കോഴിക്കോട്: വഖഫ് ബോര്‍ഡ് നിയമന വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടിസ് നല്‍കാന്‍ മുസ്ലിം ലീഗ്. നിയമസഭയില്‍ ബില്ലിനെ വിവിധ ഘട്ടങ്ങളില്‍ മുസ്ലിം ലീഗും യു.ഡി.എഫ് അംഗങ്ങളും എതിര്‍ത്തിരുന്നു. എന്നാലിതെല്ലാം അവഗണിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അവകാശ ലംഘനത്തിന് നോട്ടിസ് നല്‍കുന്നതെന്ന് മുസ്ലിം ലീഗ് എം.എല്‍.എ എന്‍. ഷംസുദ്ദീന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഇന്നലെ തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ നടന്ന യോഗത്തില്‍ വഖഫ് നിയമ ഭേദഗതിയുടെ നിയമ നിര്‍മ്മാണ വേളയില്‍ എതിര്‍പ്പുകള്‍ ഉന്നയിക്കപ്പെട്ടിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. നിലവിലെ ജീവനക്കാരുടെ പ്രശ്‌നം മാത്രമാണ് ഉന്നയിച്ചതെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു. ഈ സാഹചര്യത്തില്‍ വിവാദ ബില്‍ പിന്‍വലിക്കാന്‍ തയാറല്ലെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. അത് മറച്ചു വെച്ചുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനകള്‍ നിയമസഭയോടുള്ള അവഹേളനമാണെന്നും ഷംസുദ്ദീന്‍ എം.എല്‍.എ വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി നടപടി ക്രമങ്ങള്‍ പരിശോധിക്കാതെയാണ് ഇത് പറയുന്നത്. അല്ലെങ്കില്‍ പച്ചക്കള്ളം ആവര്‍ത്തിക്കുന്നു. ബില്ലിന് അവതരണാനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചത് താനാണ്. ബില്‍ ഭരണഘടനാവിരുദ്ധവും, കേന്ദ്ര വഖഫ് നിയമത്തിനെതിരും മതന്യൂനപക്ഷ വിരുദ്ധവുമാണെന്ന് താന്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പറഞ്ഞിരുന്നു. ചര്‍ച്ചകളില്‍ പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍, കെപിഎ മജീദ്, പി ഉബൈദുള്ള, കെ ബാബു, കുറുക്കോളി മൊയ്തീന്‍, നജീബ് കാന്തപുരം എന്നിവരും ബില്ലിന്റെ മൂന്നാം വായനയുടെ ഘട്ടത്തില്‍ പി.കെ കുഞ്ഞാലിക്കുട്ടിയും ബില്ല് പാസാക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു.
ഇതെല്ലാം ഇന്നലത്തെ യോഗത്തില്‍ മുഖ്യമന്ത്രി വിഴുങ്ങിക്കളഞ്ഞു. നിയമസഭാ നടപടി ക്രമങ്ങളെ കുറിച്ച് വസ്തുതാ വിരുദ്ധമായ പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുകയാണ് മുഖ്യമന്ത്രി. ഇതിനാല്‍ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കുമെന്നും എന്‍.ഷംസുദ്ദീന്‍ വ്യക്തമാക്കി.
Comments are closed for this post.