2021 December 04 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സിറിയ: അലെപ്പോയില്‍ സംഭവിക്കുന്നത്, സമഗ്ര വിവരങ്ങള്‍

റസാഖ് എം അബ്ദുല്ല

സിറിയ എന്ന മിഡില്‍ ഈസ്റ്റ് രാജ്യത്തെ ജനങ്ങള്‍ മരിച്ചുജീവിക്കുന്ന രംഗങ്ങള്‍ കാണാന്‍ തുടങ്ങിയിട്ട് കുറച്ചുവര്‍ഷങ്ങളായി. ഇന്നിപ്പോള്‍ അലെപ്പോ നഗരത്തെപ്പറ്റിയുള്ള വാര്‍ത്തകള്‍ ലോകമനസാക്ഷിയെ ഞെട്ടിക്കുകയാണ്. എന്താണ് അവിടെ നടക്കുന്നതെന്നതിനെപ്പറ്റി സമഗ്ര വിവരണം:


യു.എന്‍ അഭയാര്‍ഥി ഏജന്‍സി ലോകത്തിനു മുമ്പില്‍ കൈ നീട്ടുകയാണ്. സിറിയയ്ക്കു വേണ്ടി എന്തെങ്കിലും സഹായം ലഭിക്കുമെന്ന പ്രതീക്ഷയില്‍… സഹായം നല്‍കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക… 


 

സിറിയ എവിടെ?

തുര്‍ക്കി, ഇറാഖ്, ജോര്‍ദാന്‍, ഇസ്‌റാഈല്‍, ലബനാന്‍ എന്നീ രാജ്യങ്ങള്‍ അതിര്‍ത്തി പങ്കിടുന്ന ചെറിയൊരു രാജ്യമാണ് സിറിയ. മരുഭൂമിയും ഫലപുഷ്ടിയും ചേര്‍ന്നൊരു ഭൂപ്രകൃതിയാണ് സിറിയയുടേത്. 2.3 കോടി ജനങ്ങള്‍ താമസിക്കുന്നൊരു കൊച്ചുരാജ്യം.

സിറിയന്‍ ഭരണവ്യവസ്ഥ

അസദ് കുടുംബമാണ് 1971 മുതല്‍ സിറിയ ഭരിക്കുന്നത്. ഹാഫിസ് അസദിന്റെ ഭരണശേഷം മകന്‍ ബശാര്‍ അല്‍ അസദ് 2000 ത്തില്‍ അധികാരമേറ്റു.

സമാധാനപരമായ പ്രതിഷേധം എങ്ങനെ കലാപത്തിലെത്തി?

അറബ് വസന്തത്തിന്റെ ഭാഗമായി സിറിയയിലും 2011 ല്‍ ജനാധിപത്യത്തിനു വേണ്ടിയുള്ള മുറവിളികള്‍ തുടങ്ങി. സര്‍ക്കാരിനെതിരെ ചുമരെഴുത്ത് നടത്തിയ കുറച്ചു കുട്ടികളെ 2011 മാര്‍ച്ച് ആറിന് അറസ്റ്റ് ചെയ്തു. ഇവരില്‍ ചിലരെ തടവില്‍ കൊല്ലുകയും ചെയ്തു. ഇത് രാജ്യത്തുടനീളം വലിയ പ്രതിഷേധത്തിന് വകവച്ചു. എന്നാല്‍ കുട്ടികളെ കൊന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാതെ സമരത്തെ അടിച്ചമര്‍ത്താനാണ് ബശാറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ശ്രമിച്ചത്.

വിമതര്‍ ശക്തിപ്പെടുന്നു

സര്‍ക്കാര്‍ സൈന്യത്തിന്റെ വെടിവയ്പ്പും ക്രൂരതയും ആരംഭിച്ചപ്പോള്‍ ബശാര്‍ വിരുദ്ധ മുന്നേറ്റം രാജ്യത്ത് ശക്തമാവുകയായിരുന്നു. 2011 ജൂലൈയില്‍ ഫ്രീ സിറിയന്‍ ആര്‍മി (എഫ്.എസ്.എ) എന്ന വിമത സൈന്യം രൂപീകരിച്ചു. വിവിധ ഗോത്രങ്ങളും സൈന്യത്തിലെ സര്‍ക്കാര്‍ വിരുദ്ധരും ചേര്‍ന്നാണ് ഈ സൈനിക സംഘത്തിന് രൂപംനല്‍കുന്നത്.

ഈ സംഘം രൂപീകരിക്കുന്നതോടെ സര്‍ക്കാരിന്റെയും ഇവരുടെയും പോരാട്ടങ്ങള്‍ക്കിടയില്‍പ്പെട്ട് സാധാരണക്കാര്‍ മരിച്ചുവീഴാന്‍ തുടങ്ങി. ഇരുകൂട്ടരും കൈയ്യും കണക്കുമില്ലാതെ ആയുധങ്ങളുപയോഗിച്ചു.

ഇപ്പോള്‍ നടക്കുന്നതെന്ത്?

സിറിയന്‍ നഗരമായ അലെപ്പോയുടെ ഒരു ഭാഗം സര്‍ക്കാരിന്റെ കൈവശവും മറ്റൊരു ഭാഗം വിമതരുടെ കൈവശവുമാണ്. വിമതരുടെ കൈവശമുള്ള കിഴക്കന്‍ അലെപ്പോയില്‍ റഷ്യയുടെ സഹായത്തോടെ സര്‍ക്കാര്‍ സൈന്യം ശക്തമായ ആക്രമണം നടത്തുകയുണ്ടായി. വ്യോമാക്രമണവും ഹെലികോപ്റ്റര്‍ ബാരല്‍ ബോംബിങും ആയിരക്കണക്കിന് സാധാരണ ജീവിതങ്ങളെ തൂത്തെറിഞ്ഞു.

_93008536_036757759-1

 

ഒടുവില്‍ റഷ്യ- യു.എസ്- സിറിയന്‍ സര്‍ക്കാര്‍ തമ്മില്‍ ഇവിടെ താല്‍ക്കാലിക വെടിനിര്‍ത്തലിന് ധാരണയായി. കിഴക്കന്‍ അലെപ്പോയില്‍ കുടുങ്ങിക്കിടന്ന 3000 പേരെ സമീപത്തെ ഇദ്‌ലിബിലേക്കും മറ്റും ഒഴിപ്പിക്കുകയും ചെയ്തു. പക്ഷെ, ഇനിയും ഇവിടെ ആയിരക്കണക്കിന് പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.

കൂടെ ഐ.എസ് ശല്യവും

അസദിന്റെ കണ്ണില്ലാ ക്രൂരതയ്‌ക്കൊപ്പം ഭീകരസംഘടയായ ഐ.എസിന്റെ ആക്രമണം കൂടിയായപ്പോള്‍ സിറിയക്കാര്‍ക്ക് നില്‍ക്കപ്പൊറുതിയില്ലാതായി. ക്രൂരതയുടെ അങ്ങേയറ്റം വരെ ഐ.എസ് അവിടെ ചെയ്തു കഴിഞ്ഞു.

യുദ്ധം ബാക്കിയാക്കുന്നത്

അഞ്ച് വര്‍ഷത്തിലധികമായി നടക്കുന്ന പരസ്പരാക്രമണത്തില്‍ ഇതുവരെ 4,70,000 പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. ഒന്നരക്കോടിയോളം പേര്‍ അഭയാര്‍ഥികളായി പുറന്തള്ളപ്പെട്ടു. ബാക്കി വരുന്ന ജനങ്ങളെല്ലാം ഭക്ഷണം, വെള്ളം തുടങ്ങി ഒരു മനുഷ്യത്വ സഹായവും കിട്ടാതെ വലയുന്നു.

ഉമറാന്‍ ദഖ്‌നീഷ്

 

2015 ല്‍ വ്യോമാക്രമണം തുടങ്ങിയതു മുതലാണ് സമാനതയില്ലാത്ത ക്രൂരതയ്ക്ക് സിറിയ പാത്രമാകേണ്ടി വന്നത്. അന്നുമുതല്‍ സാധാരണക്കാരും കുട്ടികളും കണക്കില്ലാതെ കൊല്ലപ്പെട്ടു.

അലെപ്പോയില്‍ എന്നു തുടങ്ങി

2016 ഫെബ്രുവരിയിലാണ് അലെപ്പോ നഗരത്തെ ചുറ്റിപ്പറ്റി വലിയ ആക്രമണങ്ങള്‍ നടക്കുന്നത്. നഗരത്തിലേക്കുള്ള റോഡുകള്‍ അടക്കപ്പെട്ടു, എവിടെ നിന്നെങ്കിലും ലഭിച്ചിരുന്ന കാരുണ്യത്തിന്റെ കരങ്ങള്‍ തടുക്കപ്പെട്ടു, അങ്ങനെ സര്‍ക്കാര്‍ ഇവിടെ പൂര്‍ണ ഉപരോധം ഏര്‍പ്പെടുത്തി.

നാടുവിടലിന്റെ തുടക്കം

2012 മുതല്‍ അയല്‍രാജ്യമായ ജോര്‍ദാനിന്റെയും ലബനാനിന്റെയും കാരുണ്യ ഹസ്തം നീണ്ടപ്പോഴാണ് സിറിയന്‍ അഭയാര്‍ഥികള്‍ നാടുവിടാന്‍ തുടങ്ങിയത്. ചെറിയൊരു രക്ഷാത്തുരുത്ത് കണ്ടപ്പോള്‍ അങ്ങോട്ട് പോയതാണ്. പക്ഷെ, അവിടെയും ആവശ്യത്തിന് ഉറവിടങ്ങള്‍ ഇല്ലായിരുന്നു. എങ്കിലും അവര്‍ ആവുന്നത്ര അഭയാര്‍ഥികളെ സ്വീകരിച്ചു.

2013 ഓഗസ്റ്റില്‍ അതിര്‍ത്തി കടന്ന് സിറിയക്കാര്‍ ഇറാഖിലെത്തി. പക്ഷെ, അതിലും വലിയ പ്രതിസന്ധിയായിരുന്നു ഇറാഖിലേത്. ഐ.എസ്, കുര്‍ദ്, സര്‍ക്കാര്‍, യു.എസ് ഇടപെടലുകള്‍ കൊണ്ട് കലാപ കലുഷിതമായ ഇറാഖിലും അവര്‍ക്ക് നില്‍ക്കപ്പൊറുതിയില്ലാതായി.

പിന്നീട് അവര്‍ തുര്‍ക്കിയെ ആശ്രയിക്കാന്‍ തുടങ്ങി. തുര്‍ക്കിയുടെ കരങ്ങള്‍ കാരുണ്യമായെങ്കിലും യൂറോപ്യന്‍ രാജ്യങ്ങളുടെ പിന്തുണയില്ലായ്മ ചെറിയൊരു വിഷമമുണ്ടാക്കി. എങ്കിലും തുര്‍ക്കിയിലുള്ള അഭയാര്‍ഥികള്‍ അവരുടെ സഹായങ്ങള്‍ കൊണ്ട് ചെറിയൊരു സമാധാനത്തിലാണ്.

ഐലാന്‍ കുര്‍ദി

ഐലാന്‍ കുര്‍ദി

 

തുര്‍ക്കി നിറഞ്ഞുകവിഞ്ഞപ്പോഴാണ് സിറിയന്‍ അഭയാര്‍ഥികള്‍ യൂറോപ്യന്‍ രാജ്യങ്ങളെ ആശ്രയിക്കാനൊരുങ്ങുന്നത്. മെഡിറ്ററേനിയന്‍ കടലിലൂടെ അവര്‍ അക്കരെയെത്താനുള്ള ശ്രമമാരംഭിച്ചു. സമാധാനത്തിന്റെ വെള്ളക്കടല്‍ പക്ഷെ, രക്തനിറം പൂകുന്നതാണ് കണ്ടത്. ചെറിയ ബോട്ടുകളിലും വള്ളങ്ങളിലും റബ്ബര്‍ ട്യൂബുകളിലും കുത്തിനിറച്ച് അക്കരെ കടക്കാന്‍ ശ്രമിച്ചവര്‍ അധികവും മറുകര കണ്ടില്ല. അതിന്റെ വലിയൊരു ദുരന്തം വരച്ചുകാട്ടുന്നതായിന്നു ഐലാന്‍ കുര്‍ദിയെന്ന കുട്ടിയുടെ കരയില്‍ മുഖം പൂഴ്ത്തിയുള്ള ചിത്രം.

അഭയാര്‍ഥികള്‍ എത്ര?

syria

 

യു.എന്‍ കണക്കു പ്രകാരം, ഏതാണ്ട് 1.1 കോടി സിറിയക്കാര്‍ അഭയാര്‍ഥികളാണ്. ഇവര്‍ക്കെല്ലാം സ്വന്തം വീടും നാടും നഷ്ടപ്പെട്ടിരിക്കുകയാണ്. ഇതില്‍ 48 ലക്ഷം പേരാണ് അയല്‍രാജ്യങ്ങളെ ആശ്രയിച്ച് നാടുവിട്ടത്. കലാപം തുടങ്ങിയതു മുതല്‍ ഓരോ വര്‍ഷവും അഭയാര്‍ഥികളുടെ എണ്ണം ഇരട്ടിച്ചു വരികയായിരുന്നു.

എല്ലാ അഭയാര്‍ഥികളും ക്യാമ്പിലാണോ?

അല്ല എന്നാണ് ഉത്തരം. പത്തില്‍ ഒരു അഭയാര്‍ഥി മാത്രമാണ് ക്യാമ്പിലെത്തിയതെന്നാണ് യു.എന്‍ കണക്ക്. ബാക്കിയുള്ളവര്‍ അലഞ്ഞുതിരിയുകയാണ്, അതിരില്ലാതെ.

turkey-syrian-refugee-camp-afp

ഒരു അഭയാർഥി ക്യാമ്പ് ദൃശ്യം

 

2012 സാ ആത്താരി എന്ന ജോര്‍ദാന്‍ സംഘടനയാണ് ആദ്യമായി അഭയാര്‍ഥി ക്യാമ്പ് തുറക്കുന്നത്. അഭയാര്‍ഥികള്‍ക്ക് പരമാവധി സൗകര്യമൊരുക്കാന്‍ ഇവര്‍ ശ്രമിക്കുന്നുണ്ട്. 80,000 അഭയാര്‍ഥികളാണ് ഇവിടെ കഴിയുന്നത്. ജോര്‍ദാനിലെ മരുഭൂമിയിലാണ് ഈ ക്യാമ്പ് തുറന്നിരിക്കുന്നത്. വെളുത്ത ടെന്റുകളിലാണ് ഇവിടെ ജീവിതം. ഇവര്‍ക്കു വേണ്ടി 2014 ല്‍ സ്‌കൂളുകളും കമ്മ്യൂണിറ്റി, സെക്യൂരിറ്റി, സൂപ്പര്‍മാര്‍ക്കറ്റ് കേന്ദ്രങ്ങളും തുടങ്ങി.

ഈ ക്യാമ്പ് പ്രവര്‍ത്തിക്കുന്നത് ജോര്‍ദാന്‍ സര്‍ക്കാരിന്റെയും യു.എന്നിന്റെയും നേതൃത്വത്തിലാണ്. ഒപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലഭിക്കുന്ന സഹായത്തിന്റെയും പിന്‍ബലത്തില്‍.

കുട്ടി അഭയാര്‍ഥികള്‍ എത്ര?

മൊത്തം അഭയാര്‍ഥികളില്‍ 25 ലക്ഷം പേര്‍ 18 വയസ്സിനു താഴെയുള്ളവരാണ്. ഇവരിലധികം പേരും സ്‌കൂള്‍ കണ്ടിട്ടില്ല. ഇവരെ തിരിച്ച് സിറിയയില്‍ എത്തിക്കാന്‍ മാത്രം 35,000 സ്‌കൂള്‍ ബസുകള്‍ വേണ്ടി വരും!

50 ശതമാനം കുട്ടി അഭയാര്‍ഥികളും എല്ലാം നഷ്ടപ്പെട്ടവരാണ്, കുടുംബവും വീടും സ്‌കൂളും ചങ്ങാതിമാരും, എല്ലാം.

സഹായം എത്തുന്നുണ്ടോ?

അഭയാര്‍ഥികളുടെ ഗണ്യമായ വര്‍ധനവും ആവശ്യമായ സാധനസാമഗ്രികളുടെ കുറവും സന്നദ്ധ സംഘടനകളെയും വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്. എല്ലാവര്‍ക്കും സഹായം എത്തിക്കണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നതെങ്കിലും പക്ഷെ, ഒന്നും അങ്ങോട്ടുമിങ്ങോട്ടും എത്താത്ത അവസ്ഥയാണ്.

താല്‍ക്കാലിക സഹായം ഒരുക്കാന്‍ തന്നെ ബില്യണ്‍ കണക്കിന് ഡോളറിന്റെ ആവശ്യമുണ്ട്. പക്ഷെ, സ്ഥിരം സഹായ സേവനം ലഭ്യമാക്കുന്ന ഒരു അവസ്ഥയില്ലെങ്കില്‍ എന്തായിരിക്കും ഇവരുടെ ഭാവി? ഐക്യരാഷ്ട്ര സഭയും ഇക്കാര്യത്തില്‍ ആശങ്കപ്പെടുകയാണ്. അവര്‍ ലോകത്തിനു മുന്നില്‍ സഹായത്തിന്റെ, കാരുണ്യത്തിന്റെ കരങ്ങളെ തേടുകയാണ്.

നമുക്കെന്ത് ചെയ്യാനാവും?

അവരും നമ്മുടെ സഹോദരന്മാരായി ഈ ഭൂലോകത്ത് ജനിച്ചുപോയവരാണ്. തങ്ങളുടേതല്ലാത്ത കാരണത്താല്‍ അനുഭവിക്കേണ്ടി വന്നതും കാണേണ്ടി വന്നതും ഹൃദയം പൊട്ടിപ്പോവുന്ന സംഭവങ്ങള്‍. കണ്‍മുന്നില്‍ വച്ച് കുട്ടികളേയും ഉറ്റയവരേയും നഷ്ടപ്പെടുന്ന അവസ്ഥ. പ്രതീക്ഷയില്ലാതെ അലഞ്ഞുതിരിയുന്ന കുറേ ജന്മങ്ങള്‍. അവരിലേക്ക് നമ്മുടെ കരങ്ങള്‍ എത്തേണ്ടതല്ലേ?

അവിടെ ഭീകരമാംവിധത്തില്‍ വലിയ പ്രശ്‌നങ്ങള്‍ നടക്കുമ്പോള്‍ കേവലമൊരു ഫെയ്‌സ്ബുക്ക് സ്റ്റാറ്റസിട്ടതു കൊണ്ടു മാത്രം മതിയോ? സിറിയയ്ക്കു വേണ്ടി പ്രാര്‍ഥിക്കലും ഹാഷ് ടാഗിടലും ചെയ്താല്‍ നമ്മുടെ ഉത്തരവാദിത്തം കഴിഞ്ഞോ? നമ്മുടെ ഒരു ദിവസത്തെ ചെലവെങ്കിലും അവര്‍ക്കായി ദാനം ചെയ്തുകൂടേ?

un

 

ഇവിടെ നോട്ട് പിന്‍വലിക്കലിനെത്തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ തന്നെ നമ്മളൊക്ക എത്ര വിയര്‍ത്തു. ഈ പ്രശ്‌നം ഇന്നല്ലെങ്കില്‍ നാളെ തീരുമെന്നൊരു പ്രതീക്ഷ നമുക്കില്ലേ. ആ പ്രതീക്ഷകള്‍ നഷ്ടപ്പെട്ടവരല്ലേ കര-കടല്‍, രാ-പകല്‍ വകവയ്ക്കാതെ അലയുന്നത്? ഇന്ന് രാത്രി ഉറങ്ങാനാവുമെന്ന പ്രതീക്ഷ അവര്‍ക്കുണ്ടോ? ഇനി അഥവാ ഉറങ്ങിയാല്‍ ഉണരാനാവുമെന്ന പ്രതീക്ഷയുണ്ടോ അവര്‍ക്ക്? ഒരു പിടി ഭക്ഷണത്തിനുള്ളതെങ്കിലും നമുക്ക് സഹായിക്കാനാവും.


യു.എന്‍ അഭയാര്‍ഥി ഏജന്‍സി ലോകത്തിനു മുമ്പില്‍ കൈ നീട്ടുകയാണ്. സിറിയയ്ക്കു വേണ്ടി എന്തെങ്കിലും സഹായം ലഭിക്കുമെന്ന പ്രതീക്ഷയില്‍… അവരുടെ വെബ്‌സൈറ്റിലൂടെ സഹായം നല്‍കാനാവും… സഹായം നല്‍കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക… 


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News