കോഴിക്കോട്: വഫാത്തായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും ഇസ്‌ലാമിക കര്‍മശാസ്ത്ര പണ്ഡിതനുമായ വില്ല്യാപ്പള്ളി ഇബ്രാഹിം മുസ്‌ലിയാരുടെ ഖബറടക്കം ഇന്ന് നടക്കും. വൈകീട്ട് 4.30 ന് പറമ്പിൽ ജുമാ മസ്ജിദിലാണ് ഖബറടക്കം നടക്കുക. ജനാസ നിസ്കാരവും പൊതുദർശനവും വില്യാപ്പള്ളി മലാറക്കൽ മസ്ജിദ് അങ്കണത്തിൽ നടക്കും. രാവിലെ പത്ത് മണി മുതൽ വൈകുന്നേരം നാല് മണി വരെയാണ് പൊതുദർശനം.
അസുഖബാധിതനായി ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് വില്ല്യാപ്പള്ളി ഇബ്രാഹിം മുസ്‌ലിയാർ വിടവാങ്ങിയത്. 82 വയസായിരുന്നു. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. ഇസ്‌ലാമിക കര്‍മശാസ്ത്ര രംഗത്തെ പ്രമുഖനായിരുന്നു വില്ല്യാപ്പള്ളി ഇബ്രാഹിം മുസ്‌ലിയാർ.
1941ല്‍ വില്യാപ്പള്ളി പിലാവുള്ളതില്‍ അമ്മതിന്റെയും കാഞ്ഞിരക്കുനി ആയിഷയുടെയും മകനായി ജനിച്ച ഇബ്രാഹിം മുസ്‌ലിയാര്‍ കേരളത്തിലെ ഇസ്ലാമിക കര്‍മ്മ ശാസ്ത്ര പണ്ഡിതരില്‍ പ്രമുഖരാണ്. മൂന്നു പതിറ്റാണ്ടുകാലത്തോളമായി സമസ്ത കേന്ദ്ര മുശാവറയില്‍ അംഗമാണ്.
വില്യാപ്പള്ളിയിലെ പ്രഗത്ഭ പണ്ഡിതനായിരുന്ന എടവന കുഞ്ഞ്യേറ്റി മുസ്‌ലിയാരില്‍ നിന്നും വള്ള്യാട് ദര്‍സിലെ കോറോത്ത് അബൂബക്കര്‍ മുസ്‌ലിയാരില്‍ നിന്നും പെരിങ്ങത്തൂരിനടുത്ത എണവള്ളൂരിലെ ദര്‍സിലെ കണാരാണ്ടി അഹമ്മദ് മുസ്‌ലിയാരില്‍ നിന്നും കിതാബുകള്‍ ഓതിപ്പഠിച്ചു. അതിനു ശേഷം 1969ല്‍ പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളജില്‍ പ്രഥമ ബാച്ചില്‍ വിദ്യാര്‍ഥിയായി.
ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, കെ.സി ജമാലുദ്ദീന്‍ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ പട്ടിക്കാട് ജാമിഅയിലെ അദ്ദേഹത്തിന്റെ പ്രധാന ഉസ്താദുമാരായിരുന്നു. പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ സതീര്‍ത്ഥ്യനായിരുന്നു. ജാമിഅ നൂരിയ്യയില്‍ നിന്ന് സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളില്‍ നിന്ന് ഫൈസി ബിരുദം ഏറ്റുവാങ്ങി.
Comments are closed for this post.