ഗുവാഹത്തി: 19 ലക്ഷം പേരെ പുറത്താക്കിക്കൊണ്ട് വന്ന എന്‍.ആര്‍.സി പട്ടികയ്‌ക്കെതിരെ കടുത്ത വിമര്‍ശനവുമായി അസമിലെ തന്നെ ബി.ജെ.പി മന്ത്രി ബിസ്വ ശര്‍മ. വിദേശികള്‍ മാത്രമേ പുറത്താകൂയെന്നായിരുന്നു തന്റെ പ്രതീക്ഷയെന്നും ബിസ്വ ശര്‍മ പറഞ്ഞു.
‘ഈ രൂപത്തിലുള്ള എന്‍.ആര്‍.സിയില്‍ ഞങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു. നിരവധി യഥാര്‍ഥ ഇന്ത്യക്കാര്‍ പുറത്താവുമ്പോള്‍, എങ്ങനെ ഇത് അസമീസ് സമൂഹത്തിന് റെഡ് ലെറ്ററാണെന്ന് പ്രഖ്യാപിക്കാനാവും’- ബിസ്വ ശര്‍മ പറഞ്ഞു.
‘ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന സൗത്ത് സാല്‍മാര, ധുബ്രി ജില്ലകളില്‍ പുറത്താകുന്നവരുടെ എണ്ണം അതല്ലാത്ത ഭൂമിപുത്ര ജില്ലയേക്കാള്‍ എത്രയോ കുറവാണ്. ഇതെങ്ങനെ സാധ്യമാവും? ഞങ്ങള്‍ക്ക് ഈ എന്‍.ആര്‍.സിയില്‍ താല്‍പര്യമില്ല’- അദ്ദേഹം പറഞ്ഞു.
‘ബംഗ്ലാദേശികളെ പുറത്താക്കാനുള്ള ക്വാര്‍ട്ടര്‍ ഫൈനലോ, സെമി ഫൈനലോ, ഫൈനലോ അല്ല എന്‍.ആര്‍.സി… കുറച്ചുസമയം കാത്തിരിക്കുക. ബി.ജെ.പി സര്‍ക്കാരിന് കീഴില്‍ കൂടുതല്‍ ഫൈനല്‍ നിങ്ങള്‍ കാണും’- അദ്ദേഹം പറഞ്ഞു.
ബംഗാളി ഹിന്ദുക്കള്‍ പുറത്തായതോ കാരണം
പുതിയ പട്ടികയില്‍ മന്ത്രി നീരസം വ്യക്തമാക്കിയെങ്കിലും കാരണം എന്താണെന്ന് പറഞ്ഞിട്ടില്ല. അതേസമയം, കൂടുതല്‍ ്പുറത്തായത് ബംഗാളി ഹിന്ദുക്കളാണെന്നതിനെ തുടര്‍ന്നാണിതെന്നാണ് സൂചന.
18 ശതമാനം വരുന്ന ബംഗാളി ഹിന്ദുക്കള്‍ ബി.ജെ.പിയുടെ വോട്ട് ബാങ്കാണ്. ഇവരുടെ അകമഴിഞ്ഞ പിന്തുണയുള്ളത് കൊണ്ടായിരുന്നു സംസ്ഥാനത്തെ 14ല്‍ ഒന്‍പത് ലോക്‌സഭാ സീറ്റിലും ബി.ജെ.പിക്ക് വിജയിക്കാനായത്. എന്‍.ആര്‍.സിയുടെ കരട് റിപ്പോര്‍ട്ട് സംബന്ധിച്ച് തങ്ങള്‍ക്ക് മനസിലായത് ഇത് ഏറ്റവുമധികം ബാധിച്ചത് ബംഗാളി ഹിന്ദുക്കളെയാണെന്നാണ് അസമിലെ ബംഗാളി ഹിന്ദുക്കളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സാറാ അസം ബംഗാളി ഐക്യ മാഞ്ച ജനറല്‍ സെക്രട്ടറി ശാന്തനു മുഖര്‍ജി പറഞ്ഞത്.
ന്യൂനപക്ഷങ്ങളെ ലക്ഷ്യംവച്ചാണ് അസമില്‍ പൗരത്വ പട്ടിക കൊണ്ടുവരാന്‍ ബി.ജെ.പി പദ്ധതി തയാറാക്കിയതെങ്കിലും, കരടില്‍ നിന്ന് കൂടുതല്‍ ബംഗാളി ഹിന്ദുക്കള്‍ പുറത്തായതോടെ പാര്‍ട്ടി അസ്വസ്ഥതയിലാണ് ഇക്കാര്യം പാര്‍ട്ടി വൃത്തങ്ങളും സമ്മതിച്ചിട്ടുണ്ട്.
പട്ടികയില്‍ നിന്ന് ഇന്ത്യക്കാര്‍ പുറത്തായിട്ടുണ്ടെങ്കില്‍ നിയമനിര്‍മാണത്തിന്റെ വഴി സ്വീകരിക്കണമെന്ന് അസം ബി.ജെ.പി അധ്യക്ഷന്‍ രഞ്ജീത് കുമാര്‍ ദാസ് പറഞ്ഞിരുന്നു. ബി.ജെ.പി നേതാവും ബംഗാളി ഹിന്ദുക്കളില്‍ നിന്നുള്ള തീപ്പൊരി നേതാവുമായ സിലാദിത്യ ദേവ് എം.എല്‍.എയുടെ പ്രതികരണം കുറച്ച് രൂക്ഷമായിരുന്നു. 1971നു മുന്‍പായി ഇന്ത്യയിലേക്ക് വന്ന ഹിന്ദുക്കളുടെ കാര്യത്തില്‍ എന്‍.ആര്‍.സി കോര്‍ഡിനേറ്റര്‍ തീര്‍ത്തും ഉദാസീനമായ നിലപാടാണ് സ്വീകരിച്ചത്. 71ന് ശേഷം വന്ന മുസ്‌ലിംകളുടെ കാര്യത്തില്‍ എന്‍.ആര്‍.സി വലിയ ഉല്‍സാഹം കാണിക്കുന്നു. സ്വാധീനമുള്ളവരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി രേഖ തയാറാക്കുന്ന ഒരു ഏജന്‍സിയായി എന്‍.ആര്‍.സി അധ:പതിച്ചെന്നും അദ്ദേഹം ആരോപിക്കുന്നു.
ബംഗാളി ഹിന്ദുക്കള്‍ കൂടുതലായി എന്‍.ആര്‍.സി കരടില്‍ നിന്ന് പുറത്തായതോടെ വീണ്ടും വെരിഫിക്കേഷന്‍ ചെയ്യണമെന്ന് സംസ്ഥാനവും കേന്ദ്രവും ഭരിക്കുന്ന ബി.ജെ.പി സുപ്രിംകോടതിയില്‍ ആവശ്യപ്പെട്ടെങ്കിലും അസമില്‍ നിന്നുള്ള ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അക്കാര്യം നിരസിക്കുകയാണുണ്ടായത്.
Comments are closed for this post.