2023 December 06 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സ്പോണ്‍സര്‍ ഇല്ലാതെയും വിസകള്‍; പുതിയ വിസകള്‍ പ്രഖ്യാപിച്ച് യു.എ.ഇ

  • പ്രൊഫഷണലുകളെ എത്തിക്കാന്‍ അഞ്ച് വര്‍ഷം കാലാവധിയുള്ള ഗ്രീന്‍ വിസ
   

അബുദാബി: രാജ്യത്തെ തൊഴിലവസരങ്ങളും വിനോദവും ബിസിനസ് സംരംഭങ്ങളെയും ലാക്കാക്കി പുതിയ വിസകള്‍ പ്രഖ്യാപിച്ച് യു.എ.ഇ. സ്പോണ്‍സര്‍ ഇല്ലാതെ അനുവദിക്കുന്ന വിസകളും പ്രഖ്യാപിച്ചിട്ടുണ്ട്. കാലാവധിയിലുള്ള ദൈര്‍ഘ്യവും സിംഗിള്‍ അല്ലെങ്കില്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രി സൗകര്യവുമെല്ലാം ഉള്ളവയായിരിക്കും വിസകള്‍. ആദ്യം അനുവദിക്കുന്ന അതേ കാലയളവിലേക്ക് വീണ്ടും പുതുക്കാന്‍ സാധിക്കുകയെന്ന സൗകര്യവും ഇതിനുണ്ടാവും.

രാജ്യത്ത് ലഭ്യമാവുന്ന തൊഴില്‍ അവസരങ്ങളിലേക്ക് മികച്ച പ്രൊഫഷണലുകളെ എത്തിക്കാന്‍ ലക്ഷ്യമിട്ട് അഞ്ച് വര്‍ഷം കാലാവധിയുള്ള ഗ്രീന്‍ വിസ എന്ന പുതിയ സംവിധാനമാണ് പ്രഖ്യാപിച്ചത്. യു.എ.ഇ മാനവ വിഭവ ശേഷി, സ്വദേശിവത്കരണ മന്ത്രാലയം പ്രഖ്യാപിച്ച ഒന്ന്, രണ്ട്, മൂന്ന് തലങ്ങളിലെ ജോലികള്‍ ചെയ്യുന്നവര്‍ക്കും ലോകത്തിലെ മികച്ച 500 സര്‍വകലാശാലകളില്‍ നിന്ന് ബിരുദം നേടി പുറത്തിറങ്ങുന്നവര്‍ക്കും ഈ വിസ ലഭിക്കും. ബിരുദമാണ് മിനിമം വിദ്യാഭ്യാസ യോഗ്യത.

നിക്ഷേപകരേയും സംരംഭകരേയും രാജ്യത്തേക്ക് ആകര്‍ഷിക്കാനായി നല്‍കുന്ന ബിസിനസ് വിസയ്ക്ക് പ്രത്യേക സ്പോണ്‍സര്‍ ആവശ്യമില്ല. നിക്ഷേപകര്‍ക്ക് ബിസിനസ് വിസ നേടി യു.എ.ഇയിലെത്തി നിക്ഷേപ അവസരങ്ങള്‍ തേടാവുന്നതാണ്.
സാധാരണ ടൂറിസ്റ്റ് വിസകള്‍ക്ക് പുറമെ അഞ്ച് വര്‍ഷത്തേക്ക് കാലവധിയുള്ളതും പല തവണ രാജ്യത്തിന് പുറത്തുപോയി മടങ്ങി വരാവുന്നതുമായ വിസകളും ഇനി ലഭ്യമാവും.

തുടര്‍ച്ചയായി 90 ദിവസം വരെയായിരിക്കും രാജ്യത്ത് തങ്ങാനാവുന്നതെങ്കിലും ഒരു തവണ കൂടി ദീര്‍ഘിപ്പിക്കാം. വര്‍ഷത്തില്‍ പരമാവധി 180 ദിവസം മാത്രമേ യു.എ.ഇയില്‍ താമസിക്കാവൂ എന്നാണ് നിബന്ധന. ഈ വിസയ്ക്ക് സ്പോണ്‍സര്‍ ആവശ്യമില്ല. എന്നാല്‍ വിസയ്ക്ക് അപേക്ഷിക്കുന്നതിന് ആറ് മാസം മുമ്പ് വരെയെങ്കിലും 4000 ഡോളറോ തതുല്യമായ വിദേശ കറന്‍സിയോ ബാങ്ക് ബാലന്‍സ് ഉണ്ടായിരിക്കണം.സുഹൃത്തുക്കളെയും ബന്ധുക്കളെയും സന്ദര്‍ശിക്കാന്‍ യു.എ.ഇയില്‍ ബന്ധുക്കളോ സുഹൃത്തുക്കളോ ഉള്ളവര്‍ക്ക് സ്പോണ്‍സര്‍ ആവശ്യമില്ലാത്ത പുതിയ വിസകള്‍ അനുവദിക്കും.

പ്രൊബേഷന്‍ പോലെയോ പ്രൊജക്ടുകള്‍ക്ക് വേണ്ടിയോ മറ്റോ താത്കാലിക അടിസ്ഥാനത്തില്‍ യു.എ.ഇയില്‍ ജോലിക്ക് എത്തുന്നവര്‍ക്ക് ഇത്തരം വിസകള്‍ ലഭിക്കും. ഇതിന് സ്പോണ്‍സര്‍ ആവശ്യമാണ്. തൊഴിലുടമയില്‍ നിന്നുള്ള താത്കാലിക തൊഴില്‍ കരാറോ അല്ലെങ്കില്‍ കത്തോ വേണം. ജോലിയുടെ സ്വഭാവം വിശദീകരിക്കുന്നതിന് പുറമേ ജോലി ചെയ്യാനുള്ള ആരോഗ്യമുണ്ടെന്ന് തെളിയിക്കുന്ന രേഖകളും വേണം.
കോഴ്സുകള്‍ ചെയ്യുന്നതിനോ പരിശീലനങ്ങള്‍ക്കോ ഇന്റേണ്‍ഷിപ്പിനോ ആയി രാജ്യത്ത് എത്തുന്നവര്‍ക്ക് വിസ ലഭിക്കും. പഠന, ഗവേഷണ സ്ഥാപനങ്ങളോ സര്‍വകലാശാലകളോ ആയിരിക്കും സ്പോണ്‍സര്‍മാര്‍. സ്വകാര്യ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഇത്തരം വിസകള്‍ സ്പോണ്‍സര്‍ ചെയ്യാനാവും. സ്ഥാപനങ്ങളുടെ കത്ത് വിസ അനുവദിക്കാന്‍ ആവശ്യമാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.