പ്രമേഹത്തെ പേടിച്ച് പഞ്ചസാരയ്ക്ക് പകരം സാക്കറിന്‍, സുക്രലോസ് പോലുള്ള കൃത്രിമ മധുരങ്ങള്‍ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? ഏങ്കില്‍ നിങ്ങള്‍ക്കിതാ ഒരു മുന്നറിയിപ്പ്. ഹ്രസ്വകാലത്തേക്ക് ചില നേട്ടങ്ങളൊക്കെ നല്‍കിയേക്കാമെങ്കിലും എറിത്രോട്ടോള്‍ അടങ്ങിയ കൃത്രിമ മധുരങ്ങള്‍ ഉപയോഗിക്കുന്നത് ഹൃദയാഘാതം അല്ലെങ്കില്‍ സ്‌ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നാണ് നേച്ചര്‍ മെഡിസിനിലെ പുതിയ പഠനം പറയുന്നു. അതായത് നിങ്ങള്‍ കൃത്രിമ മധുരം ഉപയോഗിക്കുകയാണെങ്കില്‍, അതില്‍ എറിത്രോട്ടോള്‍ അടങ്ങിയിട്ടില്ലെന്ന് ഉറപ്പുവരുത്തണം.
എയ്‌സള്‍ഫെയിം കെ, അസ്പാര്‍ടെയിം, സൈക്ലാമേറ്റ്‌സ്, അഡ്വാന്‍ടെയിം, നിയോടെയിം, സാകറിന്‍, സൂക്രലോസ്, സ്റ്റെവിയ, തുടങ്ങിയവയാണ് പ്രധാന നോണ്‍ ഷുഗര്‍ സ്വീറ്റ്‌നേഴ്‌സ്. ഇവയില്‍ അടങ്ങിയിരിക്കുന്ന കെമിക്കലുകളാണ് ഭാവിയില്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നത്.
അതേസമയം, ശരീരഭാരം കുറയ്ക്കാന്‍ കൃത്രിമ മധുരപലഹാരങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ ലോകാരോഗ്യ സംഘടന ഈയിടെ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. അവയുടെ ദീര്‍ഘകാല ഉപയോഗം ടൈപ്പ് 2 പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു.
പഞ്ചസാരയ്ക്ക് പകരം എന്തെല്ലാം ഉപയോഗിക്കാം?
കൃത്രിമ മധുരപലഹാരങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍, യഥാര്‍ത്ഥ പഞ്ചസാര മിതമായ അളവില്‍ ഉപയോഗിക്കുന്നത് അല്ലെങ്കില്‍ നിങ്ങളുടെ ഭക്ഷണത്തില്‍ നിന്ന് പഞ്ചസാര പൂര്‍ണ്ണമായും ഒഴിവാക്കുന്നത് പരിഗണിക്കുക. പഞ്ചസാരയിലൂടെ 100 മുതല്‍ 150 കലോറിയില്‍ കൂടുതല്‍ ശരീരത്തില്‍ എത്താന്‍ പാടില്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതല്ലെങ്കില്‍ തേന്‍ പോലെ പ്രകൃതിദത്തമായ മധുരങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. തേനില്‍ 80 ശതമാനം പ്രകൃതിദത്ത പഞ്ചസാരയും 18 ശതമാനം വെള്ളവും ധാതുക്കള്‍, വിറ്റാമിന്‍, പ്രോട്ടീന്‍ എന്നിവ രണ്ടു ശതമാനവുമാണ് അടങ്ങിയിരിക്കുന്നത്. കൂടാതെ ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളും തേനില്‍ അടങ്ങിയിട്ടുണ്ട്.
കോക്കോഷുഗറും പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കാവുന്നതാണ്. തെങ്ങിന്‍പൂക്കുല മുറിക്കുമ്പോള്‍ കിട്ടുന്ന നീരില്‍ നിന്നാണ് കോക്കോ ഷുഗര്‍ നിര്‍മിക്കുന്നത്. ഇവയില്‍ സിങ്ക്, കാത്സ്യം, അയേണ്‍ തുടങ്ങിയ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.
ഈന്തപ്പഴവും പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കാവുന്നതാണ്. പ്രമേഹമുള്ളവര്‍ക്കും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉള്ളവര്‍ക്കും ഹൃദ്രോഗികള്‍ക്കും ഈന്തപ്പഴം കഴിക്കാവുന്നതാണ്.
ശര്‍ക്കരയും പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കാവുന്നതാണ്. ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, മഗ്‌നീഷ്യം, പൊട്ടാസ്യം പോലുള്ള ധാതുകളും ശര്‍ക്കരയില്‍ അടങ്ങിയിട്ടുണ്ട്.
Comments are closed for this post.