2021 April 16 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഡിജിറ്റല്‍ ലോകത്ത് നിങ്ങള്‍ നഗ്നരാണ്; ഊഹങ്ങള്‍ പോലും ഒപ്പിയെടുക്കുന്ന ഇന്റര്‍നെറ്റ് ഓഫ് ബിഹേവിയര്‍

 

വാട്‌സ്ആപ്പ് ഈയിടെ തങ്ങളുടെ സ്വകാര്യതാ നയം പുതുക്കി അവതരിപ്പിച്ചതോടെ ഉണ്ടായ പുകില്‍, മറ്റൊരു ആപ്പിലേക്ക് മാറാനുള്ള ക്യാംപയിനിലേക്ക് വഴിമാറിയത് പെട്ടെന്നായിരുന്നു. ആളുകള്‍ തങ്ങളുടെ സ്വകാര്യതയില്‍ ഇത്രത്തോളം ജാഗരൂകരായിരുന്നോ എന്ന് അതിശയിപ്പിച്ചുകളഞ്ഞു. എന്തൊക്കെയോ നഷ്ടപ്പെട്ടുപോകുമെന്ന ആ ഭയം വാട്‌സ്ആപ്പിന്റെ കാര്യത്തില്‍ മാത്രം മതിയോ?

ഇന്റര്‍നെറ്റ് ഓഫ് ബിഹേവിയര്‍

സ്മാര്‍ട്ട് ഉപകരണങ്ങളെയെല്ലാം പരസ്പരം ബന്ധിപ്പിച്ച് വിവരകൈമാറ്റം സാധ്യമാക്കുന്ന ശൃംഖലയാണ് ഇന്റര്‍നെറ്റ് ഓഫ് തിങ്ക്‌സ്. കുറച്ചധികം കാലമായി ഇതേപ്പറ്റി കേള്‍ക്കുന്നു. എന്നാല്‍ ഇന്റര്‍നെറ്റ് ഓഫ് ബിഹേവിയര്‍ (ഐ.ഒ.ബി) അവിടംകൊണ്ട് നില്‍ക്കില്ല. വിവരങ്ങള്‍ക്കപ്പുറത്ത് ഉപയോക്താവിന്റെ പെരുമാറ്റം കൂടി കൈമാറ്റം ചെയ്യപ്പെടും. അതിനായി പ്രത്യേകം സോഫ്റ്റ്‌വെയറൊന്നും വേണ്ട. നമ്മളുപയോഗിക്കുന്ന ഓരോ ഉപകരണവും ഓരോ വെബ്‌സൈറ്റുകള്‍ പോലെ പ്രവര്‍ത്തിക്കും. ലൊക്കേഷന്‍, ഫേഷ്യല്‍ റെകഗ്നിഷന്‍ തുടങ്ങി ഓരോ പെരുമാറ്റവും നിരീക്ഷപ്പെടും. ഏറ്റവും അടുത്തനിമിഷം ഉപയോക്താവ് എന്താണ് ചെയ്യാനാഗ്രഹിക്കുന്നതെന്നുപോലും അറിഞ്ഞ് അതനുസരിച്ചുള്ള കച്ചവട സാധ്യതകള്‍ മുന്നില്‍ തുറക്കും.

നിലവില്‍ വിവരം ശേഖരിക്കുന്നില്ലേ?

സോഷ്യല്‍ മീഡിയ, സെര്‍ച്ച് എന്‍ജിന്‍ തുടങ്ങി സോഫ്റ്റ്‌വെയറുകളിലൂടെ നമ്മുടെ വിവരങ്ങള്‍ യഥേഷ്ടം കമ്പനികള്‍ ഉപയോഗിക്കുകയും അതനുസരിച്ച് അവര്‍ കച്ചവടമാക്കുകയും ചെയ്യുന്നുണ്ട് നിലവില്‍. എന്നാല്‍ ഐ.ഒ.ബി സൗകര്യംകൂടി വരുന്നതോടെ, സ്മാര്‍ട്ട്‌ഫോണ്‍, ലാപ്‌ടോപ്, വോയിസ് അസിസ്റ്റന്റ് (അലക്‌സ പോലെ), വീട്ടിലെയും കാറിലെയും ക്യാമറകള്‍, മറ്റു ഡിവൈസുകള്‍ എല്ലാം നമ്മുടെ പെരുമാറ്റ വിവരങ്ങള്‍ ശേഖരിക്കും. ഇവയെല്ലാം വന്‍ കമ്പനികള്‍ ഉപയോഗപ്പെടുത്തുമെന്ന് തീര്‍ച്ച.

അതിന് നമ്മള്‍ സമ്മതിക്കേണ്ടേ?

സമ്മതം ചോദിക്കും. അത് പല രൂപത്തിലായിരിക്കുമെന്ന് മാത്രം. ഉദാഹരണത്തിന്, ഇപ്പോള്‍ വിപണിയിലുള്ളൊരു തന്ത്രം പറയാം. വമ്പന്‍ ഫീച്ചറുകളോടെ ഇറങ്ങുന്ന പല സ്മാര്‍ട്ട്‌ഫോണുകളും തുടക്കത്തില്‍ തന്നെ തുച്ഛമായ വിലയില്‍ ലഭ്യമാക്കുന്നു. അപ്പോള്‍ അവര്‍ക്ക് എവിടുന്നാണ് ലാഭം എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഫോണിന്റെ ഹാര്‍ഡ്‌വെയറിന്റെ വില ഒത്തുനോക്കുമ്പോള്‍ വലിയ ലാഭം ഉണ്ടാകണമെന്നില്ല. അവിടെയാണ് കമ്പനികള്‍ പരസ്യത്തിന്റെ സാധ്യത ഉപയോഗപ്പെടുന്നത്. ഡിവൈസ് നിങ്ങള്‍ക്ക് കുറഞ്ഞവിലയില്‍ തരും. പകരം, നിങ്ങളുടെ ആജീവനാന്ത കച്ചവടം ആ ഡിവൈസിലൂടെ ഉറപ്പിക്കാനാവശ്യമായ ഡീല്‍ ഒളിഞ്ഞിരിപ്പുണ്ടാവും.

പതിയിരിക്കുന്ന അപകടങ്ങള്‍

2023 ഓടെ ലോകജനതയുടെ 40 ശതമാനവും ഐ.ഒ.ബി മുഖേന നിരീക്ഷണത്തിലായിരിക്കുമെന്നാണ് സാങ്കേതികവിദ്യാ രംഗത്തെ ഗവേഷക കൂട്ടായ്മയായ ഗാര്‍ട്‌നെര്‍ വ്യക്തമാക്കുന്നത്. കച്ചവടത്തിനായി ഇത് ഉപയോഗപ്പെടുത്തുമെന്ന് തീര്‍ച്ച. പക്ഷേ, ആശങ്ക അവിടെ തീരുന്നില്ല. അത്തരം ആശങ്കകളിലേക്ക് നയിക്കുന്ന ചില സീനുകള്‍ പറയാം:

  • സ്മാര്‍ട്ട്‌ലോക്ക് ചെയ്തിരിക്കുന്ന വീട് കൊള്ളയടിക്കാന്‍ വേണ്ടി ഹാക്ക് ചെയ്യുന്നു. കാര്‍ തട്ടിയെടുക്കാന്‍ വേണ്ടി ഗാരേജ് ഡോര്‍ ഹാക്ക്‌ചെയ്ത് തുറക്കുന്നു, വീട്ടിനുള്ളിലെ ഉപകരണങ്ങള്‍ നശിപ്പിക്കാന്‍ വേണ്ടി, അല്ലെങ്കില്‍ ആളുകളെ കൊല്ലാന്‍ വേണ്ടി ഹീറ്ററിന്റെ ചൂട് കൂട്ടിയിടുന്നു, വെറുതെ ഒരു രസത്തിന് റഫ്രിജറേറ്റര്‍ ഓഫ് ചെയ്യുന്നു.
  • കണക്ട് ചെയ്യപ്പെട്ട, ഡ്രൈവറില്ലാ കാര്‍ ഹാക്ക് ചെയ്ത് അപകടത്തില്‍പ്പെടുത്തുന്നു, എത്തേണ്ട സ്ഥലത്തിന് പകരം തെറ്റായ ദിശ കാണിക്കുന്നു.
  • അടിയന്തരമായി ആശുപത്രികളില്‍ നിന്ന് എത്തേണ്ട മരുന്നുകളുമായി കുതിക്കുന്ന റോബോട്ടിന്റെ ഹാക്ക്‌ചെയ്ത് വഴിമാറ്റിവിടുന്നു.
  • ഫാക്ടറികളില്‍ പ്രവര്‍ത്തിക്കുന്ന റോബോട്ടുകളെ ഹാക്ക്‌ചെയ്ത് പ്രവര്‍ത്തനം താളംതെറ്റിക്കുന്നു.

ഇവയെല്ലാം അധാര്‍മിക മേഖലയില്‍ പുത്തന്‍ സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്താലുണ്ടായേക്കാവുന്ന ദുരന്തങ്ങള്‍. ഇങ്ങനെയൊക്കെ സംഭവിക്കുമോയെന്ന് പുച്ഛിക്കേണ്ട. ഈയിടെ വന്ന വാര്‍ത്ത അതിലേക്ക് വെളിച്ചംവീശും. ചൈനീസ് കമ്പനിയായ കിയു നിര്‍മിച്ച ചാസ്റ്റിറ്റി ബെല്‍റ്റ് എന്ന സ്മാര്‍ട്ട് ടോയ് കൊണ്ട് സ്വകാര്യഭാഗം പൂട്ടിയിട്ടയാള്‍ക്ക് വന്‍ അബദ്ധം പറ്റി. മൊബൈല്‍ ആപ്പ് വഴി ബന്ധിപ്പിച്ച് ദൂരെനിന്ന് നിയന്ത്രിക്കാവുന്ന ഈ ഉപകരണം ഹാക്ക്‌ചെയ്ത് ഹാക്കര്‍മാര്‍ റാന്‍സം ചോദിച്ചു. പണമായിട്ടൊന്നുമല്ല, പണം ആര്‍ക്കുവേണം ഡിജിറ്റല്‍ ലോകത്ത്. ബിറ്റ്‌കോയിനാണത്രേ വേണ്ടത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.