
ന്യൂഡല്‍ഹി: പുതുതായി കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങളില്‍ പ്രശ്നങ്ങളുണ്ടെന്ന് സര്‍ക്കാര്‍ സമ്മതിച്ചതായി പ്രതിഷേധത്തിലിരിക്കുന്ന കര്‍ഷക നേതാക്കള്‍. ഈ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ഭേദഗതികളാവാമെന്ന് സമ്മതിച്ചതായും യോഗശേഷം പുറത്തുവന്ന ബല്‍ദേവ് സിങ് സിര്‍സ എന്ന കര്‍ഷക നേതാവ് മാധ്യമങ്ങളോടു പറഞ്ഞു.
എന്നാല്‍ ഞങ്ങള്‍ ഭേദഗതി പോരെന്നും നിയമങ്ങള്‍ പിന്‍വലിക്കുകയാണ് വേണ്ടതെന്നും സര്‍ക്കാരിനെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.
അതേസമയം, കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭത്തിലുള്ള കര്‍ഷക നേതാക്കളുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ രണ്ടാംഘട്ട ചര്‍ച്ചയും വിഫലമായി. ഏഴു മണിക്കൂര്‍ നീണ്ട ചര്‍ച്ചയാണ് തീരുമാനമാവാതെ പിരിഞ്ഞത്. 34 കര്‍ഷക നേതാക്കളാണ് ചര്‍ച്ചയ്ക്കായി എത്തിയത്.
ശനിയാഴ്ച വീണ്ടും ചര്‍ച്ച നടത്താനാണ് തീരുമാനം. സര്‍ക്കാരിന് ഇക്കാര്യത്തില്‍ ‘ഈഗോ’ ഇല്ലെന്ന് കേന്ദ്രമന്ത്രി നരേന്ദ്ര തോമര്‍ യോഗശേഷം പ്രതികരിച്ചു.
സര്‍ക്കാരിന് ഇത് ‘ലാസ്റ്റ് ചാന്‍സാ’ണെന്നും പ്രത്യേക പാര്‍ലമെന്റ് വിളിച്ച് മൂന്ന് നിയമങ്ങളും പിന്‍വലിക്കണമെന്നും കര്‍ഷക നേതാക്കള്‍ യോഗത്തിനു മുന്നോടിയായി പറഞ്ഞിരുന്നു. ശനിയാഴ്ച നടക്കുന്ന യോഗത്തെ സംബന്ധിച്ച് കര്‍ഷക നേതാക്കള്‍ പ്രതികരണം അറിയിച്ചിട്ടില്ല.
ഉച്ചയ്ക്ക് സര്‍ക്കാര്‍ ഒരുക്കിയ ഭക്ഷണം യോഗത്തിനെത്തിയ കര്‍ഷക നേതാക്കള്‍ നിരസിച്ചതും സ്വയം കൊണ്ടുവന്ന ഭക്ഷണം കഴിച്ചതും വാര്‍ത്തയായിരുന്നു.