2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഭരണഘടനാ ആമുഖം, പോക്‌സോ നിയമങ്ങള്‍, തൊഴില്‍ വിദ്യാഭ്യാസം; പുതിയ പാഠപുസ്തകങ്ങള്‍ക്ക് അംഗീകാരം

തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ പുതിയ പാഠപുസ്തകങ്ങള്‍ക്ക് ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാന സ്‌കൂള്‍ കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി അംഗീകാരം നല്‍കിയതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒന്‍പത് ക്ലാസുകളിലേക്ക് തയ്യാറാക്കിയ 173 പാഠപുസ്തകങ്ങള്‍ക്കാണ് അംഗീകാരം നല്‍കിയത്. കേരളത്തിന്റെ പാഠ്യപദ്ധതിയും അതിന്റെ തുടര്‍ച്ചയായി പാഠപുസ്തകങ്ങളും സമഗ്രമായ മാറ്റത്തിന് വിധേയമാകുകയാണെന്നും മന്ത്രി പറഞ്ഞു.

രണ്ട് കോടി ഒന്‍പത് ലക്ഷം പാഠപുസ്തകങ്ങള്‍ വേണ്ടിവരുമെന്ന് മന്ത്രി പറഞ്ഞു. 900 ലധികം വരുന്ന അധ്യാപകരാണ് പാഠ്യപദ്ധതി പരിഷ്‌കരണവുമായി പ്രവര്‍ത്തിച്ചത്. ഒന്നരവര്‍ഷം നീണ്ട പ്രക്രിയായായിരുന്നെന്നും മന്ത്രി പറഞ്ഞു. മലയാള അക്ഷരമാല എല്ലാ പുസ്തകത്തിലും ഉണ്ട്. ഏകകണ്ഠമായാണ് കരിക്കുലം കമ്മറ്റി അംഗീകാരം നല്‍കിയതെന്നും മന്ത്രി പറഞ്ഞു.

പ്രീസ്‌കൂള്‍ വിദ്യാഭ്യാസം, സ്‌കൂള്‍ വിദ്യാഭ്യാസം, അധ്യാപക വിദ്യാഭ്യാസം, തുടര്‍ വിദ്യാഭ്യാസവും മുതിര്‍ന്നവരുടെ വിദ്യാഭ്യാസവും എന്നീ മേഖലകളില്‍ നാല് പാഠ്യപദ്ധതി ചട്ടക്കൂടുകളാണ് തയാറാക്കിയിട്ടുള്ളത്. ഇത്തരത്തില്‍ തയ്യാറാക്കിയ നാല് പാഠ്യപദ്ധതി ചട്ടക്കൂടുകളുടെ അടിസ്ഥാനത്തില്‍ പ്രീപ്രൈമറി മുതല്‍ ഹയര്‍സെക്കന്‍ഡറി ക്ലാസുകള്‍ വരെ വിവിധ വിഷയങ്ങളുടെ സിലബസ് ഗ്രിഡ് ആണ് ഇപ്പോള്‍ തയ്യാറാക്കിയിട്ടുള്ളത്.

കരിക്കുലം സബ് കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും പരിഗണിച്ചു കൊണ്ട് ഫൈനലൈസേഷന്‍ ശില്പശാലയിലൂടെ ആവശ്യമായ മെച്ചപ്പെടുത്തലുകള്‍ വരുത്തി. മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നട ഭാഷകളിലാണ് പുസ്തകങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്. ഒന്നാം ക്ലാസ്സിലെ എല്ലാ പുസ്തകങ്ങള്‍ക്കും പ്രവര്‍ത്തന പുസ്തകം അഥവാ ആക്ടിവിറ്റി ബുക്ക് തയ്യാറാക്കും. അഞ്ചാം ക്ലാസ്സു മുതല്‍ കലാ വിദ്യാഭ്യാസം തൊഴില്‍ വിദ്യാഭ്യാസം എന്നിവയ്ക്ക് പാഠപുസ്തകങ്ങള്‍ ഉണ്ടാകും. ഇത് ആദ്യമായാണ് ഇത്തരത്തില്‍ ഒരു ക്രമീകരണം നടപ്പിലാക്കുന്നത്. പാഠപുസ്തകങ്ങള്‍ പുറത്തിറക്കുന്നതോടൊപ്പം ഡിജിറ്റല്‍ പതിപ്പും പ്രസിദ്ധീകരിക്കും.

നിരവധി പ്രത്യേകതകള്‍ ഇത്തവണ പാഠ്യപദ്ധതി പരിഷ്‌കരണത്തിലുണ്ട്. എല്ലാ പാഠപുസ്തകങ്ങളിലും ഭരണഘടനാ ആമുഖം ചേര്‍ത്തിട്ടുണ്ട് എന്നതാണ് അതില്‍ ഏറ്റവും ശ്രദ്ധേയമായത്. ദേശീയതലത്തില്‍ തന്നെ പാഠ്യപദ്ധതി പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുന്ന സംസ്ഥാനമാണ് കേരളം. സംസ്ഥാനത്ത് ആദ്യമായാണ് എല്ലാ പാഠപുസ്തകങ്ങളുടെ തുടക്കത്തിലും ഭരണഘടനയുടെ ആമുഖം അച്ചടിക്കുന്നത് വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

കായികരംഗം, മാലിന്യ പ്രശ്‌നം, ശുചിത്വം, പൗരബോധം, തുല്യനീതി മുന്‍നിര്‍ത്തിയുള്ള ലിംഗ അവബോധം, ശാസ്ത്രബോധം, ഹൈക്കോടതി അടക്കം നിര്‍ദ്ദേശംവെച്ചപ്രകാരം പോക്‌സോ നിയമങ്ങള്‍, കൃഷി, ജനാധിപത്യ മൂല്യങ്ങള്‍, മതനിരപേക്ഷത എന്നിവ പാഠപുസ്തകങ്ങളുടെ ഭാഗമാണ്. ടൂറിസം, കൃഷി, ഐ.റ്റി., ടെക്‌സ്‌റ്റൈല്‍, നൈപുണ്യ വികസനം എന്നിവ ഉള്‍പ്പെടുത്തി അഞ്ച് മുതല്‍ 10 വരെ തൊഴില്‍ വിദ്യാഭ്യാസം നല്‍കും. കുട്ടികളില്‍ ചെറുപ്പം മുതലേ തൊഴില്‍ മനോഭാവം വളര്‍ത്താന്‍ ഇത് ഉപകരിക്കും. പാഠപുസ്തകങ്ങളില്‍ കുട്ടികള്‍ വരച്ച ചിത്രങ്ങളും ഉള്‍ക്കൊള്ളുന്നുവെന്നത് ഇത്തവണത്തെ സവിശേഷതയാണ്.

2007ലാണ് ഇതിന് മുന്‍പ് സമഗ്രമായ പാഠ്യപദ്ധതി പരിഷ്‌കരണം നടന്നത്. 2013ലും ചില്ലറമാറ്റങ്ങള്‍ നടന്നിട്ടുണ്ട്. 10 വര്‍ഷത്തിലേറായി പാഠ്യപദ്ധതിയില്‍ മാറ്റം ഉണ്ടായിട്ടില്ല. 16 വര്‍ഷമായി അറിവിന്റെ മേഖലയില്‍ വന്ന വളര്‍ച്ച, ശാസ്ത്ര സാങ്കേതിക രംഗത്തുന്ന കുതിപ്പ്, വിവര വിനിമയ രംഗത്ത് സാങ്കേതികമായി വന്ന മാറ്റങ്ങള്‍, തുടങ്ങിയവയെല്ലാം പാഠ്യപദ്ധതിയില്‍ പ്രതിഫലിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ഭരണഘടനാ ആമുഖം, പോക്‌സോ നിയമങ്ങള്‍, തൊഴില്‍ വിദ്യാഭ്യാസം; പുതിയ പാഠപുസ്തകങ്ങള്‍ക്ക് അംഗീകാരം


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.