2022 July 03 Sunday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

ഇന്ത്യയിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കില്‍ പറക്കാന്‍ ‘ആകാശ എയര്‍’: രാകേഷ് ജുന്‍ജുന്‍വാലയുടെ പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി

 

സ്‌റ്റോക്ക് മാര്‍ക്കറ്റ് നിക്ഷേപകനായ രാകേഷ് ജുന്‍ജുന്‍വാലയുടെ പിന്തുണയോടെ ആരംഭിക്കുന്ന ‘ആകാശ എയര്‍ലൈന്’ കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ എന്‍.ഒ.സി ലഭിച്ചു. രാജ്യത്തെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള യാത്ര വാഗ്ദാനം ചെയ്താണ് പുതിയ വിമാനക്കമ്പനി തുടങ്ങുന്നത്. 2022 ല്‍ സര്‍വീസ് തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സാധ്യതയുണ്ടോ ഇനിയൊരു എയര്‍ലൈന്?

കമ്പനിയില്‍ രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് 40 ശതമാനം ഓഹരിയാണുണ്ടാവുക. കമ്പനിയുടെ നടത്തിപ്പിനായി ജെറ്റ് എയര്‍വേയ്‌സ് മുന്‍ സി.ഇ.ഒ വിനയ് ദുബെ, ഇന്‍ഡിഗോ മുന്‍ പ്രസിഡന്റ് ആദിത്യ ഘോഷ് തുടങ്ങിയ പ്രമുഖരെ നിയമിച്ചിട്ടുണ്ട്. വിനയ് ദുബെ ആയിരിക്കും കമ്പനിയുടെ സി.ഇ.ഒ.

അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ 70 വിമാനങ്ങള്‍ ആകാശ് എയലൈന് വേണ്ടി പറക്കും. 35 മില്യണ്‍ ഡോളറാണ് മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന രാകേഷ് ജുന്‍ജുന്‍വാല ചെലവഴിക്കുക. ‘ഒരാളുടെയും സാമൂഹ്യ-സാമ്പത്തിക- സാംസ്‌കാരിക പശ്ചാത്തലം നോക്കാതെ എല്ലാ ഇന്ത്യക്കാര്‍ക്കും സേവനം നല്‍കുന്നതായിരിക്കും ആകാശ എയര്‍’- രാകേഷ് ജുന്‍ജുന്‍വാല നയം വ്യക്തമാക്കുന്നു. ഏറ്റവും കുറഞ്ഞ നിരക്ക്, അതിലും കുറഞ്ഞ നിരക്കായിരിക്കും യാത്രയ്ക്ക് ഈടാക്കുകയെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

യു.എല്‍.സി.സി മോഡല്‍

ആകാശ് എയര്‍ലൈന്‍സ് പിന്തുടരുന്നത് അള്‍ട്ര ലോ കോസ്റ്റ് കാരിയര്‍സ് (യു.എല്‍.സി.സി) മോഡല്‍ ബിസിനസാണ്. അതായത്, കുറഞ്ഞ നിരക്കില്‍ പ്രവര്‍ത്തിപ്പിച്ച്, ടിക്കറ്റിന് കുറഞ്ഞ നിരക്ക് ഈടാക്കി, ലാഭം ഉറപ്പാക്കുകയെന്നതാണ് ലക്ഷ്യം. യൂറോപ്യന്‍ രാജ്യങ്ങളില്‍ വ്യാപകമായി ഉപയോഗപ്പെടുത്തുന്ന മോഡലാണിത്. റയാന്‍ എയര്‍, ഈസി ജെറ്റ് എന്നിവ ഈ മോഡല്‍ അടിസ്ഥാനപ്പെടുത്തി പ്രവര്‍ത്തിക്കുന്ന വിജയകരമായ കമ്പനികളാണ്. എന്നാല്‍ ഇന്ത്യയില്‍ ഇതു സാധ്യമാവുമോയെന്ന ആശങ്ക ചിലര്‍ പങ്കുവയ്ക്കുന്നുണ്ട്.

നോണ്‍- ഫ്രില്‍സ് സേവനം നല്‍കുന്ന വിമാനത്താവളങ്ങള്‍ ഇന്ത്യയില്‍ ഇല്ല എന്നതു തന്നെയാണ് പ്രധാന വെല്ലുവിളിയായി ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. അത്യാവശ്യമില്ലാത്ത സേവനങ്ങളൊക്കെ ഒഴിവാക്കി, പറ്റാവുന്നത്ര ചെലവ് കുറയ്ക്കുന്നതാണ് നോണ്‍- ഫ്രില്‍സ് സംവിധാനം. വിമാനം നോണ്‍- ഫ്രില്‍സ് സംവിധാനത്തിലാണ് പ്രവര്‍ത്തിക്കുകയെങ്കിലും വിമാനത്താവളങ്ങളില്‍ അത്തരം ടെര്‍മിനല്‍ കൂടി പ്രവര്‍ത്തിച്ചാല്‍ മാത്രമേ പൂര്‍ണതോതില്‍ കുറഞ്ഞനിരക്കിലുള്ള സേവനം ഉറപ്പാക്കാനാവൂ.

സീറ്റ് തെരഞ്ഞെടുപ്പ്, ഭക്ഷണം, പാനീയം തുടങ്ങി നിരക്ക് കൂട്ടുന്ന സൗകര്യങ്ങളിലൊക്കെ കുറവുണ്ടാകും. കൂടാതെ, ചെക്ക്ഡ്-ഇന്‍ ബാഗേജ്, കാബിന്‍ ബാഗേജ് സേവനങ്ങള്‍ വരെ ഒഴിവാക്കും.

ജെറ്റ് പൂട്ടിയില്ലേ… ഇനിയും ഒരു എയര്‍ലൈനോ?

2019 ല്‍ ജെറ്റ് എയര്‍വേയ്‌സ് പൂട്ടി, എയര്‍ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തു. എക്കാലത്തെയും ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് ഇന്ത്യന്‍ വ്യോമയാന മേഖല കടന്നുപോകുന്നത്. എന്നാല്‍ തങ്ങള്‍ ഇന്ത്യന്‍ ഏവിയേഷന്‍ മേഖലയില്‍ കുതിപ്പുണ്ടാക്കുമെന്ന പ്രതീക്ഷ പങ്കുവയ്ക്കുകയാണ് രാകേഷ് ജുന്‍ജുന്‍വാല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.