2023 June 09 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

വഖ്ഫ് നിയമം ; പിൻവലിച്ചത് സമസ്തയുടെ നിലപാടിന്റെ വിജയം

ശഫീഖ് പന്നൂർ

കോഴിക്കോട് • വഖ്ഫ് നിയമനം പി.എസ്.സിക്ക് വിട്ട നിയമനിർമാണം ഭേദഗതി ചെയ്യാനുള്ള സർക്കാർ തീരുമാനം സമസ്തയുടെ കൂടി വിജയം. വഖ്ഫ് ബോർഡിൽ റജിസ്റ്റർ ചെയ്ത 12,000ത്തിൽ പരം വഖ്ഫ് സ്ഥാപനങ്ങളിൽ തൊണ്ണൂറു ശതമാനവും കൈകാര്യം ചെയ്യുന്നത് സമസ്തയാണ്.
അതുകൊണ്ടുതന്നെ വഖ്ഫ് ബോർഡിലെ നിയമനം പി.എസ്.സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട തീരുമാനവും നിയമവും പിൻവലിക്കണമെന്ന ആവശ്യവുമായി ആദ്യം മുതൽ തന്നെ സമസ്ത സജീവമായി രംഗത്തുണ്ടായിരുന്നു.

നിയമം കൊണ്ടുവന്ന സർക്കാരുമായി പലപ്പോഴായി ചർച്ചകൾ നടത്തുകയും നിവേദനം നൽകുകയും ചെയ്തിരുന്നു. സമസ്ത പ്രസിഡന്റ് ജിഫ്‌രി തങ്ങൾ മുഖ്യമന്ത്രിയുമായി സംസാരിക്കുകയും ജനറൽ സെക്രട്ടറി പ്രൊഫ.കെ. ആലിക്കുട്ടി മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിയെ കണ്ട് നിവേദനം നൽകുകയും ചെയ്തു. തുടർന്ന് സമസ്തയുടെ ആവശ്യം അനുഭാവപൂർവം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ആദ്യം സമസ്ത നേതാക്കൾക്കും പിന്നീട് മറ്റു മതസംഘടനാ പ്രതിനിധികൾക്കും ഉറപ്പു നൽകുകയും ചെയ്യുകയായിരുന്നു.

മതസംഘടനകൾക്ക് പ്രയാസമുണ്ടാക്കുന്ന തീരുമാനങ്ങളുമായി മുന്നോട്ടുപോവാൻ സർക്കാർ ആഗ്രഹിക്കുന്നില്ലെന്ന മുഖ്യമന്ത്രിയുടെ അറിയിപ്പിനെ തുടർന്ന് സമരങ്ങളും പ്രതിഷേധങ്ങളും വേണ്ടെന്ന് സമസ്ത തീരുമാനിക്കുകയായിരുന്നു. തുടർന്ന് മുഖ്യമന്ത്രിയുടേയും സർക്കാരിന്റേയും പ്രതികരണത്തിനു വേണ്ടി കാത്തിരുന്നു.

പള്ളികളിൽ പ്രതിഷേധങ്ങൾ വേണ്ടെന്ന് മുസലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുമായുമായി ആലോചിച്ച ശേഷം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ കൂടിയുള്ള വേദിയിൽ വച്ച് സമസ്ത പ്രസിഡന്റ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ അറിയിക്കുകയും ചെയ്തു.

നിയമസഭയിൽ ബിൽ പാസാക്കിയ ശേഷം നിയമം പിൻവലിക്കില്ലെന്ന് വഖ്ഫ് മന്ത്രി വി.അബ്ദുറഹ്മാൻ പലപ്പോഴും പറഞ്ഞിരുന്നെങ്കിലും സർക്കാർ ചട്ടം രൂപീകരിക്കുകയോ തുടർ നടപടികളിലേക്ക് പോവുകയോ ചെയ്തിരുന്നില്ല. തുടർന്നാണ് മുഖുമന്ത്രിയുടെ ഉറപ്പ് പാലിച്ചുകൊണ്ടുള്ള പ്രഖ്യാപനം ഇന്നലെ നിയമസഭയിൽ ഉണ്ടായത്. പി.കെ കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷന് മറുപടി പറയവെയാണ് വഖ്ഫ് നിയമനം പി.എസ്.സിക്ക് വിട്ട സർക്കാർ തീരുമാനം പിൻവലിക്കുന്നുവെന്ന് മുഖ്യമന്ത്രി അറിയിച്ചത്.

നിയമസഭയിൽ പാസാക്കിയ ബിൽ ആയതിനാൽ സഭയിലേ പിൻവലിക്കാനാവൂ. അടുത്ത നിയമസഭ സമ്മേളനത്തിലായിരിക്കും നിയമഭേദഗതി കൊണ്ടുവരിക. ഭേഗഗതി കൊണ്ടുവരും മുമ്പ് മുസ്‌ലിം സമുദായ സംഘടനകളുമായി ചർച്ച നടത്തി നിയമനങ്ങൾക്ക് സ്വീകരിക്കേണ്ട പുതിയ സംവിധാനം സർക്കാർ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. മത സംഘടന എന്ന രീതിയിൽ സർക്കാരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കാൻ ആദ്യഘട്ടത്തിൽ ഭരണകൂടവുമായി ആരോഗ്യകരമായ ചർച്ചകളും ആലോചനകളുമാണ് വേണ്ടതെന്ന സമസ്തയുടെ പരമ്പരാഗത നിലപാടിന്റെ വിജയം കൂടിയാണ് നിയമം പിൻവലിച്ചുകൊണ്ടുള്ള സർക്കാർ തീരുമാനം.

അതേസമയം പ്രതിപക്ഷ രാഷട്രീയ പാർട്ടി എന്ന നിലയിൽ കോഴിക്കോട് കടപ്പുറത്തുൾപ്പെടെ ലീഗ് വലിയ ജനപങ്കാളിത്തത്തോടെ പ്രതിഷേധ സമരങ്ങൾ നടത്തിയിരുന്നു. ഈ സമരങ്ങളും നിയമം പിൻവലിക്കാൻ സർക്കാരിനെ നിർബന്ധിതരാക്കിയിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.