ക്രിക്കറ്റ് കരിയറിലെ പ്രതിസന്ധി കാലത്ത് തനിക്കൊപ്പം ഉറച്ചുനിന്ന ഒരേയൊരാൾ എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരിൽ ഒരാളായ എം.എസ് ധോണിയാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ വിരാട് കോഹ്‌ലി. ധോണി കളിക്കളത്തിനകത്തും പുറത്തും തന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ടെന്നതും കോഹ്‌ലി വെളിപ്പെടുത്തി. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസൺ ആരംഭിക്കാനിരിക്കെയാണ് ധോണിയോടുള്ള കടപ്പാട് വെളിപ്പെടുത്തി കോഹ്‌ലി രംഗത്തെത്തിയത്.
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ പോഡ്‌കാസ്റ്റിലാണ് കോഹ്‌ലി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. പ്രതിസന്ധി കാലത്തിലൂടെ കടന്നുപോയപ്പോൾ കുടുംബാംഗങ്ങൾക്കും ബാല്യകാല കോച്ചിനും ഭാര്യ അനുഷ്‌ക ശർമ്മയ്ക്കുമൊപ്പം ക്രിക്കറ്റ് രംഗത്ത് നിന്ന് പിന്തുണ നൽകിയത് ധോണി മാത്രമായിരുന്നെന്ന് കോഹ്‌ലി പോഡ്‌കാസ്റ്റിൽ പറഞ്ഞു. വ്യക്തിയെന്ന നിലയിലും ധോണിയുടെ വാക്കുകൾ പ്രചോദനമായി എന്നും അദ്ദേഹം വെളിപ്പെടുത്തി.
2022 ജനുവരിയില്‍ ടെസ്റ്റ് ക്യാപ്റ്റന്‍സി ഒഴിഞ്ഞപ്പോള്‍ തനിക്ക് സന്ദേശം അയച്ച ഒരേയൊരു താരം ധോണിയാണെന്നും കോഹ്‌ലി പറഞ്ഞു. 2008 മുതല്‍ 2019 വരെ ഇന്ത്യന്‍ ടീമില്‍ ധോണിയും കോഹ്‌ലിയും ഒരുമിച്ച് ഉണ്ടായിരുന്നു. മികച്ച കരിയർ ഗ്രാഫുള്ള താരമാണ് കോഹ്‍ലിയെങ്കിലും നിരവധി തവണ വിമർശനങ്ങളും അദ്ദേഹത്തിന് നേരിടേണ്ടി വന്നിരുന്നു.
Comments are closed for this post.