2024 February 22 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തില്ല; ജാനുവിനെ തിരിഞ്ഞുകുത്തിയതു സ്വാര്‍ഥ മോഹങ്ങള്‍: പണം കൈമാറിയത് ഹോട്ടല്‍ ഹൊറൈസണില്‍ നിന്ന്, ഇനിയുമുണ്ട് തെളിവുകള്‍, പുറത്തുവിടും: പ്രസീത

കോഴിക്കോട്: സി.കെ ജാനുവിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ആദ്യമായി വിവരങ്ങള്‍ പുറത്തുവന്നത് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിക്കകത്ത്. പാര്‍ട്ടി ഭാരവാഹികളടങ്ങിയ വാട്‌സാപ്പ് ഗ്രൂപ്പുകളിലാണിത് പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഇതൊന്നും കാര്യമാക്കാതെ ജാനു തന്നിഷ്ടപ്രകാരം മുന്നോട്ടുപോയി. ഇടനിലക്കാര്‍ക്കൊന്നും ലഭിച്ചില്ല. ഇതാണ് പാര്‍ട്ടി ഭാരവാഹികളെ ചൊടിപ്പിച്ചത്. തുടക്കത്തില്‍ കാര്യങ്ങള്‍ സംസാരിക്കാന്‍ ജാനുവിന് ഇടനിലക്കാര്‍ വേണമായിരുന്നു. പിന്നീട് ജാനുവും സുരേന്ദ്രനും ഒറ്റക്കായി കാര്യങ്ങള്‍. കിട്ടിയ പണം ജാനുവാകട്ടെ പാര്‍ട്ടിക്ക് നല്‍കിയല്ല. പാര്‍ട്ടിയില്‍ പറഞ്ഞതുമില്ല. ഇത് പാര്‍ട്ടി നേതാക്കളെയും ചൊടിപ്പിച്ചു.

മറ്റു ചില തെളിവുകള്‍ കൂടി തന്റെ പക്കലുണ്ടെന്നും പ്രസീത അവകാശപ്പെട്ടു. അതും പുറത്തുവിടും. ശബ്ദരേഖ പരിശോധിച്ചാല്‍ കൃത്രിമമായി നിര്‍മിച്ചതാണോ അല്ലയോ എന്നു വ്യക്തമാകും. ആണെങ്കില്‍ ഏതുശിക്ഷയും ഏറ്റുവാങ്ങാം. അവര്‍ വ്യക്തമാക്കി.
ചെറിയ പാര്‍ട്ടി എന്ന നിലയില്‍ തനിച്ചുനില്‍ക്കാന്‍ കഴിയില്ലായിരുന്നു. അതിനാലാണ് എന്‍.ഡി.എയുടെ ഘടകകക്ഷിയാകാന്‍ തീരുമാനിച്ചത്. ഇതുപ്രകാരം സി.കെ ജാനുവും പാര്‍ട്ടി സംസ്ഥാനനേതാക്കളും കെ.സുരേന്ദ്രനുമായി ചര്‍ച്ചചെയ്തു. ജാനു പത്തുകോടി ആവശ്യപ്പെട്ടു. ഇതു ബി.ജെ.പി നേതൃത്വം അംഗീകരിച്ചില്ലെങ്കിലും പിന്നീടു പത്തുലക്ഷത്തിനു ധാരണയായി. കേന്ദ്രമന്ത്രി സ്ഥാനവും ജാനു ആവശ്യപ്പെട്ടു.

പിന്നീട് പാര്‍ട്ടിയെ അറിയിക്കാതെ സി.കെ ജാനു സുരേന്ദ്രനുമായി ബന്ധപ്പെടുകയായിരുന്നു. എതെങ്കിലും കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ആക്കാമെന്നായിരുന്നു ഇരുവരും തമ്മിലുണ്ടായ ധാരണ. ഇതൊന്നും പാര്‍ട്ടി അറിഞ്ഞില്ല. തുടര്‍ന്നുള്ള തര്‍ക്കങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വാര്‍ത്തകള്‍ക്കു പിന്നിലെന്നും വിലയിരുത്തപ്പെടുന്നു.

   

ജാനുവിനെയോ ബി.ജെ.പിയെയോ സുരേന്ദ്രനെയോ കരിവാരിതേക്കണമെന്ന ഉദ്ദേശത്തോടെയല്ല ശബ്ദരേഖ പുറത്തുവിട്ടതെന്ന് പ്രസീത പറയുന്നു. ജാനുവിന്റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് പാര്‍ട്ടിയില്‍ ചര്‍ച്ചയായി. പാര്‍ട്ടി ഗ്രൂപ്പിലാണ് അതിട്ടത്. ജാനു വ്യക്തിപരമായാണു പണം കൈപ്പറ്റിയിത്. ഒരുലക്ഷം രൂപയാണു പാര്‍ട്ടിക്കു ലഭിച്ചത്. ബാക്കി പണം ജാനു അവരുടെ ആവശ്യത്തിനാണ് ഉപയോഗിച്ചത്. പാര്‍ട്ടിയില്‍ നിന്നും മാറിനിന്നിരുന്ന ജാനുവിനെ സുരേന്ദ്രന്റെ താല്‍പര്യപ്രകാരമാണു പാര്‍ട്ടിയില്‍ തിരികെയെത്തിച്ചത്. ജാനുവിനെ പാര്‍ട്ടിയില്‍ തിരിച്ചെത്തിച്ചാല്‍ ബത്തേരി സീറ്റും ജനാധിപത്യ രാഷ്ട്രീയപാര്‍ട്ടിയെ എന്‍.ഡി.എയുടെ ഘടകകക്ഷിയും ആക്കാമെന്നു സുരേന്ദ്രന്‍ പറഞ്ഞിരുന്നുവെന്നും പ്രസീത വെളിപ്പെടുത്തി.

തിരുവനന്തപുരത്തെ ഹോട്ടല്‍ ഹൊറൈസണില്‍ വച്ചാണ് സുരേന്ദ്രനും ജാനുവും ചര്‍ച്ച നടത്തിയത്. ഹോട്ടലില്‍ ജാനുവും പാര്‍ട്ടി നേതാക്കളുമുള്ളപ്പോള്‍ കെ.സുരേന്ദ്രന്‍ അവിടെ എത്തുകയും മറ്റുള്ളവരെ മുറിയില്‍ നിന്നു മാറ്റിനിര്‍ത്തി ചര്‍ച്ച നടത്തുകയുമായിരുന്നു. അപ്പോഴാണ് പണം കൈമാറിയതെന്നു കരുതുന്നതായും പ്രസീത പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.