്നത്. മാറ്റം വരുന്നതോടെ ഉപയോക്താക്കള്‍ക്ക് ആപ്പിന്റെ താഴേ നിന്ന് വാട്‌സ്ആപ്പിന്റെ വിവിധ വിഭാഗങ്ങള്‍ വേഗത്തില്‍ നാവിഗേറ്റ് ചെയ്യുന്നത് എളുപ്പമാക്കും.

   

ഉപയോക്താക്കള്‍ക്ക് ഏറ്റവും കൂടുതല്‍ ആവശ്യപ്പെട്ട ഫീച്ചറുകളില്‍ ഒന്നാണിതെന്നും അവര്‍ക്ക് മികച്ച മെസേജിങ് ആനുഭവം നല്‍കുന്നതിനായി വാട്‌സ്ആപ്പ് ഒടുവില്‍ വലിയ മാറ്റങ്ങള്‍ വരുത്തുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ചില ഫീച്ചറുകളിലേക്ക് പെട്ടെന്ന് എത്താനുള്ള സൗകര്യം ഒരുക്കുന്നതിനായി സെറ്റിങ്‌സ്, കോണ്ടാക്ട്‌സ് ഇന്‍ഫോ എന്നിവയില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള സാധ്യതയുമുണ്ട്.

ഉപയോക്താക്കളുടെ സുരക്ഷയ്ക്കായി പുതിയ ചാറ്റ് ലോക്ക് ഫീച്ചര്‍ വാട്‌സ്ആപ്പ് പരീക്ഷിക്കുന്നതായും അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു. ഉപയോക്താക്കള്‍ക്ക് സ്വകാര്യ ചാറ്റുകള്‍, കോണ്‍ടാക്ടുകള്‍, ഗ്രൂപ്പുകള്‍ എന്നിവ ലോക്ക് ചെയ്യാന്‍ കഴിയും എന്നതാണ് ചാറ്റ് ലോക്ക് ഫീച്ചറിന്റെ പ്രത്യേകത. മെസേജിങ് ആപ് ലോക്ക് ചെയ്യാനുള്ള ഓപ്ഷന്‍ വാട്‌സ്ആപ്പ് ഇതിനകം തന്നെ നല്‍കുന്നുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.