
ഹാറൂൻ റഷീദ്
യൂറോപ്യൻ വന്പന്മാരായ ഇംഗ്ലണ്ടും നെതർലൻഡ്സും ഗ്രൂപ്പ് ചാംപ്യന്മാരായി ലോകകപ്പ് ഫുട്ബോളിന്റെ പ്രീക്വാർട്ടറിൽ
പ്രവേശിച്ചു. എഗ്രൂപ്പിൽ നിന്ന്നെതർലൻഡ്സിന് പിന്നിൽ രണ്ടാമതായി സെനഗലും ബി ഗ്രൂപ്പിൽ നിന്ന് രണ്ടാം സ്ഥാനക്കാരായി യു.എസ്.എയുമാണ് പ്രീക്വാർട്ടറിലേക്ക് കടന്നത്.
പ്രീക്വാർട്ടറിൽ നെതർലൻഡ്സ് യു.എസ്.എയെയും ഇംഗ്ലണ്ട് സെനഗലിനെയും നേരിടും.
ഇന്നലെ നടന്ന മത്സരത്തിൽ വെയിൽസിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്താണ് ഇംഗ്ലണ്ട് നോക്കൗട്ടിലേക്ക് ടിക്കറ്റുറപ്പിച്ചത്. ഇംഗ്ലണ്ടിനായി മാർക്കസ് റാഷ്ഫോഡ് ഇരട്ട ഗോൾ നേടി. മറ്റൊരു മത്സരത്തിൽ യു.എസ്.എ ഇറാനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി. ക്രിസ്റ്റ്യൻ പുലിസിച്ചാണ് യു.എസ്.എയുടെ വിജയഗോൾ നേടിയത്.
ഇന്നലെ നടന്ന ആദ്യ രണ്ടു മത്സരങ്ങളിൽ നെതർലൻഡ്സ് ആതിഥേയരായ ഖത്തറിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയപ്പോൾ ഇക്വഡോറിനെതിരായ മത്സരത്തിലാണ് സെനഗൽ വിജയഗാഥ രചിച്ച് പ്രീക്വാർട്ടർ ബർത്തുറപ്പിച്ചത്. 2-1ന് ജയം സ്വന്തമാക്കിയ സെനഗൽ 2002ന് ശേഷം ആദ്യമായി ലോകകപ്പ് പ്രീക്വാർട്ടർ എന്ന സ്വപ്നത്തിലേക്ക് ചിറകടിച്ച് കയറി.
കോഡി ഗാക്പോ, ഫ്രാങ്കി ഡി ജോങ് എന്നിവരാണ് ഡച്ച് പടയുടെ ഗോൾ സ്കോറർമാർ. സെനഗലിനു വേണ്ടി ഇസ്മായില സാർ, കാലിദൗ കൗലിബാലി എന്നിവർ ലക്ഷ്യം കണ്ടു.
Comments are closed for this post.