2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ചാറ്റ് ജിപിടിയെ തറപറ്റിക്കാന്‍ ഗൂഗിള്‍ ജെമിനി എത്തുന്നു; മനുഷ്യബുദ്ധിയേയും മറികടക്കുമെന്ന് കമ്പനി

ലോകം സെര്‍ച്ച് എഞ്ചിനുകളെ തഴഞ്ഞ് വിവരശേഖരണത്തിനും വിജ്ഞാന സമ്പാദത്തിനും നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ചാറ്റ് ബോട്ടുകളെ കൂടുതലായി ആശ്രയിക്കുന്ന കാലമാണ് വരാന്‍ പോകുന്നതെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഒരു വിവരം തിരയുമ്പോള്‍ ടാഗുകളിലൂടെയും മറ്റും അതിന് അനുയോജ്യമായ വെബ്‌സൈറ്റുകളിലേക്ക് എത്തിക്കുകയാണ് സെര്‍ച്ച് എഞ്ചിന്‍ ചെയ്യുന്നതെങ്കില്‍, ചോദിക്കുന്ന ചോദ്യത്തിന് ഉപഭോക്താവിന്റെ ആവശ്യത്തിനും താത്പര്യത്തിനും അനുസരിച്ചുള്ള കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ ശേഷിയുള്ളതാണ് എ.ഐയില്‍ അധിഷ്ഠിതമായ ചാറ്റ് ബോട്ടുകള്‍.

നിലവില്‍ ഓപ്പണ്‍ എ.ഐയുടെ കീഴിലുള്ള ചാറ്റ് ജി.പി.ടി എന്ന ചാറ്റ്‌ബോട്ടിനെയാണ് വിവരങ്ങള്‍ തിരയുന്നതിനും, വിവിധ ജോലികള്‍ ചെയ്തു തീര്‍ക്കുന്നതിനും ലോകമാകെ വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്. എന്നാല്‍ 2021 സെപ്റ്റംബര്‍ വരെയുള്ള വിവരങ്ങള്‍ അനുസരിച്ച് മാത്രമെ ചാറ്റ് ജി.പി.ടിക്ക് പ്രവര്‍ത്തിക്കാന്‍ കഴിയൂ എന്നത് ഈ ചാറ്റ് ബോട്ടിന്റെ വലിയൊരു പോരായ്മയാണ്. അതായത് ആരെങ്കിലും 2021 സെപ്റ്റംബറിന് ശേഷമുള്ള വിവരങ്ങള്‍ ചാറ്റ് ജിപിടിയില്‍ തിരഞ്ഞാല്‍ നിലവില്‍ അത് ലഭ്യമല്ല.

ഈ കുറവുകളെയൊക്കെ മറികടക്കാനും ഭാവിയില്‍ മനുഷ്യനുമായി നടത്തുന്നതിലും മികച്ച രീതിയില്‍ ആശയവിനിമയം, സംവാദം എന്നിവയൊക്കെ നടത്താനും ശേഷിയുള്ള ഒരു എ.ഐ ചാറ്റ്‌ബോട്ട് നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തിനായി ടെക്ക് ഭീമന്‍മാരായ ഗൂഗിള്‍ വര്‍ഷങ്ങളായി പരിശ്രമിക്കുകയാണ്.ഒടുവില്‍ എട്ട് വര്‍ഷത്തെ തങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ ഫലമായി ചില കാര്യങ്ങളില്‍ മനുഷ്യബുദ്ധിയെ മറികടന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കും എന്ന് അവകാശപ്പെട്ടുകൊണ്ട് ഗൂഗിള്‍ ‘ജെമിനി’ എന്ന ചാറ്റ്‌ബോട്ടിന്റെ ആദ്യ പതിപ്പ് അവതരിപ്പിച്ചിരിക്കുകയാണ്.

   


നിലവിലെ മാര്‍ക്കറ്റില്‍ ലഭ്യമായ സകല ചാറ്റ്‌ബോട്ടുകളേയും വെല്ലുവിളിക്കാന്‍ ശേഷിയുള്ളത് എന്ന് അവകാശപ്പെട്ട് കൊണ്ട് ഗൂഗിള്‍ പുറത്തിറക്കിയിരിക്കുന്ന ജെമിനി ലാര്‍ജ് ലാംഗ്വേജ് മോഡലിനെ അടിസ്ഥാനമാക്കിയാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ടെക്സ്റ്റ്, ശബ്ദം,ചിത്രങ്ങള്‍ എന്നിവയിലൂടെയെല്ലാം ഉപഭോക്താക്കളുമായി ആശയവിനിമയം നടത്താനും അവര്‍ക്കായി വിവിധ ജോലികള്‍ നിര്‍വ്വഹിച്ച് കൊടുക്കാനും ശേഷിയുള്ള ജെമിനി മൂന്ന് മോഡുകളിലായാണ് പുറത്തിറങ്ങുന്നത്.

അള്‍ട്ര, പ്രോ, നാനോ എന്നിങ്ങനെ മൂന്ന് മോഡുകളില്‍ പുറത്തിറങ്ങുന്ന ജെമിനിയുടെ നാനോ മോഡായിരിക്കും നിലവില്‍ മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ക്കായി ലഭ്യമാവുക. ഗണിതം, ഭൗതികശാസ്ത്രം, ചരിത്രം, നിയമം, വൈദ്യശാസ്ത്രം തുടങ്ങി 57ഓളം വിഷയങ്ങളില്‍ സൂക്ഷ്മമായും കൃത്യതയോടെയും മനുഷ്യരോട് ആശയവിനിമയം നടത്താന്‍ ശേഷിയുള്ള ജെമിനി ഗൂഗിളിന്റെ ടെന്‍സര്‍ പ്രോസസിങ് യൂണിറ്റ് എന്ന സാങ്കേതിക വിദ്യയിലൂടെയാണ് പരിശീലിപ്പിക്കപ്പെട്ടിരിക്കുന്നത്.

ഇത് കൊണ്ട് തന്നെ ചാറ്റ് ജിപിടിയില്‍ നിന്നും വ്യത്യസ്ഥമായി ഓരോ സെക്കന്റിലും ഇന്റര്‍നെറ്റില്‍ ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഉപഭോക്താക്കളോട് സംസാരിക്കാന്‍ ജെമിനിക്ക് സാധിക്കും. കൂടാതെ ഭാവിയില്‍ നിങ്ങളുടെ പേഴ്‌സണല്‍ ട്രെയ്‌നറായും, ഡോക്ടറായുമൊക്കെ മാറാന്‍ തക്ക ശേഷി ജെമിനി കൈവരിച്ചേക്കാം എന്നും പല ടെക്ക് വിദഗ്ധരും അഭിപ്രായപ്പെടുന്നുണ്ട്.ഔദ്യോഗികമായി വിശദാംശങ്ങള്‍ അനുസരിച്ച് ജെമിനി നാനോ പിക്‌സല്‍ 8 പ്രോയില്‍ നിലവില്‍ ലഭ്യമായിട്ടുണ്ട്. കൂടാതെ

ഡിസംബര്‍ 13 മുതല്‍ ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ സ്റ്റുഡിയോയില്‍ ജെമിനി എപിഐ ആക്‌സസ് ചെയ്യാന്‍ കഴിയും. ഇന്റന്‍പ്രൈസ്ഡവലപ്പര്‍മാര്‍ക്കും ഡവലപ്പര്‍മാര്‍ക്കും ഗൂഗിള്‍ ക്ലൗഡിലൂടെ ജെമിനി പ്രോ ഉപയോഗിക്കാം.

നിലവില്‍ വിപണിയില്‍ ലഭ്യമായിരിക്കുന്ന ഗൂഗിള്‍ ബാര്‍ഡ് എന്ന ചാറ്റ് ബോട്ടിനെ ജെമിനി പ്രോയുടെ പതിപ്പായി ഉപയോക്താക്കള്‍ക്ക് ഉപയോഗിക്കാം എന്ന് ഗൂഗിള്‍ അറിയിച്ചിട്ടുണ്ട്.

ബാര്‍ടില്‍ നിന്നും ജെമിനി ഉപയോഗിക്കുന്നത് എങ്ങനെ?

1, ഗൂഗില്‍ ബാര്‍ടിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

2, ഗൂഗിള്‍ അക്കൗണ്ട് ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക

3, ലോഗിന്‍ ചെയ്ത് കഴിഞ്ഞാല്‍ ബാര്‍ഡ് ചാറ്റ്‌ബോട്ടില്‍ ജെമിനി പ്രോയുടെ ഫീച്ചേഴ്‌സ് ലഭ്യമാകും.

എന്നാല്‍ ജെമിനി ഇനിയും മെച്ചപ്പെടണമെന്നും നിലവില്‍ ചാറ്റ് ജിപിടിയോട് കിടപിടിക്കുന്ന ആശയവിനിമയ ശേഷിയും വിശകലനശേഷിയും ജെമിനിക്കില്ലെന്നുമാണ് വിദഗ്ധരുടെ അഭിപ്രായം.

Content Highlights:What is Google Gemini and How to use it


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.