2023 December 02 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

തിമിംഗല ഛര്‍ദില്‍ പിടികൂടിയ സംഭവം; കൂടുതല്‍ തെളിവുകള്‍ തിരൂരില്‍ നിന്ന്, മത്സ്യത്തൊഴിലാളിയെ തിരയുന്നു

   

തിരൂര്‍: സംസ്ഥാനത്താദ്യമായി തിമിംഗല ഛര്‍ദില്‍(ആംബര്‍ഗ്രീസ് ) പിടികൂടിയ സംഭവത്തില്‍ തിരൂരില്‍ പരിശോധന. ഇതിന്റെ ഉറവിടവും കൂടുതല്‍ വിവരങ്ങളുംതേടി വനം വകുപ്പിലെ അന്വോഷണോദ്യോഗസ്ഥരാണ് തിരൂര്‍ അന്നാര സ്വദേശി അലിയുടെ വീട്ടില്‍ പരിശോധന നടത്തിയത്. നിലമ്പൂര്‍ റെയ്ഞ്ചില്‍ നിന്നുള്ള അന്വേഷണ സംഘം ചേറ്റുവയില്‍ പിടിയിലായ മൂന്നു പ്രതികളിലൊരാളായ വാടാനപ്പള്ളി രായ്മരയ്ക്കാര്‍ റഫീഖു(47)മായാണ് തിരൂരിലെത്തിയത്. അലിയുടെ വീട്ടില്‍ പരിശോധന നടത്തിയ സംഘത്തിന് അലിയെ കണ്ടെത്താനായില്ല.

എന്നാല്‍ ഒട്ടേറെ തെളിവുകള്‍ ശേഖരിച്ചതായാണ് വിവരം. തൃശൂര്‍ ചേറ്റുവയില്‍നിന്ന് കഴിഞ്ഞദിവസമാണ് തിമിംഗല ഛര്‍ദില്‍ പിടികൂടിയത്. പാലയൂര്‍ കൊങ്ങാണം വീട്ടില്‍ ഫൈസല്‍ (40), എറണാകുളം വടക്കുംഭാഗം ശ്രീമൂലനഗരം കരിയക്കര ഹംസ (49 )എന്നിവരാണ് മറ്റു രണ്ടു പ്രതികള്‍. മീന്‍പിടിത്തക്കാരില്‍ നിന്നാണിത് ലഭിച്ചതെന്ന് അറസ്റ്റിലായവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പ്രതിയുമായി അന്വേഷണ സംഘത്തിന്റെ പരിശോധന.

കേസില്‍ നാലാം പ്രതിയാണ് അലിയെന്നും ഇയാളുടെ വീട്ടില്‍ വച്ചാണ് വില്‍പ്പനക്കുള്ള ആസൂത്രണം നടന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇടപാടിനു പിന്നില്‍ വന്‍ സംഘം കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും ഉണ്ടെന്നാണ് വനംവകുപ്പിന് ലഭിച്ച വിവരം.
ബ്ലാക്ക് മാര്‍ക്കറ്റില്‍ മുപ്പത് കോടി രൂപയോളം വിലവരുന്ന തിമിംഗല ഛര്‍ദില്‍ വിദേശ രാജ്യങ്ങളില്‍ സുഗന്ധദ്രവ്യ നിര്‍മാണത്തിനുപയോഗിക്കുന്ന അസംസ്‌കൃതവസ്തുവാണ്. പിടിച്ചെടുത്ത ഛര്‍ദിലിന് 18 കിലോ ഭാരമുണ്ട്. വനം വകുപ്പിന്റെ വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോയുടെ കീഴില്‍ നടന്ന ഒപ്പറേഷനിലൂടെയായിരുന്നു ഛര്‍ദില്‍ പിടിച്ചെടുത്തത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.