2023 June 03 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

Editorial

കൈമടക്കിന്കൈയാമം വേണം


അഴിമതി തുടച്ചുനീക്കുമെന്ന് പറഞ്ഞ് അധികാരമേറ്റ പിണറായി സർക്കാരിന് ഉത്തരംമുട്ടുന്നതാണ് പാലക്കാട് പാലക്കയം വില്ലേജ് അസിസ്റ്റൻ്റ് വി. സുരേഷ് കുമാർ കൈക്കൂലിക്കേസിൽ അറസ്റ്റിലായതും കോടികളുടെ കൈക്കൂലി പണം പിടികൂടിയതും. ഇതിനെ ഒറ്റപ്പെട്ട സംഭവമായി ചിത്രീകരിച്ച് അഴിമതിക്കാരെ കൈയാമംവയ്ക്കുമെന്ന് പറയുന്നവർക്ക് ഇത്തരക്കാർ ഭരണതലത്തിൽ ഇല്ലെന്ന് എന്തെങ്കിലും ഉറപ്പുനൽകാനാകുമോ? അഴിമതി വച്ചുപൊറുപ്പിക്കാനാവില്ലെന്ന് ജീവനക്കാരുടെ യോഗത്തിൽ ഇന്നലെയും മുഖ്യമന്ത്രി പറഞ്ഞു. ഏഴുവർഷം മുമ്പ് ഒന്നാം എൽ.ഡി.എഫ് സർക്കാർ അധികാരമേറ്റെടുത്തപ്പോഴും ഇതേ ആർജവത്തോടെതന്നെയായിരുന്നു പിണറായി വിജയൻ അഴിമതിക്കാരെപ്പറ്റി പറഞ്ഞത്. എന്നാൽ എല്ലാം പഴയപടിതന്നെയെന്ന് അടിവരയിടുന്നതാണ് സുരേഷ് കുമാറിലൂടെ. ചെറിയ ഓഫിസിലിരുന്ന് ഒരാൾ ഇത്തരത്തിൽ അഴിമതി കാണിക്കുമ്പോൾ എന്തുകൊണ്ട് മേൽ ഉദ്യോഗസ്ഥർ അറിഞ്ഞില്ലെന്ന് മുഖ്യമന്ത്രി ചോദിക്കുന്നുണ്ട്. വില്ലേജ് ഓഫിസിലെ താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥൻ മുതൽ സെക്രട്ടേറിയറ്റിലെ ഉയർന്ന ഉദ്യോഗസ്ഥർവരെ പരസ്പര ബന്ധിത സംവിധാനം തന്നെയാണ്. എന്നാൽ അഴിമതിയുടേയും കൈക്കൂലിയുടേയും കാര്യംമാത്രം മുകളിലുള്ളവർ അറിയാതെ പോകുന്നുവെന്ന് കണ്ണടച്ച് വിശ്വസിക്കാൻ ജനങ്ങൾക്കാവില്ല. കൈക്കൂലിപ്പണത്തിന്റെ പങ്കുപറ്റുന്നവരുടെ കണ്ണുകളൊക്കെ അടയപ്പെട്ടിരിക്കുകയാണെന്നു വേണം കരുതാൻ.


കൈക്കൂലി കേസിൽ സംസ്ഥാന വിജിലൻസ് കണ്ടെത്തുന്ന ഏറ്റവും വലിയ തുകയാണ് പാലക്കയത്തെ വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റിൽനിന്ന് പിടിച്ചെടുത്തത്. സുരേഷ് കുമാറിന്റെ ഒറ്റമുറി വാടക വീട്ടിൽനിന്ന് 35 ലക്ഷം രൂപയും 45 ലക്ഷത്തിന്റെ സ്ഥിരനിക്ഷേപവും 25 ലക്ഷത്തിന്റെ സേവിങ് നിക്ഷേപവും 17 കിലോ നാണയത്തുട്ടുകളുമാണ് കണ്ടെത്തിയത്. ഇത് 1.06 കോടി രൂപ വരുമെന്നാണ് കണക്കാക്കുന്നത്. ഇത്രയും കൈക്കൂലി പണം കൈക്കലാക്കാൻ ഇയാൾക്ക് മറ്റാരുടേയെങ്കിലും സഹായം കിട്ടിയോ എന്നെല്ലാം അന്വേഷണത്തിലൂടെ പുറത്തുവരേണ്ടതാണ്. മറ്റാർക്കെങ്കിലും പങ്കുണ്ടെങ്കിൽ അതു പുറത്തുകൊണ്ടുവരാൻ സമഗ്ര അന്വേഷണം വേണം.
‘അഴിമതി രഹിത കേരളം’ സ്വപ്‌നം മാത്രമാണെന്ന് തെളിയിക്കുന്നതാണ് സംസ്ഥാനത്ത് ഓരോ വർഷവും പെരുകുന്ന കൈക്കൂലി കേസുകൾ. ആറു വർഷത്തിനിടെ 239 സർക്കാർ ജീവനക്കാരാണ് കൈക്കൂലി കേസുകളിൽ ശിക്ഷിക്കപ്പെട്ടതെന്നാണ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ സ്ഥിതിവിവര കണക്കുകളിൽനിന്നു വ്യക്തമാകുന്നത്.


കോഴ നൽകാതെ ഒരു ഫയൽ പോലും വില്ലേജ് ഓഫിസിൽനിന്ന് നീങ്ങില്ലെന്നത് സംസ്ഥാനത്തെ പല വില്ലേജ് ഓഫിസുകളിലെയും സ്ഥിതിയാണ്. ജീവൽപ്രശ്‌നങ്ങളിലെ ആശ്വാസത്തിനുവേണ്ടി അവസാന നിമിഷം ഓടിയെത്തുന്ന സാധാരണക്കാർക്ക് കൈക്കൂലി നൽകി കാര്യം സാധിച്ചു മടങ്ങുകയെന്ന വഴിയേ പലപ്പോഴും മുമ്പിലുണ്ടാകൂ. കൈമടക്ക് കൊടുക്കാതിരിക്കുകയോ പരാതി നൽകുകയോ ചെയ്താൽ ഫയലുകൾ കംപ്യൂട്ടറുകളിൽ ഇ സിഗ്‌നേച്ചർ പതിയാതെ കിടക്കും. ഭൂമിതരം മാറ്റൽ, പട്ടയം, കൈവശാവകാശം, ലൊക്കേഷൻ സ്‌കെച്ച്, ലൊക്കേഷൻ സർട്ടിഫിക്കറ്റ് എന്നിവയുമായി ബന്ധപ്പെട്ടാണ് കൈക്കൂലി ഏറെയും ഒഴുകുന്നത്. ഓരോ സർട്ടിഫിക്കറ്റിനും ഓരോ മാമൂൽ തുകയാണ് വില്ലേജ് ഓഫിസുകളിൽ. ഭൂമി തരംമാറ്റുന്നതിന് 25,000, മണ്ണ് നീക്കം ചെയ്യണമെങ്കിൽ 25,000, കൈവശാവകാശ, വരുമാന സർട്ടിഫിക്കറ്റുകൾക്ക് 10,000, വസ്തു അളക്കാൻ 500 അങ്ങനെ നീളുന്നു പട്ടിക. രേഖ കൃത്യമല്ലാത്ത പട്ടയത്തിന് രണ്ടുലക്ഷം വരെയാണ് കൈക്കൂലി.
2012 മുതൽ സേവനാവകാശ നിയമം പ്രാബല്യത്തിലുള്ള സംസ്ഥാനമാണ് നമ്മുടേത്. അപേക്ഷ നൽകി മൂന്നുദിവസം മുതൽ 15 ദിവസത്തിനുള്ളിൽ സർട്ടിഫിക്കറ്റ് നൽകണം. ഇല്ലെങ്കിൽ 500 രൂപ ഉദ്യോഗസ്ഥൻ പിഴയടക്കണം. എന്നാൽ കൂടുതൽ അന്വേഷണത്തിന് എന്ന കുറിപ്പിൽ കൈക്കൂലി കൈയിലെത്തുന്നതുവരെ ഏതു അപേക്ഷയും മരവിപ്പിക്കാം. പരിഷ്‌കൃത സമൂഹത്തിന് നാണക്കേടുണ്ടാക്കുന്ന വിധത്തിലാണ് റവന്യൂവകുപ്പിൽ അഴിമതി കൊടികുത്തിവാഴുന്നത്. ജനങ്ങൾക്ക് ഏറ്റവും കൂടുതൽ ആശ്രയമാകേണ്ട വില്ലേജ് ഓഫിസുകൾ അഴിമതിമുക്തമാക്കാൻ കഴിയാത്തതിൽ തലകുനിക്കേണ്ടതാണ് വകുപ്പു മന്ത്രിയും സർക്കാരും. ഇ ഡിസ്ട്രിക്റ്റ് പോർട്ടൽ, ഇ സാക്ഷരത അടക്കം വൻ നടപടികളാണ് അഴിമതി തുടച്ചുനീക്കാൻ റവന്യൂ വകുപ്പ് പ്രഖ്യാപിച്ചത്. എന്നിട്ടും കൈക്കൂലി കൊടുക്കാതെ ഒന്നും നടക്കാത്ത അവസ്ഥയാണ്. റവന്യൂ വകുപ്പിനു സ്വന്തമായി വിജിലൻസ് വിഭാഗമുണ്ട്. പക്ഷേ ഇവരുടെ പരിശോധനയെല്ലാം പേരിനു മാത്രമാണ്.


കൈക്കൂലി വാങ്ങിയതിന് പിടിയിലായാൽ ഉടൻ സസ്‌പെൻഷനുണ്ടാകുമെങ്കിലും ആറു മാസത്തിനുശേഷം സർവിസിൽ തിരിച്ചെത്തും. ഇതിന് സർവിസ് സംഘടനകളുടെ പിന്തുണയുമുണ്ടാകും. അഴിമതിക്കാരെ പരസ്യമായി തള്ളിപ്പറയാൻ സർവിസ് സംഘടനകൾ തയാറാകാറുമില്ല. അഴിമതിക്കേസിൽ ഉൾപ്പെട്ട നാലായിരത്തിലേറെ ഉദ്യോഗസ്ഥരെ സർക്കാരിന്റെ ഫയൽ തീർപ്പാക്കൽ മേളയിൽ ഉൾപ്പെടുത്തി രക്ഷപ്പെടുത്തിയിട്ടുമുണ്ട് വിജിലൻസ്. ലോക്‌നാഥ് ബെഹ്‌റ വിജിലൻസ് ഡയരക്ടറായിരുന്നപ്പോൾ ഒരുവർഷത്തിനിടെ എണ്ണൂറിലേറെ അഴിമതിക്കേസുകളാണ് എഴുതിത്തള്ളിയത്. 30 കേസുകൾ ഫയൽ തീർപ്പാക്കലിന്റെ മറവിൽ ആഭ്യന്തര, വിജിലൻസ് വകുപ്പും എഴുതിത്തള്ളി. മിന്നൽ പരിശോധനകളിൽ കുടുങ്ങിയവരെയാണ് ഫയൽ തീർപ്പാക്കലിലൂടെ രക്ഷപ്പെടുത്തിയത്.
കൈക്കൂലിയുടേയും അഴിമതിയുടേയും താഴ്‌വേര് അറുക്കണമെങ്കിൽ മുകൾതട്ടുമുതൽ സുതാര്യമാകണം. എന്നാൽ നിർഭാഗ്യവശാൽ മുഖ്യമന്ത്രിയുടെ ഓഫിസ് മുതൽ അഴിമതി ആരോപണങ്ങളുടെ കേന്ദ്രമാക്കിയാണ് ചർച്ചകളും സംവാദങ്ങളും നടക്കുന്നത്. രാജ്യത്തെ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമായി കേരളം മാറിയെന്നാണ് മുഖ്യമന്ത്രി അവകാശപ്പെടുന്നത്. എന്നാൽ ഡിപ്ലോമാറ്റിക് ബാഗിലെ സ്വർണക്കടത്തിന്റെ പേരിൽ മുഖ്യമന്ത്രിയുടെ ഓഫിസും ആരോപണത്തിന്റെ നിഴലിലായി. അദ്ദേഹത്തിന്റെ മുഖ്യ സെക്രട്ടറിതന്നെ ജയിലിലായി. ഭരണതലത്തിൽ അഴിമതിക്ക് കണിഞ്ഞാണിടാനുതകുന്ന ലോകായുക്തയുടെ ചിറകും പല്ലും പറിക്കാൻ ഭരണക്കാർ ഒന്നിച്ചു. ഇങ്ങനെ അഴിമതിക്ക് മറയിടാൻ വലുപ്പചെറുപ്പമില്ലാതെ ഭരണക്കാരും ഉദ്യോഗസ്ഥരും തന്നാലാവുന്നതു ചെയ്യുമ്പോൾ സുരേഷ് കുമാറുമാർ ഒരു മനഃസാക്ഷിയുമില്ലാതെ സാധാരണക്കാരുടെ കീശയിൽ കൈയിട്ടുകൊണ്ടേയിരിക്കും


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.