2021 March 04 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം; സഊദി വാട്‍സ്ആപ്പിനെ കയ്യൊഴിയുന്നു

അബ്‌ദുസ്സലാം കൂടരഞ്ഞി

      റിയാദ്: സോഷ്യൽ മീഡിയയിലെ അതികായരായ വാട്‍സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയത്തിന്റെ ഭാഗമായി സഊദിയിൽ ഭൂരിഭാഗം ആളുകളും വാട്‍സ്ആപ്പ് മെസെഞ്ചറിനെ കയ്യൊഴിയുന്നതായി പഠനം. സഊദി പോൾ അകൗണ്ട് ട്വിറ്ററിൽ നടത്തിയ പോളിങ്ങിലാണ് മുക്കാൽ ശതമാനത്തിലധികം ആളുകളും വാട്‍സ്ആപ്പിനെ കയ്യൊഴിയുന്നതായി പ്രതികരിച്ചത്. വാട്‍സ്ആപ്പിന്റെ പുതിയ സ്വാകാര്യത നയത്തിൽ മനം മടുത്ത് ഇവർ സമാനമായ കൂടുതൽ സുരക്ഷിതത്വം നൽകുന്ന ആപ്ലിക്കേഷനുകളിലേക്ക് മാറുന്നതായാണ് സൂചിപ്പിക്കുന്നത്. ഒന്നര ലക്ഷത്തോളം ആളുകളാണ് പോളിങ്ങിൽ പങ്കെടുത്തത്.

     സ്വകാര്യതാ നയങ്ങൾ മാറ്റിയതിനുശേഷം വാട്ട്‌സ്ആപ്പ് അപ്ലിക്കേഷന് പകരമായി ഒരു തൽക്ഷണ സന്ദേശമയയ്‌ക്കൽ അപ്ലിക്കേഷൻ ഉപയോഗിക്കുമോ? എന്നതായിരുന്നു സഊദി പോൾ ട്വിറ്ററിലൂടെ ചോദിച്ചത്. എന്നാൽ, 141,202 ആളുകൾ പങ്കെടുത്ത പോളിങ്ങിൽ 77 ശതമാനം ആളുകളും വാട്‍സ്ആപ്പിന് പകരം സമാനമായ മറ്റു ആപ്പുകളിലേക്ക് മാറുമെന്നാണ് രേഖപ്പെടുത്തിയത്. അതേസമയം 19 ശതമാനം ആളുകൾ മാത്രമാണ് മാറുന്നില്ല എന്ന് രേഖപ്പെടുത്തിയത്.

     ഫെബ്രുവരി എട്ടു മുതൽ തങ്ങളുടെ സ്വകാര്യതാ നയം അംഗീകരിക്കുന്നവർക്ക് മാത്രമേ വാട്‍സ്ആപ്പ് ഉപയോഗിക്കാൻ പറ്റൂ എന്നായിരുന്നു വാട്‍സ്ആപ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ശക്തമായ എതിർപ്പിനൊപ്പം ആളുകൾ കൂട്ടത്തോടെ മറ്റു മെസഞ്ചറുകളിലേക്ക് മാറുകയും ചെയ്‌തതോടെ മാർച്ച് വരെ ഇത് നടപ്പാക്കുന്നില്ല എന്ന് അറിയിച്ചിരുന്നു. പുതിയ പ്രൈവസി പോളിസി പ്രഖ്യാപിച്ചതിന് ശേഷം ലക്ഷക്കണക്കിന് ആളുകളാണ് വാട്‍സ്ആപ്പ് ഒഴിവാക്കി സിഗ്നൽ, ടെലഗ്രാം പോലെയുള്ള മറ്റു മെസഞ്ചറുകളിലേക്ക് കൂടി മാറിയത്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.