രാജ്യത്തെയാകെ കണ്ണീരിലാഴ്ത്തിയ ഒഡീഷയിലെ ട്രെയിന്‍ അപകടത്തില്‍ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 261 പേരാണ് ബാലേശ്വര്‍ ട്രെയിന്‍ അപകടത്തില്‍ കൊല്ലപ്പെട്ടതെന്നാണ് വിവരം. ആയിരത്തിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ട് ഏഴു മണിയോടെയായിരുന്നു അപകടം. ഷാലിമാറില്‍ നിന്ന് (കൊല്‍ക്കത്ത)ചെന്നൈ സെന്‍ട്രലിലേക്ക് പോകുകയായിരുന്ന കോറമാന്‍ഡല്‍ എക്‌സ്പ്രസും (12841) യശ്വന്ത്പുരില്‍നിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന യശ്വന്ത്പുര്‍ – ഹൗറ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസും (12864 ) ഒരു ചരക്ക് തീവണ്ടിയുമാണ് അപകടത്തില്‍ പെട്ടത്. ഷാലിമാര്‍ – ചെന്നൈ കോറമാന്‍ഡല്‍ എക്‌സ്പ്രസ് ലൂപ്പ് ലൈനില്‍ നിര്‍ത്തിയിട്ടിരുന്ന ചരക്ക് ട്രെയിനിലേക്ക് ഇടിച്ചുകയറി.
എന്താണ് കവച് ?
ട്രെയിനുകളുടെ സുരക്ഷ ഉറപ്പാക്കുന്നതും കൂട്ടിയിടി ഒഴിവാക്കാനുള്ള മുന്‍കരുതലായി പ്രവര്‍ത്തിക്കുന്നതുമായ ഓട്ടോമാറ്റിക്ക് സംവിധാനമാണ് കവച്. 2012 ല്‍ ഇന്ത്യന്‍ റെയില്‍വെ വികസിപ്പിച്ച സംവിധാനമാണിത്. ട്രെയിന്‍ കോളിഷന്‍ അവോയിഡന്‍സ് സിസ്റ്റം എന്നാണ് ഇതിന്റെ സാങ്കേതിക നാമം. 2016ലാണ് ഇതിന്റെ ട്രയല്‍ റണ്‍ ആരംഭിച്ചത്. നേരിട്ട് ഒരേ ട്രാക്കില്‍ കൂട്ടിയിടിച്ചുള്ള ട്രെയിന്‍ അപകടങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് കവചിന് രൂപം നല്‍കിയത്. ഇലക്ട്രോണിക്ക് ഉപകരണങ്ങളുടെ ഒരു ശ്രേണിയാണ് കവച്. റേഡിയോ ഫ്രീക്വന്‍സിയിലൂടെ വിവരങ്ങള്‍ അറിയാന്‍കഴിയുന്ന സംവിധാനവും കവചിലുണ്ട്.
ഒരേ പാതയില്‍ രണ്ടു ട്രെയിനുകള്‍ വന്നാല്‍ കൂട്ടിയിടി ഒഴിവാക്കുന്ന അത്യാധുനിക സിഗ്‌നല്‍ സംവിധാനമാണ് കവച്. അത്യാധുനിക സുരക്ഷാ സംവിധാനമായ എസ്‌ഐഎല്‍ 4 സര്‍ട്ടിഫൈഡ് സാങ്കേതികവിദ്യയാണ് കവചില്‍ ഉപയോഗിക്കുക. ഇതനുസരിച്ച് പിഴവു സംഭവിക്കാന്‍ സാധ്യത തീര്‍ത്തും കുറവാണ്. ഒരു ട്രെയിനിന്റെ ചലന വിവരങ്ങള്‍ തുടര്‍ച്ചയായി പുതുക്കപ്പെടുന്നതിലൂടെ, ഒരു ലോക്കോ പൈലറ്റ് സിഗ്‌നല്‍ തെറ്റിക്കുമ്പോള്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്നതാണ് ഇതിന്റെ സവിശേഷത. സിഗ്‌നല്‍ സംവിധാനവുമായി ബന്ധപ്പെട്ട പിഴവുകളാണ് ട്രെയിന്‍ അപകടങ്ങളില്‍ മിക്കപ്പോഴും വില്ലനാകുന്നത്. ഒഡീഷയിലെ ബാലസോറില്‍ സംഭവിച്ചതും അത്തരമൊരു പിഴവായിരിക്കാം. ബാലസോറില്‍ അപകട പരമ്പരയ്ക്കു തുടക്കം കുറിച്ച കോറമാണ്ഡല്‍ എക്‌സ്പ്രസ് പാളം തെറ്റാന്‍ കാരണം സിഗ്‌നല്‍ സംവിധാനവുമായി ബന്ധപ്പെട്ട മാനുഷിക പിഴവാണെന്നാണ് പ്രാഥമിക നിഗമനം.
കവച് ഒഡീഷയില്‍ സംഭവിച്ചതെന്ത് ?
രണ്ടു ട്രെയിനുകള്‍ ഒരേ പാതയില്‍ വന്നാല്‍ കൂട്ടിയിടി ഒഴിവാക്കുന്ന അത്യാധുനിക സിഗ്‌നല്‍ സംവിധാനമായ കവച് ഒഡീഷയിലെ അപകടത്തില്‍പ്പെട്ട ട്രെയിനുകളില്‍ ഉണ്ടായിരുന്നില്ല. റെയില്‍വെ വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് അപകടം നടന്ന റൂട്ടില്‍ കവച് സംവിധാനം സ്ഥാപിക്കപ്പെട്ടിരുന്നില്ല. 2012 മുതല്‍ സംവിധാനം സ്ഥാപിക്കാനുള്ള പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. എന്നാല്‍ 2023 ആകുമ്പോഴും ചുരുക്കം ചില ട്രെയിനുകളിലും റൂട്ടുകളിലും മാത്രമാണ് കവച് സംവിധാനം പ്രവര്‍ത്തിക്കുന്നത്.
Comments are closed for this post.