കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ 73,887 സീറ്റിലേക്ക് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. വോട്ടെണ്ണലിനായി 339 കേന്ദ്രങ്ങളാണ് ക്രമീകരിച്ചിട്ടുള്ളത്. 63,229 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേക്കും 9,730 പഞ്ചായത്ത് സമിതി സീറ്റുകളിലേക്കും 928 ജില്ല പരിഷത്ത് സീറ്റുകളിലേക്കുള്ള ജനവിധി ഇന്നറിയാം. ത്രിതല പഞ്ചായത്തുകളില്‍ 2.06 ലക്ഷം സ്ഥാനാര്‍ഥികളാണ് മത്സരിച്ചത്. 5.67 കോടി ജനങ്ങള്‍ വോട്ട് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പില്‍ 66.28 ശതമാനമായിരുന്നു പോളിങ്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ തൃണമൂലിനാണ് ആദ്യമുന്നേറ്റം.
3317 ഗ്രാമപഞ്ചായത്തുകളും 387 പഞ്ചായത്ത് സമിതികളും 20 ജില്ല പരിഷത്തുമാണ് സംസ്ഥാനത്തുള്ളത്. തൃണമൂല്‍ കോണ്‍ഗ്രസ്, ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ട്, ബി.ജെ.പി എന്നീ പാര്‍ട്ടികളാണ് നേരിട്ട് ഏറ്റുമുട്ടിയത്. 2018ലെ തെരഞ്ഞെടുപ്പില്‍ 90 ശതമാനം പഞ്ചായത്ത് സീറ്റുകളിലും തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ചിരുന്നു.
വ്യാപക അക്രമം നടന്ന 697 ബൂത്തുകളില്‍ കഴിഞ്ഞ ദിവസം റീപോളിങ് നടത്തിയിരുന്നു. മുര്‍ഷിദാബാദ് (175), മാല്‍ഡ (112), നാദിയ (89), നോര്‍ത്ത് 24 പാര്‍ഗാനാസ് (46), സൗത്ത് 24 പാര്‍ഗാനാസ് (36) എന്നിങ്ങനെയാണ് റീപോളിങ് നടന്ന ബൂത്തുകളുടെ എണ്ണം. കുച്ച്ബിഹാറിലെ 32 ബൂത്തുകളില്‍ ഞായറാഴ്ച റീപോളിങ് നടന്നിരുന്നു.
പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ വ്യാപക അക്രമസംഭവങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ആക്രമണങ്ങളില്‍ 15 പേര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. എന്നാല്‍, 18 പേര്‍ മരിച്ചതായി രാഷ്ട്രീയ പാര്‍ട്ടികള്‍ പറയുന്നു. കൊല്ലപ്പെട്ടവരില്‍ ഒമ്പതു പേര്‍ തൃണമൂല്‍ പ്രവര്‍ത്തകരാണ്. കോണ്‍ഗ്രസ് മൂന്ന്, ബി.ജെ.പി രണ്ട്, സി.പി.എം രണ്ട്, മറ്റുള്ളവര്‍ രണ്ട് എന്നിങ്ങനെയാണ് മരിച്ചവരുടെ എണ്ണം.
Comments are closed for this post.