2024 March 01 Friday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

പ്ലസ് ടു കഴിഞ്ഞ് നിയമം പഠിച്ചാലോ? ‘ക്ലാറ്റും ഐലറ്റും’ എന്താണെന്ന് അറിഞ്ഞിരിക്കണം

പ്ലസ് ടു കഴിഞ്ഞ് നിയമം പഠിച്ചാലോ? ‘ക്ലാറ്റും ഐലറ്റും’ എന്താണെന്ന് അറിഞ്ഞിരിക്കണം

പി.കെ അന്‍വര്‍ മുട്ടാഞ്ചേരി
കരിയര്‍ വിദഗ്ധന്‍ anver@live.in

പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് വിശാലമായ കരിയര്‍ സാധ്യതകള്‍ വാഗ്ദാനം ചെയ്യുന്ന തുടര്‍ പഠനമേഖലയാണ് നിയമം. മികച്ച സ്ഥാപനങ്ങളില്‍ നിയമപഠനം സാധ്യമാക്കുന്ന ശ്രദ്ധേയമായ പരീക്ഷകളാണ് ക്ലാറ്റും (CLAT) ഐലറ്റും ( AILET). താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കുകയും ചിട്ടയായ രീതിയില്‍ തയാറെടുപ്പ് നടത്തുകയും വേണം.

കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ് (CLAT)
ദേശീയ നിയമ സര്‍വകലാശാലകളില്‍ പഞ്ചവത്സര ബിരുദ പഠനത്തിനുള്ള പ്രവേശന പരീക്ഷയാണ് ‘ക്ലാറ്റ് ‘. 45 ശതമാനം മാര്‍ക്കോടെയുള്ള പ്ലസ്ടുവാണ് യോഗ്യത. ഇത്തവണ പ്ലസ് ടു പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം. കൊച്ചിയിലെ നുവാല്‍സ് (NUALS) അടക്കം 24 നിയമ സര്‍വകലാശാലകളിലെ പ്രവേശനത്തിനുള്ള പരീക്ഷയാണിത്. നുവാല്‍സില്‍ ബി.എ എല്‍.എല്‍.ബിയും മറ്റു സര്‍വകലാശാലകളില്‍ ബി.എ/ബി.കോം/ബി.ബി.എ/ബി.എസ്.സി/ ബി.എസ്.ഡബ്ല്യു. എല്‍.എല്‍.ബി (ഓണേഴ്‌സ്) കോഴ്‌സുകളും പഠിക്കാവുന്നതാണ്. ദേശീയ നിയമ സര്‍വകലാശാലകളുടെ കണ്‍സോര്‍ഷ്യമാണ് പരീക്ഷ നടത്തുന്നത്. നവംബര്‍ മൂന്ന് വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഡിസംബര്‍ മൂന്നിനാണ് പരീക്ഷ. രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഓഫ് ലൈന്‍ പരിക്ഷയാണ്. കേരളത്തിലും പരീക്ഷയെഴുതാം. ഐ.ഐ.എം റോത്തക്ക്, ഡല്‍ഹി സര്‍വകലാശാലയിലെ ഫാക്കല്‍റ്റി ഓഫ് ലോ , നാഷനല്‍ ഫോറന്‍സിക് സയന്‍സ് യൂനിവേഴ്‌സിറ്റി (ദല്‍ഹി ക്യാമ്പസ്), മഹാരാഷ്ട്ര നാഷനല്‍ ലോ യൂനിവേഴ്‌സിറ്റി നാഗ്പൂര്‍, സേവിയര്‍ ലോ സ്‌കൂള്‍ ഭുവനേശ്വര്‍, രാമയ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലീഗല്‍ സ്റ്റഡീസ് ബെംഗളൂരു,നിര്‍മ യൂനിവേഴ്‌സിറ്റി അഹമ്മദാബാദ്, നര്‍സി മോന്‍ജി ഇന്‍സ്റ്റിറ്റ്യൂട്ട് ബെംഗളൂരു , ഏഷ്യന്‍ ലോ കോളജ് നോയിഡ തുടങ്ങിയ സ്ഥാപനങ്ങളും വിവിധ പ്രോഗ്രാമുകള്‍ക്ക് ക്ലാറ്റ് സ്‌കോര്‍ പരിഗണിക്കാറുണ്ട് . 50 ശതമാനം മാര്‍ക്കോടെ എല്‍.എല്‍.ബി വിജയിച്ചവര്‍ക്ക് ഒരു വര്‍ഷ എല്‍.എല്‍.എം പ്രവേശനത്തിന് അപേക്ഷിക്കാനും ഇപ്പോള്‍ അവസരമുണ്ട്. വെബ്‌സൈറ്റ്: consortiumofnlus.ac.in

ഓള്‍ ഇന്ത്യ ലോ എന്‍ട്രസ് ടെസ്റ്റ് (AILET)
ന്യൂഡല്‍ഹിയിലുള്ള ദേശീയ നിയമ സര്‍വകലാശാലയില്‍ പഞ്ചവര്‍ഷ നിയമ ബിരുദ പ്രോഗ്രാമായ ബി.എ എല്‍.എല്‍.ബി (ഓണേഴ്‌സ്) അടക്കം വിവിധ പ്രോഗ്രാമുകള്‍ക്കുള്ള പ്രവേശന പരീക്ഷയാണ് ‘ഐലറ്റ് ‘. 45 ശതമാനം മാര്‍ക്കോടെയുള്ള പ്ലസ്ടുവാണ് ബി.എ എല്‍.എല്‍.ബി (ഓണേഴ്‌സ് ) പ്രോഗ്രാമിന്റെ യോഗ്യത. പട്ടിക /ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 40 ശതമാനം മാര്‍ക്ക് മതി. ഇത്തവണ പ്ലസ്ടു പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. പ്രായ പരിധിയില്ല. ഡിസംബര്‍ 10 നാണ് പരീക്ഷ. കേരളത്തില്‍ തിരുവനന്തപുരത്തും കൊച്ചിയിലും പരീക്ഷയെഴുതാം. രണ്ട് മണിക്കൂര്‍ പരീക്ഷയാണ്. നവംബര്‍ 13 വരെ അപേക്ഷിക്കാം. യോഗ്യരായ വിദ്യാര്‍ഥികള്‍ക്ക് എല്‍.എല്‍.എം പ്രോഗ്രാമുകള്‍ക്കും ലോ, സോഷ്യല്‍ സയന്‍സസ് മേഖലകളില്‍ പിഎച്ച്.ഡി പ്രോഗ്രാമുകള്‍ക്കും ‘ഐലറ്റ് ‘ പരീക്ഷ വഴി അവസരമുണ്ട്. വെബ്‌സൈറ്റ്: www.nationallawuniverstiydelhi.in.

തൊഴിലവസരങ്ങള്‍
നിയമപഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് വ്യത്യസ്ത മേഖലകളില്‍ നിരവധി അവസരങ്ങളുണ്ട്. സര്‍ക്കാര്‍ സര്‍വിസുകള്‍, പൊതു മേഖലാ സ്ഥാപനങ്ങള്‍, വ്യവസായ വാണിജ്യ ധനകാര്യ സ്ഥാപനങ്ങള്‍, പബ്ലിക് പ്രോസിക്യൂഷന്‍, മീഡിയ, ജുഡീഷ്യല്‍ സര്‍വിസ്, നോട്ടറി, ആര്‍ബിട്രേഷന്‍, പാരാലീഗല്‍ സര്‍വിസ്, ലീഗല്‍ പ്രോസസ്സ് ഔട്ട് സോഴ്‌സിങ് (LPO), ടാക്‌സ് കണ്‍സള്‍ട്ടന്‍സി, ഇന്‍ഷൂറന്‍സ്, നിയമ വിശകലനം, ലീഗല്‍ ജേണലിസം, ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്‌സ് (IPR), ലീഗല്‍ കോണ്‍ട്രാക്റ്റുകളുടെ ഡ്രാഫ്റ്റിംഗ്, ഫാമിലി കൗണ്‍സലിങ് തുടങ്ങിയ മേഖലകള്‍ ഉദാഹരണങ്ങളാണ്. ഇന്റര്‍നാഷനല്‍ ഓര്‍ഗനൈസേഷനുകള്‍, കണ്‍സ്യൂമര്‍ ഫോറങ്ങള്‍, ലോകായുക്ത, എന്‍.ജി.ഒകള്‍ , റെയില്‍വേ,സി.ബി.ഐ എന്‍.ഐ.എ , പാര്‍ലമെന്റ് തുടങ്ങിയ മേഖലകളിലും ജോലി സാധ്യതകളുണ്ട്.നിയമ ബിരുദത്തോടൊപ്പം എം.ബി.എ, കമ്പനി സെക്രട്ടറിഷിപ്പ് , എം.സ്. ഡബ്ല്യു പോലുള്ള അധിക യോഗ്യതകള്‍ നേടുന്നവര്‍ക്ക് കോര്‍പറേറ്റ് മേഖലകളില്‍ മികച്ച അവസരങ്ങളുണ്ട്. സിവില്‍ സര്‍വിസ് മേഖലയില്‍ പ്രവേശനമാഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് തെരഞ്ഞെടുക്കാവുന്ന മികച്ച ബിരുദ കോഴ്‌സുകളിലൊന്നാണ് എല്‍.എല്‍.ബി.

വിവിധ നിയമ കലാലയങ്ങളില്‍ അധ്യാപകരായും ജോലി സാധ്യതയുണ്ട്. ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ ശേഷം യു.ജി.സിയുടെ നാഷനല്‍ എലിജിബിലിറ്റി ടെസ്റ്റ് കൂടി വിജയിക്കണമെന്ന് മാത്രം. റിസര്‍ച്ച് മേഖലകളിലും അവസരങ്ങളുണ്ട്. കേരള ഹൈക്കോടതി നടത്തുന്ന മുന്‍സിഫ് / മജിസ്‌ട്രേറ്റ് പരീക്ഷ വഴി നേരിട്ട് ജഡ്ജിയാക്കാനും അവസരമുണ്ട്. ഐ.ബി.പി.എസ് (IBPS) നടത്തുന്ന സ്‌പെഷലിസ്റ്റ് ഓഫിസര്‍ (SO) പരീക്ഷ വഴി ലോ ഓഫിസര്‍ തസ്‌കിതയിലെത്താം. ബാര്‍ കൗണ്‍സിലില്‍ എന്റോള്‍ ചെയ്ത ശേഷം സുപ്രിം കോടതി, ഹൈക്കോടതി, കീഴ്‌ക്കോടതി എന്നിവിടങ്ങളില്‍ വക്കീലായി പ്രാക്ടീസ് ചെയ്യാം. ലീഗല്‍ പ്രാക്ടീസിന് പ്രായപരിധിയില്ല. വക്കീലായി മൂന്ന് വര്‍ഷത്തെ പരിചയമുണ്ടെങ്കില്‍ ആര്‍.ബി.ഐ, എസ്.ബി.ഐ എന്നിവിടങ്ങളിലെ ലീഗല്‍ തസ്തികള്‍ക്ക് അപേക്ഷിക്കാം. സീനിയര്‍ അഡ്വക്കേറ്റായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് സര്‍ക്കാറിന്റെ പല കമ്മിഷനുകള്‍ക്കും നേതൃത്വം നല്‍കാം. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിയമ ബിരുദധാരികള്‍ക്ക് മുന്‍ഗണനയുണ്ട്. സ്ഥാനക്കയറ്റത്തിനുള്ള അധിക യോഗ്യതയായും നിയമ ബിരുദം പരിഗണിക്കാറുണ്ട്. നമ്മുടെ സേനാ വിഭാഗങ്ങളില്‍ ജഡ്ജ് അഡ്വക്കേറ്റ് ജനറല്‍ (JAG) തസ്തികയിലേക്കുള്ള അടിസ്ഥാന യോഗ്യത 55 ശതമാനത്തോടെയുള്ള നിയമ ബിരുദമാണ്. സര്‍വിസ് സെലക്ഷന്‍ ബോര്‍ഡ് (SSB) ഇന്റര്‍വ്യൂവിലെ പ്രകടനവും പരിഗണിച്ചാണ് നിയമനം.

അവസാന തീയതികള്‍
ക്ലാറ്റ്: നവംബര്‍ 3
ഐലറ്റ്: നവംബര്‍ 13

വിദ്യാഭ്യാസ-കരിയര്‍ വാര്‍ത്തകള്‍ ഓണ്‍ലൈനില്‍ ലഭിക്കാന്‍ ഈ ഗ്രൂപ്പ് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/FHMwGM3O0759bymv0j74Ht


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.