2023 January 27 Friday
ശരീരത്തിനു വ്യായാമം പോലെതന്നെയാകുന്നു മനസ്സിന് വായന. -റിച്ചാർഡ് സ്റ്റീൽ

Editorial

പശ്ചിമേഷ്യന്‍ സമാധാനം തകര്‍ക്കുന്ന ട്രംപ്


ജറൂസലമിനെ ഇസ്രാഈലിന്റെ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടു കഴിഞ്ഞരാത്രിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പ്രഖ്യാപനം പശ്ചിമേഷ്യയെ കൂടുതല്‍ സംഘര്‍ഷഭരിതമായ അവസ്ഥയിലായിരിക്കും എത്തിക്കുക. ധാര്‍ഷ്ട്യക്കാരനും തന്നിഷ്ടക്കാരനുമെന്ന് ഇതിനകം ദുഷ്‌പ്പേരു സമ്പാദിച്ച ട്രംപിന്റെ തലതിരിഞ്ഞ നയങ്ങളില്‍ അവസാനത്തേതാണിത്.
ആറു മുസ്‌ലിംരാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് അമേരിക്കയില്‍ പ്രവേശനം തടഞ്ഞ് നേരത്തേതന്നെ ട്രംപ് വംശീയവിദ്വേഷം വെളിവാക്കിയതാണ്. ജര്‍മനിയും ബ്രിട്ടനുമടക്കമുള്ള പ്രമുഖരാഷ്ട്രങ്ങളെല്ലാം ട്രംപിന്റെ പ്രഖ്യാപനത്തെ അപലപിച്ചിട്ടും അദ്ദേഹത്തിനു കുലുക്കമില്ലാത്തത് ആ സിരകളിലോടുന്ന വംശീയവിദ്വേഷ രക്തത്തിന്റെ ‘ഗുണം’ കൊണ്ടു തന്നെയാകണം.
യു.എസിലെ തീവ്ര വലതുപക്ഷക്കാരെയും അമേരിക്കയുടെ മര്‍മസ്ഥാനങ്ങളിലിരുന്നു രാജ്യത്തെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന യാഥാസ്ഥിതിക ജൂതപ്രമുഖരെയും റിപബ്ലിക്കന്‍ പാര്‍ട്ടിയിലെ അംഗങ്ങളെയും ഈ പ്രഖ്യാപനം വഴി സന്തോഷിപ്പിക്കുന്നതിലൂടെ പ്രസിഡന്റ് സ്ഥാനത്തിനു നേരേ ഉയരുന്ന ഭീഷണികളെ ചെറുക്കാമെന്നു ട്രംപ് കരുതുന്നുണ്ടാകണം. പക്ഷേ, ഈ തീരുമാനം അത്യന്തം ഗുരുതരമായ ഒരവസ്ഥയിലേക്കായിരിക്കും പശ്ചിമേഷ്യയെ കൊണ്ടെത്തിക്കുക.
പ്രസിഡന്റ് തെരഞ്ഞെടുപ്പുവേളയില്‍ താന്‍ നല്‍കിയ വാഗ്ദാനം പാലിക്കുകയാണെന്ന ട്രംപിന്റെ വാദം അന്താരാഷ്ട്ര മര്യാദകളുടെ നഗ്നമായ ലംഘനമാണ്. മുസ്‌ലിംകളും ക്രിസ്ത്യാനികളും ജൂതരും ഒരുപോലെ പാവനമായി കരുതുന്ന ജറൂസലം പുണ്യഭൂമിയെ കലാപത്തിന്റെ അഗ്നികുണ്ഡത്തിലേക്ക് എറിയുകയാണു ട്രംപ്.
ജറൂസലമിനെ തലസ്ഥാനമാക്കാനുള്ള ഗൂഢതന്ത്രങ്ങള്‍ ഇസ്രാഈല്‍ മെനയാന്‍ തുടങ്ങിയത് അറുപതുകളുടെ ആരംഭത്തിലാണ്. ഇതിനു പരോക്ഷമായ പിന്തുണയാണ് അമേരിക്കയടക്കമുള്ള സാമ്രാജ്യശക്തികള്‍ നല്‍കിയത്. 1980ല്‍ ജറൂസലമിനെ തലസ്ഥാനമാക്കി ഇസ്രാഈല്‍ നിയമവിരുദ്ധ പ്രഖ്യാപനം നടത്തിയെങ്കിലും യു.എന്നും ലോകരാഷ്ട്രങ്ങളും അംഗീകരിച്ചിരുന്നില്ല. രാഷ്ട്രങ്ങളുടെ എംബസികളൊന്നും ടെല്‍അവീവില്‍നിന്നു ജറൂസലമിലേക്കു മാറ്റിയതുമില്ല.
ജറൂസലമിനെ തലസ്ഥാനമായി പ്രഖ്യാപിച്ച ഇസ്രാഈല്‍ തീരുമാനത്തെ 1995ല്‍ യു.എസ് അംഗീകരിച്ചിരുന്നെങ്കിലും ലോകരാഷ്ട്രങ്ങളുടെ എതിര്‍പ്പ് ഭയന്ന് അധികാരത്തില്‍ വന്ന അമേരിക്കന്‍ പ്രസിഡന്റുമാരൊന്നും മാരകരാഷ്ട്രത്തിന്റെ തീരുമാനം നടപ്പാക്കിയിരുന്നില്ല. ഇതാണിപ്പോള്‍ ഭ്രാന്തന്‍ നയങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ട്രംപ് തകര്‍ത്തിരിക്കുന്നത്.
1948ല്‍ ഇസ്രാഈല്‍ അധിനിവേശത്തിലൂടെ കൈപ്പിടിയിലൊതുക്കിയതാണ് ജറൂസലം. ഫലസ്തീന്റെ ഭൂമി തട്ടിയെടുത്ത നടപടി അംഗീകരിക്കാനാവില്ലെന്നും ജറൂസലം ഇസ്രാഈലിന്റെ ഭാഗമല്ലെന്നും യു.എന്‍ വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ പ്രഖ്യാപിച്ചതാണ്. അമേരിക്കയും കഴിഞ്ഞദിവസം വരെ പരോക്ഷമായിട്ടെങ്കിലും ഇത് അംഗീകരിച്ചിരുന്നു. യു.എന്‍ തീരുമാനം ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ അതിനാണ് അംഗീകാരമുള്ളതെന്നു മാര്‍പാപ്പ ഉള്‍പ്പെടെയുള്ള ലോകനേതാക്കള്‍ പുറപ്പെടുവിച്ച പ്രസ്താവന ട്രംപിന് ഇളക്കമുണ്ടാക്കിയിട്ടില്ല.
പശ്ചിമേഷ്യയെ നിതാന്തമായ അസ്വസ്ഥതകളില്‍ തളച്ചിടുവാനുള്ള സയണിസ്റ്റ് ഗൂഢാലോചനയുടെ ഫലമാണു ട്രംപിന്റെ പ്രഖ്യാപനമെന്നു വേണം കരുതാന്‍. ഇതിന്റെ ഫലമായി പശ്ചിമേഷ്യയിലെ രാഷ്ട്രങ്ങള്‍ വീണ്ടുമൊരു യുദ്ധമുഖത്തേയ്ക്ക് എത്തിപ്പെടാനുള്ള സാധ്യത തള്ളിക്കളയാനും കഴിയില്ല. അതുവഴി മുസ്‌ലിംരാഷ്ട്രങ്ങളുടെ നിലനില്‍പ്പു തകര്‍ക്കാമെന്നു കണക്കുകൂട്ടുന്നുണ്ടാകാം ഫാസിസ്റ്റ് ശക്തികള്‍.
യമനില്‍ നടന്നുകൊണ്ടിരിക്കുന്നതും മറ്റൊന്നല്ല. ഭരണാധികാരിയില്ലാത്ത, ലോകത്തെ ഏറ്റവും ദരിദ്രമുസ്‌ലിം രാഷ്ട്രമായ യമന്‍ നാളെ ഭൂമുഖത്തു നിന്നു മറയുകയാണെങ്കില്‍ അതിന്റെ ഉത്തരവാദിത്വം സാമ്രാജ്യത്വശക്തികള്‍ക്കായിരിക്കും.
ഇസ്രാഈല്‍-ഫലസ്തീന്‍ സംഘര്‍ഷത്തിന്റെ അടിസ്ഥാനകാരണം ജറൂസലം തന്നെയാണ്. ഇസ്രാഈല്‍ അധിനിവേശം നടത്തിയ കിഴക്കന്‍ ജറൂസലം തലസ്ഥാനമായി രാഷ്ട്രം വേണമെന്ന ഫലസ്തീനികളുടെ ആവശ്യത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. അതിലൂന്നിയ ചര്‍ച്ചകളായിരുന്നു ഇതുവരെ നടന്നത്. അതാണിപ്പോള്‍ ട്രംപ് തകര്‍ത്തിരിക്കുന്നത്.
മറുവശത്താകട്ടെ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) മുസ്‌ലിം ലോകത്തിനു നല്‍കിയ പ്രതീക്ഷകളൊക്കെയും തകിടംമറിഞ്ഞിരിക്കുകയുമാണ്. സഊദി അറേബ്യയും യു.എ.ഇയും ചേര്‍ന്നു കൂറുമുന്നണിക്കു രൂപം കൊടുത്തിരിക്കുന്നു. ചുരുക്കത്തില്‍ മുസ്‌ലിം ലോകത്തെ വിഴുങ്ങാനായി സയണിസ്റ്റ് ശക്തികള്‍ വാ പിളര്‍ത്തി അടുത്തുകൊണ്ടിരിക്കുമ്പോള്‍ തമ്മില്‍ത്തല്ലി പിരിയുകയാണു മുസ്‌ലിം ലോകം.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.