2024 March 02 Saturday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

‘അത് തുരങ്കമല്ല, കോണ്‍ക്രീറ്റ് ചാനലുകള്‍’ ഹമാസിന്റെ ടണലുകള്‍ കണ്ടെത്തിയെന്ന ഇസ്‌റാഈല്‍ വാദം വീണ്ടും പൊളിച്ച് ഫലസ്തീനികള്‍

‘അത് തുരങ്കമല്ല, കോണ്‍ഗ്രീറ്റ് ചാനലുകള്‍’ ഹമാസിന്റെ ടണലുകള്‍ കണ്ടെത്തിയെന്ന ഇസ്‌റാഈല്‍ വാദം വീണ്ടും പൊളിച്ച് ഫലസ്തീനികള്‍

ഗസ്സ: ഗസ്സയിലെ അല്‍ ഷിഫ ആശുപത്രിയില്‍ ഹമാസിന്റെ തുരങ്കം കണ്ടെത്തിയെന്ന വാദവുമായി വീണ്ടും ഇസ്‌റാഈല്‍. ഇസ്‌റാഈല്‍ ഡിഫന്‍സ് ഫോഴ്‌സിന്റെ ഔദ്യോഗിക പേജിലാണ് ഇക്കാര്യം പുറത്തു വിട്ടിരിക്കുന്നത്. എന്നാല്‍ ഇതിന് പിന്നാലെ ഇസ്‌റാഈലിന്റെ അബദ്ധം ചൂണ്ടിക്കാണിച്ച് ഫലസ്തീനികള്‍ രംഗത്തെത്തി. അല്‍ ഷിഫ ആശുപത്രിയില്‍ ഇസ്‌റാഈല്‍ കണ്ടെത്തിയെന്ന് പറയുന്ന തുരങ്കം ജനറേറ്റര്‍ റൂമില്‍ നിന്ന് മറ്റു കെട്ടിടങ്ങളിലേക്കുള്ള ഇലക്ട്രിസിറ്റി കേബിളുകള്‍ വ്യാപിപ്പിക്കാനുള്ള കോണ്‍ഗ്രീറ്റ് ചാനലുകളാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. റന്‍തീസി ആശുപത്രിയില്‍ നിന്നുള്ള തുരങ്കമെന്ന് പറയുന്ന ചിത്രങ്ങളും ഇസ്‌റാഈല്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെക്കുന്നുണ്ട്.

‘ഇതില്‍ഒരു തുരങ്കം നിധിയിലേക്കുള്ള വാതിലാണോ? വല്ല അലാവുദ്ദീന്റെ അദ്ഭുത വിളക്കും കണ്ടെത്താനാകുമോ എന്ന് കൂടി പരിശോധിക്കൂ. അതുവഴിയെങ്കിലും ലോകം നിങ്ങളെ വിശ്വസിച്ചേക്കും’ എന്നാണ് ഇസ്‌റാഈലിനെ പരിഹസിക്കുന്ന ഒരു ട്വീറ്റ്.

നേരത്തേയും ഹമാസിന്റെ തുരങ്കം കണ്ടെത്തിയെന്ന അവകാശ വാദവുമായി ഇസ്‌റാഈല്‍ രംഗത്തെത്തിയിരിന്നു. എന്നാല്‍ മാലിന്യപ്ലാന്റ് ആണെന്ന് നെറ്റിസണ്‍സ് പൊളിച്ചടുക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം അല്‍ ഷിഫ ആശുപത്രിയില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയെന്ന ഇസ്‌റാഈല്‍ വീഡിയോയും ഫല്‌സതീനികള്‍ പൊളിച്ചടുക്കിയിരുന്നു. അല്‍ശിഫ ആശുപത്രിയില്‍നിന്ന് ഒന്നും കണ്ടെത്താനാവാതെ ഇസ്‌റാഈല്‍ സൈന്യം മടങ്ങിയെന്ന് ഗസ്സ സര്‍ക്കാരിന്റെ മീഡിയാ ഓഫിസ് അറിയിച്ചു. നുണകളും വ്യാജപ്രചാരണങ്ങളും തെളിയിക്കുന്നതില്‍ ഇസ്‌റാഈല്‍ പരാജയപ്പെട്ടെന്നും ഗസ്സ സര്‍ക്കാര്‍ വ്യക്തമാക്കി.

അതേസമയം, അല്‍ഷിഫ ആശുപത്രിയെ സൈനികത്താവളമാക്കിയിരിക്കുകയാണ് ഇസ്‌റാഈല്‍. ഹമാസ് ബന്ദികളെ പാര്‍പ്പിച്ചത് ആശുപത്രിക്ക് കീഴിലുള്ള ടണലുകളിലാണെന്ന് ആരോപിച്ചാണ് സൈന്യം ഗസ്സയിലെ ആശുപത്രിക്ക് നേരെ ആക്രമണം നടത്തുന്നത്.

അല്‍ശിഫ ആശുപത്രിക്ക് നേരെ രൂക്ഷമായ ആക്രമണമാണ് ഇസ്‌റാഈല്‍ ഇപ്പോഴും നടത്തുന്നത്. ആശുപത്രിയിലെ മരുന്നുകളുടെയും മെഡിക്കല്‍ ഉപകരണങ്ങളുടെയും സംഭരണശാല ഇസ്‌റാഈല്‍ തകര്‍ത്തു. ഒഴിഞ്ഞുപോകണമെന്ന് ഡോക്ടര്‍മാരെ ഭീഷണിപ്പെടുത്തി. എല്ലാ ദിശകളില്‍നിന്നും ഇസ്‌റാഈല്‍ സൈനിക ടാങ്കുകള്‍ അല്‍ശിഫ ആശുപത്രിയെ വളഞ്ഞിരിക്കുകയാണ്.

ആറു ടാങ്കുകളുടെ അകമ്പടിയോടെ നൂറു കമാന്‍ഡോകളാണ് അല്‍ ഷിഫയിലേക്ക് കടന്നുകയറിയത്. എത്തിയ ഉടന്‍ 16നും 40നും ഇടയിലുള്ള എല്ലാ പുരുഷന്മാരെയും സൈന്യം ചോദ്യം ചെയ്തു. ഓരോ മുറികളും അരിച്ചുപെറുക്കി. അകത്തുള്ളവരോട് ഉടന്‍ പുറത്തുവരാന്‍ ആവശ്യപ്പെട്ട് ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ചെയ്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.