2021 March 04 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

വൊഡാഫോണ്‍ ഐഡിയ, എയര്‍ടെല്‍ മൊബൈല്‍ സേവന നിരക്കുകള്‍ വര്‍ധിപ്പിക്കുന്നു; ഡിസംബര്‍ മുതല്‍ പ്രാബല്യത്തില്‍

 

ന്യൂഡല്‍ഹി: ഭാരതി എയര്‍ടെല്‍, വൊഡാഫോണ്‍ ഐഡിയ എന്നീ മൊബൈല്‍ സേവനദാതാക്കള്‍ നിരക്ക് വര്‍ധിപ്പിക്കുന്നു. ഡിസംബര്‍ മുതല്‍ കോള്‍, ഡാറ്റ ചാര്‍ജ്ജുകള്‍ വര്‍ധിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. സാമ്പത്തിക പ്രതിസന്ധി കാരണമാണ് നിരക്കു വര്‍ധിപ്പിക്കുന്നതെന്നാണ് വിശദീകരണം.

മൂന്നു വര്‍ഷത്തിനിടെ ഇതാദ്യമായാണ് നിരക്ക് വര്‍ധിപ്പിക്കുന്നുവെന്ന വൊഡാഫോണ്‍ ഐഡിയ പ്രസ്താവന ഇറക്കിയത്. പിന്നാലെ എയര്‍ടെല്ലും ഇക്കാര്യം അറിയിച്ചു. നേരത്തെ, ജിയോ ഫോണുകളില്‍ വോയിസ് കോളുകള്‍ക്ക് പ്രത്യേക റീച്ചാര്‍ച്ച് ടോപ്അപ്പുകള്‍ ഏര്‍പ്പെടുത്തിയിരുന്നു.

സെപ്റ്റംബര്‍ 30ന് അവസാനിച്ച രണ്ടാം പാദത്തില്‍ 50,921 കോടി രൂപയുടെ നഷ്ടമാണ് വൊഡാഫോണ്‍ റിപ്പോര്‍ട്ട് ചെയ്തത്. ഒരു ഇന്ത്യന്‍ കോര്‍പ്പറേറ്റ് കമ്പനി രേഖപ്പെടുത്തുന്ന ഏറ്റവും വലിയ നഷ്ടമാണിത്.

‘ലോകോത്തര ഡിജിറ്റല്‍ അനുഭവങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത് തുടരുന്നതിനായി, വൊഡാഫോണ്‍ ഐഡിയ 2019 ഡിസംബര്‍ 1 മുതല്‍ താരിഫ് വില വര്‍ധിപ്പിക്കുന്നു’- എന്നാണ് പ്രസ്താവനയില്‍ പറയുന്നത്.

എന്നാല്‍ നിരക്ക് വർധന എങ്ങനെയാണെന്ന് വ്യക്തമാക്കിയിട്ടില്ല. പുതിയ ടോപ്പ്അപ്പുകള്‍ വരുമോയെന്നും വ്യക്തമല്ല.

2016 ല്‍ റിലയന്‍സ് ജിയോ അവതരിച്ചതു മുതലുണ്ടായ മത്സരത്തില്‍ പിടിച്ചുനില്‍ക്കാനാണ് വൊഡാഫോണും ഐഡിയയും ലയിച്ചത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 31 നാണ് ഇരുകമ്പനികളും ലയിച്ചത്. 408 മില്യണ്‍ ഉപഭോക്താക്കളുള്ള വൊഡാഫോണ്‍ ഐഡിയയാണ് രാജ്യത്തെ ഏറ്റവും വലിയ ടെലികോം ഓപറേറ്റര്‍.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.