2023 ഫെബ്രുവരി മാസത്തില്‍ വാട്‌സ്ആപ്പ് ഇന്ത്യയില്‍ നിരോധിച്ചത് 45 ലക്ഷം അക്കൗണ്ടുകള്‍. ഫെബ്രുവരി ഒന്നിനും 28 നും ഇടയില്‍ 4,597,400 വാട്ട്‌സ്ആപ്പ് അക്കൗണ്ടുകള്‍ നിരോധിച്ചതായി മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ് അറിയിച്ചു. ജനുവരിയില്‍ 29 ലക്ഷവും നവംബറില്‍ ഏകദേശം 37 ലക്ഷം അക്കൗണ്ടുകളും നിരോധിച്ചിരുന്നു. ഇന്ത്യയുടെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമം, 2021 ന്റെ ഭാഗമായുള്ള പ്രതിമാസ റിപ്പോര്‍ട്ടിലാണ് വാട്‌സ്ആപ്പ് പുതിയ വിവരങ്ങള്‍ പുറത്തുവിട്ടത്.
13 ലക്ഷത്തിനടുത്ത് അക്കൗണ്ടുകള്‍ ഉപഭോക്താക്കളുടെ പരാതി വരുന്നതിന് മുന്‍പ് തന്നെ നിരോധിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്ത് ഏകദേശം 50 കോടി ഉപയോക്താക്കളുള്ള വാട്‌സാപ്പിന് ഫെബ്രുവരിയില്‍ ഇന്ത്യയില്‍ നിന്ന് 2804 പരാതികള്‍ ലഭിക്കുകയും ഇതില്‍ 495 കേസില്‍ നടപടി സ്വീകരിക്കുകയും ചെയ്തു.
ഐ.ടി നിയമങ്ങള്‍ അനുസരിച്ച് അഞ്ച് ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ എല്ലാ മാസവും ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കണം. അതില്‍ ലഭിച്ച പരാതികളുടേയും സ്വീകരിച്ച നടപടികളുടേയും വിശദാംശങ്ങള്‍ സൂചിപ്പിക്കണം.
വാട്‌സാപ്പിന് ഇന്ത്യയില്‍ ഒരു പരാതി സെല്‍ ഉണ്ട്. ഏതൊരു ഉപയോക്താവിനും ഇമെയില്‍ അല്ലെങ്കില്‍ സ്‌നൈല്‍ മെയില്‍ വഴി കംപ്ലെയിന്‍സ് ഓഫിസറെ ബന്ധപ്പെടാം. കമ്പനിയുടെ നയങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും ലംഘിക്കുന്ന അക്കൗണ്ടുകള്‍ സാധാരണയായി നിരോധിക്കുമെന്ന് വാട്‌സാപ് നേരത്തേ വ്യക്തമാക്കിയിരുന്നു.
Comments are closed for this post.