തിരുവനന്തപുരം: സംസ്ഥാനത്തെ അതിശക്തമായ മഴയില്‍ കേരളത്തിന്റെ തീരപ്രദേശങ്ങള്‍ കടുത്ത ദുരിതത്തില്‍. കാസര്‍കോട്, കൊച്ചി, കൊല്ലം തീരങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷം. കാസര്‍കോട് തൃക്കണ്ണാട് കടല്‍ക്ഷോഭം തടയാന്‍ നാട്ടുകാര്‍ സംരക്ഷണഭിത്തി നിര്‍മിച്ചു. ചിത്താരി കടപ്പുറത്ത് കടല്‍ വെള്ളം വീടുകളില്‍ അടിച്ചു കയറി. രൂക്ഷമായ കടലാക്രമണം മൂലം ബേക്കല്‍, മുസോഡി, തുടങ്ങിയ തീര പ്രദേശങ്ങളിലെ സ്ഥിതിയും ആശങ്കജനകമാണ്.
കോഴിക്കോട് വടകര തീരദേശത്തെ വീടുകളില്‍ വെള്ളം കയറി. ഏഴ് കുടുംബങ്ങളെ ബന്ധുവീട്ടിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. വിവിധ വില്ലേജുകളിലായി 18 വീടുകള്‍ ഭാഗികമായി തകര്‍ന്നു. പശ്ചിമകൊച്ചിയില്‍ കടലാക്രമണം രൂക്ഷമായി. ചെല്ലാനം മനശ്ശേരി മുതല്‍ കണ്ണമാലി വരെ കടലിനോട് ചേര്‍ന്നുള്ള വീടുകള്‍ വെള്ളത്തിലാണ്. കടല്‍ക്കയറ്റത്തില്‍ പൊറുതിമുട്ടിയ കുടുംബങ്ങള്‍ കണ്ണമാലിയില്‍ നാലുമണിക്കൂറിലേറെ തീരദേശ പാത ഉപരോധിച്ചു
ആലപ്പുഴയില്‍ ആറാട്ടുപുഴ, മംഗലം, പത്തിശേരി തുടങ്ങിയ ഭാഗങ്ങളില്‍ കടലാക്രമണം രൂക്ഷമാണ്. കൊല്ലത്ത് തീരപ്രദേശത്ത് കടലാക്രമണം രൂക്ഷമായി. നിരവധി വിനോദസഞ്ചാരികള്‍ എത്തുന്ന കൊല്ലം ബീച്ചിന്റെ കൂടുതല്‍ ഭാഗം കടലെടുത്തു.
Comments are closed for this post.