2023 September 24 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

തീവ്ര ഹൈന്ദവ ഗ്രൂപ്പുകള്‍ ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നു; മോദി സര്‍ക്കാരിനെ വീണ്ടും വെട്ടിലാക്കി യു.എസ് വിദേശകാര്യ വകുപ്പിന്റെ പുതിയ റിപ്പോര്‍ട്ട്

 

വാഷിങ്ടണ്‍: നരേന്ദ്രമോദി സര്‍ക്കാരിനു കീഴില്‍ ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍, പ്രത്യേകിച്ച് മുസ്‌ലിംകള്‍ തീവ്ര ഹൈന്ദവ ഗ്രൂപ്പുകളുടെ ആക്രമണത്തിനിരയാവുകയാണെന്ന് അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ട്. കന്നുകാലികളെ വിറ്റുവെന്നോ മോഷ്ടിച്ചുവെന്നോ അവയുടെ ഇറച്ച് സ്വന്തമാക്കിയെന്നോ ആരോപിച്ച് മുസ്‌ലിംകളെ ഇന്ത്യയില്‍ കൊലപ്പെടുത്തുന്നത് പതിവായിരിക്കുന്നുവെന്നും ‘2018ലെ രാജ്യാന്തര മതസ്വാതന്ത്ര്യ റിപ്പോര്‍ട്ടി’ല്‍ വ്യക്തമാക്കുന്നു. വെള്ളിയാഴ്ചയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടിലെ ഇന്ത്യയെ കുറിച്ചുള്ള ഉപ തലക്കെട്ടിനു കീഴിലാണ് മോദി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന വിധത്തിലുള്ളപരാമര്‍ശങ്ങള്‍ ഉള്ളത്. ഇന്ത്യയിലെ ഭരണകക്ഷിയായ ബി.ജെ.പിയുടെ ചില മുതിര്‍ന്ന നേതാക്കള്‍ തന്നെ സ്ഥിതി വഷളാക്കുന്ന വിധത്തില്‍ അതിപ്രകോപനപരമായ പ്രസംഗങ്ങളും പ്രസ്താവനകളുമാണ് പുറപ്പെടുവിക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

2018ലുടനീളം അക്രമാസക്ത തീവ്ര ഹൈന്ദവഗ്രൂപ്പുകളാല്‍ ന്യൂനപക്ഷങ്ങള്‍, പ്രത്യേകിച്ച് മുസ്‌ലിംകള്‍ പശുവിന്റെ പേരില്‍ അക്രമിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തു. 2018ല്‍ എട്ടുപേരാണ് ഇത്തരത്തില്‍ കൊല്ലപ്പെട്ടത്. ഇത്തരം കേസുകളില്‍ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പലപ്പോഴും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. 2018 ജൂണില്‍ ബീഫിന്റെ പേരില്‍ അക്രമസക്തരായ തീവ്ര ഹൈന്ദവ ഗ്രൂപ്പുകളുടെ ആക്രമണത്തിനിരയായ മുസ്‌ലിമിനെ സംരക്ഷിച്ച് ആശുപത്രിയില്‍ എത്തിക്കുന്നതിനു പകരം സ്റ്റേഷനില്‍ കൊണ്ടുവരുകയും ഇടയ്ക്ക് വാഹനം നിര്‍ത്തി ചായകുടിക്കുകയും ചെയ്ത ഉത്തര്‍പ്രദേശ് പൊലിസിന്റെ നടപടിയും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ആശുപത്രിയിലെത്തിക്കും മുന്‍പേ പ്രസ്തുത സംഭവത്തിലെ ഇരയായ മുസ്‌ലിം മരിച്ച സംഭവത്തില്‍ പൊലിസുകാരനെതിരെ മനപൂര്‍വമായ നരഹത്യക്ക് കേസെടുത്തതും റിപ്പോര്‍ട്ടിലുണ്ട്.

ന്യൂനപക്ഷങ്ങളുടെ സ്ഥാപനങ്ങളെയും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ലക്ഷ്യംവയ്ക്കുകയാണ്. സ്വതന്ത്ര പൂര്‍വ ഇന്ത്യയില്‍ മുസ്‌ലിംകള്‍ സ്ഥാപിച്ച സര്‍വകലാശാലകളുടെ ന്യൂനപക്ഷ സ്വഭാവത്തിനെതിരെ സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചിരിക്കുകയാണ്. ഏറെക്കാലം മുസ്‌ലിം രാജാക്കന്‍മാര്‍ ഭരിക്കുകയും അവര്‍ നിര്‍മിക്കുകയം ചെയ്ത നഗരങ്ങളുടെ മുസ്‌ലിം പശ്ചാത്തലം ഇല്ലാതാക്കുന്നു. പലനഗരങ്ങളുടെയും റോഡുകളുടെയും മുസ്‌ലിം പേരുകള്‍ മാറ്റി. ഇന്ത്യന്‍ ചരിത്രത്തിലെ മുസ്‌ലിം സംഭാവനകള്‍ മായ്ച്ചുകളയാനാണ് ഇത്തരം നടപടികളെന്ന ആക്ടിവിസ്റ്റുകളുടെ അഭിപ്രായവും റിപ്പോര്‍ട്ട് ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

കൂടാതെ, മതത്തിന്റെ പേരിലുള്ള കൊലപാതകങ്ങള്‍, കലാപങ്ങള്‍, വിവേചനങ്ങള്‍, മതസ്വാതന്ത്യം തടയലും മതകര്‍മങ്ങള്‍ അനുഷ്ടിക്കുന്നതിന് തടസ്സം നില്‍ക്കലും പോലുള്ള സംഭവങ്ങളും ഇന്ത്യയില്‍ ഉണ്ട്. 14.2 ശതമാനം വരുന്ന മുസ്‌ലിംകള്‍ ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷവിഭാഗമാണ്.

അടിസ്ഥാന മനുഷ്യാവകാശങ്ങളെ എങ്ങിനെയാണ് ഓരോ രാജ്യങ്ങളും നോക്കിക്കാണുന്നതെന്ന് വ്യക്തമാക്കുന്ന പ്രോഗ്രസ് കാര്‍ഡാണ് റിപ്പോര്‍ട്ടെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക് പോംപ്യോ പറഞ്ഞു.

Violent extremist Hindu groups’ continued attacks on minorities in India in 2018, says US report


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.