ന്യൂഡല്‍ഹി: യു.പിയില്‍ ട്രെയിന്‍ യാത്രക്കിടെ സംഘ്പരിവാര്‍ അതിക്രമത്തിനിരയായ മലയാളി അടക്കമുള്ള കന്യാസ്ത്രീകള്‍ക്കെതിരെ, വിവാദമായ മതംമാറ്റ നിരോധന നിയമപ്രകാരം കേസെടുക്കാനും ശ്രമം. ലൗജിഹാദിന്റെ പേരില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കൊണ്ടുവന്ന മതംമാറ്റ നിരോധന നിയമം ചുമത്താനാണ് പൊലിസും ബജ്‌റംഗ്ദളുകാരും ശ്രമിച്ചതെന്നാണ് ആരോപണം.
ഡല്‍ഹി നിസാമുദ്ദീന്‍ റെയില്‍വേ സ്‌റ്റേഷനില്‍നിന്ന് ഒഡിഷയിലെ റൂര്‍ക്കലയിലേക്കുള്ള യാത്രക്കിടെയാണ് തിരുഹൃദയ സന്യാസിനീ സമൂഹത്തിന്റെ ഡല്‍ഹി പ്രോവിന്‍സിലെ നാല് സന്യാസിനിമാര്‍ കൈയേറ്റത്തിനിരയായത്. വൈകിട്ട് ആറരയോടെ ഝാന്‍സിയിലായിരുന്നു ദുരനുഭവം.
അതേ സമയം കന്യാസ്ത്രീകള്‍ക്കുനേരെ നടന്ന ബജ്രംഗ്ദള്‍ ആക്രമണത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രതിഷേധിച്ചു. ആര്‍.എസ്.എസ് നിയന്ത്രിക്കുന്ന ബി.ജെ.പി ഭരണത്തിനു കീഴില്‍ രാജ്യത്തിന്റെ മതനിരപേക്ഷത എത്രത്തോളം അപകടത്തിലായിരിക്കുന്നുവെന്ന് ഒരിക്കല്‍ക്കൂടി വ്യക്തമാക്കുന്നതാണ് ഈ സംഭവമെന്നും സി.പി.എം ചൂണ്ടിക്കാട്ടി.
ഹിന്ദുത്വ തീവ്രവാദികളില്‍നിന്ന് രക്ഷപ്പെട്ട് സംസ്ഥാനം വിടാന്‍ കന്യാസ്ത്രീകള്‍ക്ക് സഭാവസ്ത്രംപോലും ഒഴിവാക്കേണ്ടിവന്നത് സംഘ്പരിവാര്‍ നടപ്പാക്കുന്ന താലിബാനിസത്തിന് തെളിവാണ്. എത്രത്തോളം ക്രൂരമായാണ് മതന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുന്നതെന്ന് ഈ സംഭവം വെളിവാക്കുന്നു. മതംമാറ്റാന്‍ പെണ്‍കുട്ടികളെ കൊണ്ടുപോകുന്നതായി ആരോപിച്ച് ബഹളമുണ്ടാക്കിയ ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ ത്സാന്‍സിയില്‍ എത്തിയപ്പോള്‍ കന്യാസ്ത്രീകളെ ബലംപ്രയോഗിച്ച് പുറത്തിറക്കി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. തിരിച്ചറിയല്‍ രേഖകളെല്ലാം കാണിച്ചിട്ടും പൊലിസും മോശമായാണ് പെരുമാറിയത്. ഡല്‍ഹിയില്‍നിന്ന് അഭിഭാഷകര്‍ ഉന്നത പൊലിസ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടശേഷം പാതിരാത്രിയോടെയാണ് കന്യാസ്ത്രീകളെ മോചിപ്പിക്കാനായത്.
എന്നാല്‍ സന്യാസിനിമാരെ കള്ളക്കേസില്‍ കുടുക്കാനുള്ള ആസൂത്രിത ശ്രമത്തെ സിറോ മലബാര്‍ സഭ അപലപിച്ചു. സംഭവത്തില്‍ ഗൂഡാലോചനയുണ്ടെന്നും തീവ്രവര്‍ഗീയ വാദികള്‍ നടത്തുന്ന അക്രമസംഭവങ്ങളെ ഗൗരവമായി നേരിടണമെന്നും സഭ ആവശ്യപ്പെട്ടു.
Comments are closed for this post.