മോസ്കോ: യുക്രെയ്ൻ – റഷ്യ യുദ്ധം വഷളാക്കിയതിൽ പാശ്ചാത്യ രാജ്യങ്ങളെ പഴിചാരി റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ. യുദ്ധം ഒഴിവാക്കാൻ തങ്ങൾ ശ്രമിച്ചിരുന്നെന്ന് അറിയിച്ച പുടിൻ നിലവിലെ സാഹചര്യത്തിൽ യുദ്ധം തുടരുമെന്നും വ്യക്തമാക്കി. യു.എസിന്‍റെ നേതൃത്വത്തിലുള്ള നാറ്റോ സഖ്യം യുദ്ധം വഷളാക്കാനാണ് ശ്രമിച്ചതെന്നും പുടിൻ കുറ്റപ്പെടുത്തി. റഷ്യൻ പാർലമെന്‍റിന്‍റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റഷ്യയെ തോൽപിക്കാൻ കഴിയുമെന്ന തെറ്റായ വിശ്വാസത്തിൽ യു.എസിന്‍റെ നേതൃത്വത്തിലുള്ള നാറ്റോ സഖ്യം സംഘർഷത്തിന്‍റെ തീ ജ്വാലകൾ ആളിക്കത്തിക്കുകയാണെന്നായിരുന്നു പുടിന്റെ ആരോപണം. റഷ്യയുടെ നിയന്ത്രണത്തിലുള്ള ക്രിമിയയെ ആക്രമിക്കാൻ പാശ്ചാത്യരുടെ പിന്തുണയുള്ള യുക്രെയ്ൻ പദ്ധതിയിട്ടിരുന്നതായും അദ്ദേഹം ആരോപിച്ചു.
റഷ്യയെ പരാജയപ്പെടുത്തുക അസാധ്യമാണ്. സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള പാശ്ചാത്യ ശ്രമങ്ങൾക്ക് റഷ്യ ഒരിക്കലും കീഴടങ്ങില്ല. ഭൂരിഭാഗം റഷ്യക്കാരും യുദ്ധത്തെ അനൂകൂലിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
റഷ്യ-യുക്രെയ്ൻ യുദ്ധം ആരംഭിച്ച് ഫെബ്രുവരി 24ന് ഒരു വർഷം തികയാനിരിക്കെയാണ് യുദ്ധം തുടരുമെന്ന് അറിയിച്ച് പുടിൻ രംഗത്തെത്തിയത്.
Comments are closed for this post.