2023 June 01 Thursday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ജിദ്ദയില്‍ കനത്ത മഴ, വിമാനങ്ങള്‍ വൈകി; സൗദിയില്‍ ചൊവ്വാഴ്ച വരെ മഴയുണ്ടാവും

ജിദ്ദ: പ്രവിശ്യയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുന്നു. വെള്ളിയാഴ്ച ഉച്ചവരെ ജാഗ്രത പാലിക്കണമെന്ന് ജിദ്ദ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. മോശം കാലാവസ്ഥ കാരണം ജിദ്ദ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന ചില വിമാനങ്ങള്‍ വൈകി. പുതുക്കിയ വിമാന സര്‍വീസ് സമയ വിവരങ്ങള്‍ ലഭിക്കുന്നതിന് എയര്‍ലൈനുകളുമായി ആശയവിനിമയം നടത്താന്‍ വിമാനത്താവള അധികൃതര്‍ യാത്രക്കാരോട് ആവശ്യപ്പെട്ടു.

ജിദ്ദയില്‍ ഇടിമിന്നലും കനത്ത മഴയും ആലിപ്പഴ വര്‍ഷവും ഉണ്ടാവുമെന്നും ശക്തമായ തിരമാലകള്‍ക്കും പേമാരിയ്ക്കും പുറമേ ദൂരക്കാഴ്ച കുറവായിരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരുന്നു. മഴവെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളില്‍ ആളുകള്‍ ജാഗ്രത പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സ് അഭ്യര്‍ത്ഥിച്ചു.

സഊദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും അടുത്ത ചൊവ്വാഴ്ച വരെ മഴയുണ്ടാവുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വക്താവ് ഹുസൈന്‍ അല്‍ ഖഹ്താനി അറിയിച്ചു. വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച വരെ ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്.

റിയാദില്‍ ഇടിമിന്നലിനും ശക്തമായ മഴയ്ക്കും സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സിവില്‍ ഡിഫന്‍സ് അഭ്യര്‍ത്ഥിച്ചു. മക്ക, മദീന, റിയാദ്, അസീര്‍, ഖാസിം, അല്‍ ബഹ എന്നിവിടങ്ങളില്‍ സാമാന്യം ശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം. കിഴക്കന്‍ പ്രവിശ്യ, നജ്‌റാന്‍, ജസാന്‍ മേഖലകളെ നേരിയതോ മിതമായതോ ആയ മഴ ബാധിച്ചേക്കാം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.