2021 July 27 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പെഗാസസ്: ഒളിഞ്ഞിരുന്ന് വിവരം ചോര്‍ത്തുന്ന ‘പറക്കുംകുതിര’- എങ്ങനെ പ്രവർത്തിക്കുന്നുവെന്നറിയാം

ഇസ്‌റാഈലി സ്‌പൈവെയറായ പെഗാസസ് ഉപയോഗിച്ച് ഇന്ത്യയിലെ പ്രമുഖരുടെ ഫോണ്‍ ചോര്‍ത്തിയെന്ന വിവരം പുറത്തുവന്നത് വലിയ പ്രതിഷേധത്തിലേക്ക് നയിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കളും മാധ്യമപ്രവര്‍ത്തകരും മന്ത്രിമാരും ഉള്‍പ്പെടെ മുന്നൂറിലേറെ പേരുടെ വിവരങ്ങള്‍ ഇങ്ങനെ ചോര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്.

നിഗൂഢമായി, ഉപയോക്താവ് അറിയാതെ പെഗാസസ് പ്രവർത്തിക്കുന്നതിങ്ങനെ

എം.എം.എസ് വഴിയുള്ള ലിങ്കുകള്‍, വാട്‌സ്ആപ്പ്, മിസ്ഡ് വിഡിയോ കോള്‍ തുടങ്ങിയവ വഴി ഉപഭോക്താവ് അറിയാതെ പെഗാസസ് സോഫ്റ്റ്‌വെയര്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാം. ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങളിലെ ലിങ്ക് വഴിയും ഇത്തരം സോഫ്റ്റ്‌വെയറുകള്‍ ഫോണിലോ കംപ്യൂട്ടറിലോ ഇന്‍സ്റ്റാള്‍ ചെയ്യാനാവും.

സീറോ ക്ലിക്ക്

  • ഉപഭോക്താവിന്റെ യാതൊരു ഇടപെടലുമില്ലാതെ തന്നെ ഫോണ്‍ ചോര്‍ത്താന്‍ പെഗാസസിനു കഴിയും. പാസ്‌വേര്‍ഡുകള്‍, ഫോണ്‍ നമ്പരുകള്‍, എസ്.എം.എസ്, ലൈവ് കോളുകള്‍ എന്നിവയെല്ലാം ചോര്‍ത്താം. ഫോണ്‍ കാമറ, മൈക്രോഫോണ്‍ എന്നിവ ഓണ്‍ ചെയ്യാനും സോഫ്റ്റ്‌വെയറിനു ശേഷിയുണ്ട്. ഉപഭോക്താവ് ഫോണ്‍ ഉപയോഗിക്കുന്നില്ലെങ്കിലും ഇതിലൂടെ സംഭാഷങ്ങള്‍ കേള്‍ക്കാനും കാണാനും കഴിയും.
  • ഉപഭോക്താവിനെക്കാള്‍ ഫോണില്‍ നിയന്ത്രണം ഈ സ്‌പൈവെയറിനായിരിക്കും. സീറോ ക്ലിക് രീതിയില്‍ ഫോണ്‍ ചോര്‍ത്തുന്നത് തിരിച്ചറിയാന്‍ പ്രയാസമാണ്.

ചോര്‍ത്തിയെടുത്ത് സ്വയം മറയും

  • 10 രാജ്യങ്ങളില്‍നിന്നുള്ള 60 മാധ്യമപ്രവര്‍ത്തകരുടെയും ആക്ടിവിസ്റ്റുകളുടെയും ഫോണുകള്‍ പരിശോധിച്ചാണ് ആംനസ്റ്റി ഇന്റര്‍നാഷണല്‍ സെക്യൂരിറ്റി ലാബ് ചോര്‍ത്തല്‍ കണ്ടെത്തിയത്. ഒരു നിശ്ചിത കാലം കഴിഞ്ഞാല്‍ പെഗാസസ് സോഫ്റ്റ്‌വെയര്‍ സ്വയം അണ്‍ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്നതിനാല്‍ എല്ലാ ഫോണിലും പരിശോധനയില്‍ ഇതു കണ്ടെത്തുക എളുപ്പമല്ല. എന്നാല്‍ ഐ ഫോണ്‍ പോലുള്ള അതീവ സുരക്ഷയുള്ള ഫോണുകളില്‍ ഇതിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിവരം ലോഗില്‍നിന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്താം.
  • ഫോണുകളിലെ സാധാരണ മാല്‍വെയറും പെഗാസസ് സ്‌പൈവെയറും തമ്മിലുള്ള വ്യത്യാസം ഈ മേഖലയില്‍ വിദഗ്ധരായവര്‍ക്കു മാത്രമേ കണ്ടെത്താന്‍ പറ്റുകയുള്ളൂ. രണ്ടും തമ്മിലുള്ള വ്യത്യാസം തിരിച്ചറിഞ്ഞത് വിശദമായ അനാലിസിസ് റിപ്പോര്‍ട്ട് ആംനസ്റ്റി സെക്യൂരിറ്റി ലാബ് പുറത്തുവിട്ടിട്ടുണ്ട്. ഫോണ്‍ ഫാക്ടറി റീസെറ്റ് ചെയ്തിട്ടുണ്ടെങ്കിലും ഇതിലെ ചോര്‍ത്തല്‍ സംബന്ധിച്ച വിവരങ്ങള്‍ കണ്ടെത്താന്‍ പ്രയാസമാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.