2022 July 03 Sunday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

വിഎം. കുട്ടി: ഓര്‍മയാകുന്നത് നാട്ടു നന്മകളുടെ ഇശലിമ്പങ്ങള്‍

  • സുപ്രഭാതം വാര്‍ഷികപ്പതിപ്പിനുവേണ്ടി വി.എം കുട്ടി അഷ്‌റഫ് കൊണ്ടോട്ടിയുമായി നടത്തിയ അഭിമുഖം. ഒരു ജനകീയ ഗായകന്റെ ആത്മകഥ തന്നെയാണ്. അദ്ദേഹം ഓര്‍മയാകുമ്പോള്‍ ഞങ്ങള്‍ വീണ്ടും പ്രസിദ്ധീകരിക്കുന്നു.

അഷ്‌റഫ് കൊണ്ടോട്ടി

ജീവിതം പറഞ്ഞുതുടങ്ങുമ്പോള്‍ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതിനും മുന്‍പുള്ള പത്തുവര്‍ഷം പിറകോട്ട് നടക്കേണ്ടിവരും. ഓര്‍മകളില്‍ കലയുടെ നിഴലാട്ടം തുടങ്ങുന്നത് വീടിന്റെ ഉമ്മറപ്പടിയില്‍നിന്ന് തന്നെയാണ്. മൂന്നു പ്രധാന ഘടകങ്ങളാണ് ഒരുപാട്ടുകാരന്‍ എന്ന മോഹമുദിപ്പിച്ചത്. തരക്കേടില്ലാത്ത സമ്പന്ന കാര്‍ഷിക കുടുംബത്തിലാണു ജനിച്ചത്. ജോലിക്കാരായി വീട്ടുമുറ്റത്തു വന്നുപോകുന്നവരില്‍ ദലിതരായിരുന്നു കൂടുതലും. അവര്‍ക്ക് കൃഷി ചെയ്യാനറിയുന്നതുപോലെ തനതു നാടന്‍ കലകളിലും സര്‍ഗശേഷിയുണ്ടായിരുന്നു. ഓണപ്പാട്ടുകള്‍, നാടന്‍ പാട്ടുകള്‍, പരിചമുട്ടുകളി, ചവിട്ടുകളി അങ്ങനെ കണ്ണിനും കാതിനും കൗതുകം പകരുന്ന സര്‍ഗസംഗമഭൂമിയാക്കി അവര്‍ വീടിന്റെ ഉമ്മറപ്പടിയിലെത്തുമായിരുന്നു. നാടന്‍പാട്ടുകളോട് തോന്നിയ ഇഷ്ടം ഉള്ളിലെ കലാകാരനെ വളരാന്‍ സഹായിച്ചു.

കൊയ്ത്തുകാലത്ത് വീട്ടില്‍ വിരുന്നെത്തുന്ന ഉണ്ണീന്‍ എളാപ്പ, നന്നായി പാട്ടുപാടുന്ന പാണ്ടികശാല ഫാത്തിമക്കുട്ടി അമ്മായി ഇവര്‍ ജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തിയവരാണ്. എളാപ്പ വീട്ടില്‍ വരുമ്പോള്‍ തത്തച്ചുണ്ടന്‍ മാങ്ങ കൊണ്ടുവരും. മങ്ങയേക്കാള്‍ സ്വാദ് എളാപ്പയുടെ പാട്ടിനുണ്ടായിരുന്നു. മോയീന്‍കുട്ടി വൈദ്യരുടെ പടപ്പാട്ടുകളാണ് എളാപ്പ പാടിയിരുന്നത്. ഞാനും സഹോദരങ്ങളും കാതുകൂര്‍പ്പിച്ചിരിക്കും. അമ്മായി വീട്ടില്‍ വിരുന്നെത്തിയാല്‍ മടക്കം രണ്ടാഴ്ച കഴിഞ്ഞാണ്. പുളിക്കല്‍ എ.എം.എം.എല്‍.പി സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് അമ്മായി വീട്ടിലെത്താനും വീട്ടിലെത്തിയാല്‍ മടങ്ങിപ്പോവാതിരിക്കാനുമായിരുന്നു എന്റെ പ്രാര്‍ഥന. അമ്മായിയുടെ ചുണ്ടില്‍ ഒപ്പനപ്പാട്ടും, കല്യാണപ്പാട്ടുകളും എപ്പോഴും തത്തിക്കളിച്ചിരുന്നു.
കാളപൂട്ടിന്റതിശയം പലരുമെ പറഞ്ഞ പൂതി…എന്റെ
കാലികള്‍കൊണ്ടൊരുവിധം ഞാന്‍ ചെന്നണഞ്ഞ ചേതീ…
അമ്മായി പാടിയിരുന്ന ഈ പാട്ട് തന്നെയാണ് ഞാന്‍ ആദ്യമായി പാടിയത്. പില്‍ക്കാലത്ത് ആയിരത്തിലേറെ തവണ ഈ പാട്ടുപാടിയിട്ടുണ്ട്. ശ്രോതാക്കള്‍ എന്നെ കൊണ്ടു പാടിപ്പിച്ചിട്ടുമുണ്ട്. അമ്മായിയുടെ പാട്ട് കേട്ടതോടെയാണ് ഒരു ഗായകനാവണമെന്ന ആഗ്രഹം മുളപൊട്ടുന്നത്.

 

സാഹിത്യസമാജത്തിലെ പാട്ടുകാരന്‍

1948ലാണ് ഫറോക്കില്‍ ഹൈസ്‌കൂള്‍ പഠനത്തിനെത്തുന്നത്. കൊണ്ടോട്ടിയിലെ അന്തരീക്ഷമായിരുന്നില്ല അവിടെ. കോട്ടും ധോത്തിയും ധരിച്ചെത്തുന്ന അധ്യാപകര്‍. തികഞ്ഞ അച്ചടക്കം. പഠനം മാത്രം ലക്ഷ്യം. പക്ഷേ, ക്ലാസില്‍ ഓരോ മാസവും സാഹിത്യസമാജങ്ങളുണ്ടാകുമായിരുന്നു. വര്‍ഷത്തില്‍ വാര്‍ഷികാഘോഷവും. പാട്ടുകാരനായി ഞാന്‍ സാഹിത്യസമാജത്തില്‍ പങ്കെടുത്തുകൊണ്ടിരുന്നു. വാര്‍ഷികാഘോഷങ്ങള്‍, നാടകം, ഗാനമേള, പ്രച്ഛന്നമത്സരം തുടങ്ങിയവയില്‍ പങ്കെടുത്തു. സാഹിത്യസമാജത്തില്‍ പാടാനുള്ള പാട്ടുകള്‍ സഹോദരിമാരില്‍ നിന്ന് ലഭിച്ചിരുന്നു. അവര്‍ സബീനപ്പാട്ടുകള്‍ വാങ്ങി ആലപിക്കും. അതോടെ പക്ഷിപ്പാട്ടും മാലപ്പാട്ടുകളും പഠിക്കാന്‍ എനിക്ക് പ്രചോദനമായി. എസ്.എസ്.എല്‍.സി പരീക്ഷ കഴിഞ്ഞതോടെ വീണ്ടും നാട്ടിലെത്തി. സുഹൃത്തുക്കളുമായി ചേര്‍ന്നു കലാപ്രവര്‍ത്തനങ്ങളില്‍ മുഴുകി. പുളിക്കലില്‍ ഒരു ലൈബ്രറി തുടങ്ങുകയായിരുന്നു ആദ്യലക്ഷ്യം. ബാപ്പാന്റെ കടയുടെ മുകളിലെ മുറി കണ്ടെത്തി.

യുവജന വായനാശാല രൂപീകരിക്കപ്പെട്ടു. ആദ്യ പ്രസിഡന്റും ഞാനായിരുന്നു. ഇന്നും പുളിക്കലില്‍ പതിനായിരത്തിലേറെ പുസ്തക ശേഖരവുമായി ഈ ഗ്രന്ഥശാല വഴികാട്ടുന്നുണ്ട്. വീടുകളില്‍ കയറിയിറങ്ങിയാണ് പുസ്തകങ്ങളും മാസികകളും ഞങ്ങള്‍ ശേഖരിച്ചിരുന്നത്. ഫറോക്കില്‍ നിന്ന് രാമനാട്ടുകര സേവാമന്ദിരത്തിലേക്കാണു പിന്നീട് വന്നെത്തുന്നത്. അധ്യാപക പരിശീലനമായിരുന്നു ലക്ഷ്യം. പാട്ടിലേക്കും അധ്യാപക ജോലിയിലേക്കുമുള്ള വഴിത്തിരിവായിരുന്നു അത്. ട്രെയിനിങ് കോളജിലെ പ്രധാനാധ്യാപകന്‍ യു. കരീം മാസ്റ്ററും അബൂബക്കര്‍ മാസ്റ്ററും എന്നെ കളിയാക്കി. ഇതൊരു തുടക്കമാണ് വി.എം കുട്ടീ.. ശരിയായിക്കോളും. പിറ്റേന്നു മുതല്‍ സ്‌കൂളിലേക്കു കുട്ടികളെ കണ്ടെത്താനുള്ള നടത്തമായിരുന്നു. സമയത്തിനു വിദ്യാഭ്യാസം നല്‍കുന്നതില്‍ രക്ഷിതാക്കളും ശ്രദ്ധിച്ചിരുന്നില്ല. ഓരോ വീടിനു മുന്നിലെത്തുമ്പോഴും കരീം മാസ്റ്റര്‍ പറയും. ഇത് പുതിയ മാഷാണ്. പാട്ടുകാരാനാണ് വി.എം കുട്ടി. സ്‌കൂളിലെത്തിയാല്‍ കഞ്ഞിയും കിട്ടും, പാട്ടും കേള്‍ക്കാമെന്ന ഉത്സാഹത്തില്‍ എത്തിയ വിദ്യാര്‍ഥികളും അന്നുണ്ടായിരുന്നു. 1985 വരെ സ്‌കൂളില്‍ തുടര്‍ന്നു.

 

 

വി.എം കുട്ടിയും വിളയില്‍ വല്‍സലയും

1957ലാണ് കേരളത്തില്‍ ആദ്യമായി ഒരു മാപ്പിളപ്പാട്ട് ഗായകസംഘം എന്ന ആശയം നടപ്പാക്കുന്നത്. സാഹിത്യസമാജങ്ങളില്‍ നിന്നുള്ള പ്രചോദനം ഒരു ഗായകന്‍ എന്ന ആത്മവിശ്വാസം എന്നിലുണ്ടാക്കിയിരുന്നു. ഇതാണു ട്രൂപ്പ് തുടങ്ങാന്‍ തീരുമാനിച്ചത്. കുട്ടീസ് ഓര്‍ക്കസ്ട്ര എന്നു പേരിട്ടു. മലപ്പുറം കോട്ടപ്പടിയിലായിരുന്നു ആദ്യവേദി. ഗാനമേള ട്രൂപ്പുകള്‍ക്കിടയില്‍ അരമണിക്കൂര്‍ മാത്രം മാപ്പിളപ്പാട്ടിനായി മാത്രം വേദി ഒഴിഞ്ഞുനല്‍കുകയായിരുന്നു. പിന്നീട് മാപ്പിളപ്പാട്ടിനായി മാത്രം വേദിയൊരുക്കി ആസ്വാദകര്‍ കാത്തിരിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചു. അക്കാലത്തു മുസ്‌ലിം പെണ്‍കുട്ടികള്‍ പാട്ടുരംഗത്തേക്ക് കടന്നുവന്നിരുന്നില്ല. ഇതര മതവിഭാഗത്തില്‍പെട്ട സരള, ശോഭന, ജയ തുടങ്ങിയവരെ പരിശീലിപ്പിച്ചെടുത്തു. 1970-80കളില്‍ വി.എം കുട്ടി-വിളയില്‍ വല്‍സല (വിളയില്‍ ഫസീല) കൂട്ടുകെട്ട് മാപ്പിളപ്പാട്ടില്‍ തരംഗം സൃഷ്ടിച്ചു. പുളിക്കല്‍ ആയിഷ സഹോദരിമാര്‍, മുക്കം സാജിദ, നിസ മോള്‍ തുടങ്ങി നിരവധി ഗായികമാരുണ്ടായിരുന്നു.

വല്‍സല പിന്നണി പാടിയിരുന്ന കൊച്ചുഗായികയായിരുന്നു. അതുവരെ എന്റെ നാട്ടുകാരായ ആയിഷ സഹോദരിമാരായിരുന്നു സംഘത്തിലെ പ്രധാനഗായികമാര്‍. തിരൂരില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമ്മേളനത്തിന് മാപ്പിളപ്പാട്ട് ഗാനമേള വേണമെന്നു ഇ.കെ ഇമ്പിച്ചിബാവ അടക്കമുള്ളവര്‍ പറഞ്ഞു. ജില്ലാ സമ്മേളനമാണ്. പാട്ടുകള്‍ ചിട്ടപ്പെടുത്തി റിഹേഴ്‌സലും നടത്തി. പുറപ്പെടാന്‍ ഒരുങ്ങവെയാണ് ആയിഷ സഹോദരിമാര്‍ വരില്ലെന്ന് അറിയിച്ചത്. പ്രധാന ഗായികമാരില്ലാതെ എന്തു ചെയ്യും? ഉള്ളവരെ വച്ച് ഗാനമേള നടത്തി. ആയിഷാ സഹോദരിമാര്‍ പാടേണ്ട പാട്ട് വല്‍സലയാണ് പാടിയത്. അതുവരെ പിന്നണി പാടിയിരുന്ന വല്‍സലയുടെ സമയം തെളിഞ്ഞ വേദിയായിരുന്നു അത്. പിന്നീട് ഇ.എം.എസ് അടക്കം വല്‍സലയുടെ നെറുകയില്‍ കൈവച്ച് ആശീര്‍വദിച്ചു.
1972ല്‍ ആകാശവാണി റോഡിയോ പരിപാടിയിലേക്കു കുട്ടികളെ അന്വേഷിച്ചാണ് ഞാന്‍ വിളയില്‍ പറപ്പൂരിലെത്തുന്നത്. അതിലൊരു വിദ്യാര്‍ഥിയായിരുന്നു വല്‍സല. അവളുടെ സ്വരമാധുരി ഞാന്‍ പെട്ടെന്നു തിരിച്ചറിഞ്ഞു. വീട്ടില്‍ താമസിപ്പിച്ച് പാട്ടുകള്‍ പഠിപ്പിച്ചെടുത്തു. പിന്നീട് നാട്ടിലും വിദേശത്തുമായി ആയിരത്തിലേറെ വേദികളില്‍ ഞങ്ങള്‍ പാടി. പിന്നീട് ഇസ്‌ലാം മതം സ്വീകരിച്ച് വല്‍സല ഫസീലയായി.

 

 

ബാബുരാജും ഞങ്ങളുടെ ട്രൂപ്പും

ഹിന്ദുസ്ഥാനി സംഗീതം മലയളത്തിലേക്കു സന്നിവേശിപ്പിച്ച അതുല്യപ്രതിഭ എം.എസ് ബാബുരാജ് ഞങ്ങളുടെ ട്രൂപ്പിലുണ്ടായിരുന്നു. സിനിമയില്‍ തിളങ്ങിനിന്നിരുന്ന കാലത്താണു ഞാന്‍ ബാബുക്കയെ കാണുന്നത്. കോഴിക്കോട് ഇടിയങ്ങരയിലെ കല്യാണ വീട്ടിലായിരുന്നു ആദ്യ കൂടിക്കാഴ്ച. ബാബുക്കയുടെ ബന്ധുവീട്ടിലാണു വിവാഹം. ഞങ്ങളുടെ പാട്ടുസംഘം വേണമെന്നു നേരത്തെ അവര്‍ അറിയിച്ചിരുന്നു. പാട്ട് തുടങ്ങും മുന്‍പ് ബാബുരാജ് വന്ന് ഹാര്‍മോണിയം മീട്ടി പാടാന്‍ തുടങ്ങി. എനിക്കും സംഘത്തിനും ഇതിലും വലിയ സന്തോഷം വേറെന്തുവേണം. പാട്ടുപാടി തീര്‍ന്ന ബാബുക്ക ഞങ്ങളോട് തുടര്‍ന്നുകൊള്ളാന്‍ പറഞ്ഞു.
സിനിമയില്‍ നിറഞ്ഞുനിന്ന കാലത്ത് ആളും ബഹളവും നിറഞ്ഞതായിരുന്നു ബാബുക്കയുടെ ജീവിതം. ഞാന്‍ എച്ച്.എം.വിക്കു വേണ്ടി ഗ്രാമഫോണ്‍ റെക്കോര്‍ഡിനു മദ്രാസില്‍ എത്തുമ്പോള്‍ ബാബുക്കയുടെ താമസസ്ഥലത്തു പോകാറുണ്ട്. പിന്നീട് അവസരങ്ങള്‍ കുറഞ്ഞപ്പോള്‍ ആരുമില്ലാതെ വീട്ടില്‍ ബാബുക്ക തനിച്ചായി. അതൊരു വേദനയായി തോന്നിയപ്പോഴാണ് കൂടെ ചേരാമോ എന്നു ചോദിച്ചത്. 1973 മുതല്‍ 1978 വരെ ഒരു ഗസ്റ്റ് ആര്‍ട്ടിസ്റ്റായാണ് ബാബുരാജ് കൂടെയുണ്ടായിരുന്നത്. ബാബുക്കയെന്ന അതുല്യപ്രതിഭയില്‍ നിന്ന് സംഗീതത്തിന്റെ നിരവധി പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടുണ്ട്. സാധാരണ പാട്ടുകാര്‍ക്ക് 25 രൂപ കൊടുത്തിരുന്ന കാലത്ത് ബാബുക്കക്ക് 200 രൂപ നല്‍കുമായിരുന്നു. എന്നേക്കാളും പത്തു വയസ്സിന് മൂത്തയാളായിരുന്നു അദ്ദേഹം. നിന്റെ ട്രൂപ്പിലായപ്പോഴാണ് ഞാന്‍ പട്ടിണി മറന്നതെന്ന് ബാബുക്ക പറയുമായിരുന്നു.

രാജീവ് ഗാന്ധിക്ക് മുന്നിലും

വേദിയില്‍നിന്ന് ജനമധ്യത്തിലേക്ക് ഇറങ്ങിവന്ന് പാടുന്ന രീതി കുറേ പരീക്ഷിച്ചതാണ്. ആസ്വാദകര്‍ക്ക് അതൊരു കൗതുകവും ഇഷ്ടവുമാണ്. പാട്ടുകാരന്‍ അവരില്‍ ഒരാളായി തോന്നും. മലപ്പുറം ജില്ലയില്‍ ഒതുങ്ങിയ സംഘത്തിന്റെ സഞ്ചാരം കേരളത്തിനകത്തും പുറത്തും ഗള്‍ഫിലുമെത്തിയത് പെട്ടെന്നായിരുന്നു. ദില്ലി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബാഗ്ലൂര്‍ തുടങ്ങി വിവിധ നഗരങ്ങളിലും മാപ്പിളപ്പാട്ട് അവതരിപ്പിച്ചു. പിന്നീട് ഗള്‍ഫ് നാടുകളിലുമെത്തി.
ആദ്യ ഗള്‍ഫ് പരിപാടിക്കു വേദിയായത് അബൂദബിയാണ്. സത്യത്തില്‍ മാപ്പിളപ്പാട്ടിനെ ഇത്രകണ്ട് ജനകീയമാക്കിയത് പ്രവാസികളാണ്. ഒരു ടേപ്പ് റിക്കാര്‍ഡും കുറേ കാസറ്റുകളുമായി ഗള്‍ഫില്‍നിന്ന് നാട്ടിലെത്താത്ത പ്രവാസികള്‍ അന്നുണ്ടായിരുന്നില്ല. രണ്ടു പെരുന്നാള്‍ സീസണിലാണ് ഗള്‍ഫില്‍ കൂടുതല്‍ ഗാനമേളകളുണ്ടാവുക. ഒരുവര്‍ഷത്തില്‍ എട്ടു പ്രോഗ്രാമുകള്‍ വിവിധ രാജ്യങ്ങളില്‍ അന്ന് അവതരിപ്പിക്കാനായിട്ടുണ്ട്. നിരവധി പുരസ്‌കാരങ്ങളും ആദരവുകളും ഇതുവഴി നേടാനായി. മാപ്പിളപ്പാട്ടുകള്‍ക്ക് ജനകീയത കൈവന്ന കാലമായിരുന്നു പിന്നീട്. എരഞ്ഞോളി മൂസ, പീര്‍ മുഹമ്മദ് തുടങ്ങിയവരെല്ലാം രംഗത്തെത്തുന്നതും അക്കാലത്താണ്.
ലക്ഷദ്വീപില്‍ ഒരു പ്രോഗ്രാം. അതും പ്രാധാനമന്ത്രി രാജീവ് ഗാന്ധിയുടെ മുന്നില്‍. ഓര്‍മയില്‍നിന്ന് മായാത്ത അനുഭവമാണത്. രാജീവ് ഗാന്ധി ലക്ഷദ്വീപ് സന്ദര്‍ശിക്കാനെത്തുന്നുവെന്നറിഞ്ഞതോടെ ദ്വീപ് എം.പിയും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന പി.എ സഈദ് മുഖേനയാണ് അവിടെയെത്തുന്നത്. പ്രധാനമന്ത്രിയെ ഒപ്പനയും മാപ്പിളപ്പാട്ടുമായി വരവേല്‍ക്കണമെന്നായിരുന്നു പറഞ്ഞിരുന്നത്. സെയ്ദ് മുഹമ്മദ്, മുല്ലപ്പള്ളി രാമചന്ദ്രന്‍ അടക്കമുള്ളവരോടൊത്താണ് ലക്ഷദ്വീപിലേക്ക് പോയത്. രാജീവ് ഗാന്ധിയെ ഹൃദ്യമായി വരവേറ്റു. അദ്ദേഹത്തിന് കൂടുതല്‍ ഇഷ്ടപ്പെട്ടത് ഒപ്പനയായിരുന്നു. അത് വീണ്ടും കാണണമെന്നു പറഞ്ഞു. പത്തു മിനുട്ടുള്ള ഒപ്പന പലതവണയായി ആവര്‍ത്തിച്ച് അരമണിക്കൂറോളം അദ്ദേഹം ആസ്വദിച്ചു. റഷ്യയിലേക്കുളള ഇന്ത്യന്‍ കലാകാരന്മാരുടെ സംഘത്തില്‍ ഞങ്ങളേയും ഉള്‍പ്പെടുത്താമെന്ന് അദ്ദേഹം അറിയിച്ചു. സന്തോഷത്തില്‍ കഴിയവെയാണ് അദ്ദേഹത്തിന്റെ വേര്‍പ്പാടുണ്ടായത്. സോണിയാ ഗാന്ധി, പി.വി നരസിംഹ റാവു അടക്കമുള്ളവരുടെ മുന്നില്‍ പാടാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യമുണ്ട്.

കാസറ്റ് തരംഗവും യേശുദാസും

1962ലാണ് ആദ്യമായി ഗ്രാമഫോണ്‍ റെക്കോര്‍ഡ് ചെയ്യുന്നത്. ചാക്കീരി ബദര്‍, മലപ്പുറംപട തുടങ്ങിയവയായിരുന്ന ആദ്യ റെക്കോര്‍ഡ്. പിന്നീട് ഗ്രാമഫോണ്‍ റെക്കോര്‍ഡും തരംഗമായി. അതിനുശേഷമാണ് കാസറ്റ് തരംഗമുണ്ടായത്. ദുബൈ പ്രോഗ്രാമിനു വേണ്ടി വീട്ടില്‍ റിഹേഴ്‌സല്‍ ചെയ്യുന്ന സമയത്താണ് യേശുദാസിന്റെ സുഹൃത്ത് ഇമ്പിച്ചിക്കോയ വീട്ടിലെത്തുന്നത്. തരംഗിണിക്കു വേണ്ടി മാപ്പിളപ്പാട്ട് ഒരുക്കണം. യേശുദാസിനെ ഞാനതുവരെ കണ്ടിട്ടോ സംസാരിച്ചിട്ടോയില്ല. എന്നെ അദ്ദേഹം അറിയുമോ എന്നും എനിക്കറിയില്ല.
പഴയ 12 മാപ്പിളപ്പാട്ടുകള്‍ സെലക്ട് ചെയ്യാനും അതിന് ട്യൂണ്‍ തയാറാക്കാനും ഏല്‍പ്പിച്ച് ഇമ്പിച്ചിക്കോയ മടങ്ങി. തിരുവനന്തപുരത്തു തരംഗിണി സ്റ്റുഡിയോയില്‍ റെക്കോര്‍ഡ് ചെയ്യാമെന്നും പറഞ്ഞു. ഒടുവില്‍ തശ്‌രിഫും മുബാറാക്കാദര.. പാട്ടും, ഇമാം ബൂസൂരിയുടെ ബുര്‍ദയടക്കം ചേര്‍ത്ത് 12 പാട്ടുകള്‍ സെലക്ട് ചെയ്തു. ഫസീല, ഇന്ദിര, ബീന, സാജിത തുടങ്ങിയവരെയും കൂട്ടി കോറസ് പാടാനായി തിരുവനന്തപുരത്തേക്കു പോയി.
സങ്കൃതപമഗരി
തംഗത്തുഗത്തധിംഗിണ
കിങ്കൃത തൃിമികിട മേളം…..
യേശുദാസിന് ആത്മവിശ്വാസവും സംതൃപ്തിയും. 1962ല്‍ എച്ച്.എം.വി കമ്പനിക്കുവേണ്ടി ഗ്രാമഫോണ്‍ റെക്കോര്‍ഡ് ചെയ്ത പാട്ടായിരുന്നു അത്. കല്യാണ വീടുകളില്‍ പാടിപ്പതിഞ്ഞ ഗാനം. ദാസേട്ടന്‍ പറഞ്ഞുകൊടുത്തതിനനുസരിച്ച് അതേറ്റു പാടുകയും ചെയ്തു. എനിക്കു വല്ലാത്ത അപകര്‍ഷകതാ ബോധമുണ്ടായി. രാജ്യം കണ്ടമികച്ച ഗായകനു നിര്‍ദേശം നല്‍കുകയാണ്. പക്ഷേ, അദ്ദേഹം തനിക്കറിയാത്ത കാര്യങ്ങള്‍ ആരോടും ചോദിച്ച് മനസിലാക്കി പ്രവര്‍ത്തിക്കുന്ന ആളാണ്.
യേശുദാസിന് പുറമെ കെ.ജി മാര്‍ക്കോസ്, ജയചന്ദ്രന്‍, ഉണ്ണിമേനോന്‍ തുടങ്ങിയ ഗായകര്‍ക്കു വേണ്ടിയും കാസറ്റുകള്‍ സംഗീതം നല്‍കിയിട്ടുണ്ട്. മലയാള ചലച്ചിത്രങ്ങളിലും ചെറിയ സാന്നിധ്യമുണ്ടായിട്ടുണ്ട്. പതിനാലാം രാവ്, മൈലാഞ്ചി എന്നീ സിനിമകളിലാണ് ആകെ പാടിയത്. ഐ.വി ശശി സംവിധാനം ചെയ്ത 1921 സിനിമയുടെ സംഗീതസംവിധാനവും നിര്‍വഹിച്ചു. മുത്തുനാവാ രത്‌നം മുഖം (ഗയകന്‍ നൗഷാദ്), ഫിര്‍ദൗസില്‍ അണയുവാന്‍ (വിളയില്‍ ഫസീല) തുടങ്ങിയ ഗാനങ്ങള്‍ സൂപ്പര്‍ഹിറ്റായിരുന്നു. മാര്‍ക്ക് ആന്റണി എന്ന സിനിമക്ക് ഗാനമെഴുതിയിട്ടുണ്ട്.

 

പതിനാലാം രാവ്, മാന്യമഹാജനങ്ങളെ, മൈലാഞ്ചി, സമ്മേളനം തുടങ്ങിയ സിനിമകളില്‍ അഭിനേതാവുമായി.
കവികളായ നല്ലളം വീരാന്‍, ചാക്കീരി അഹമ്മദ്കുട്ടി, ടി. ഉബൈദ്, തോട്ടോളി മുഹമ്മദ്, ഇരുമ്പുഴി മുഹമ്മദ് എന്നിവരില്‍ നിന്നാണ് മാപ്പിളപ്പാട്ടിലെ പരമ്പരാഗതമായ പ്രാസനിയമങ്ങള്‍ പഠിച്ചത്. മനുഷ്യന്റെ എല്ലാവിചാര വികാരങ്ങളെയും മാപ്പിളപ്പാട്ടിനു പൂര്‍വികര്‍ വിഷയമാക്കയിയിട്ടുണ്ട്. എന്നാല്‍ അവയില്‍ കവിതയുണ്ടായിരുന്നു. അതുകൊണ്ട് അവയ്ക്ക് ഇന്നും ജീവന്‍ തുടിക്കുന്നു.
മോയിന്‍കുട്ടി വൈദ്യരുടെയും ടി. ഉബൈദിന്റെയുമൊക്കെ വരികള്‍ക്ക് ഇന്നും ആസ്വാദകരുണ്ടാവുന്നത് അതുകൊണ്ടാണ്. മാപ്പിളപ്പാട്ട് ഗാനമേളയില്‍ സദസില്‍നിന്ന് എഴുത്തു നല്‍കി പുതുതലമുറയെ കൊണ്ട് പാടിപ്പിക്കുന്നതും അര്‍ഥ സമ്പുഷ്ടമായ വരികള്‍ തന്നെയാണ്. ഇന്ന് ട്യൂണിനനുസരിച്ച് പെണ്ണിന്റെ പേരിട്ട് നാലുവരികള്‍ എഴുതിയാല്‍ മാപ്പിളപ്പാട്ടായി എന്നു കരുതുന്നവരാണ്. അവിടെയാണ് മാപ്പിളപ്പാട്ടിന്റെ മാധുര്യവും രചനാ വൈഭവും നഷ്ടപ്പെടുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.