കൊച്ചി: നടിയെ പീഡിപ്പിച്ച കേസില്‍ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ജൂണ്‍ ഏഴിലേക്ക് മാറ്റി. അതേസമയം, അന്വേഷണവുമായി സഹകരിക്കണമെന്നും പരാതിക്കാരിയെ കാണാനോ സ്വാധീനിക്കാനോ ശ്രമിക്കരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
വിജയ്ബാബു നാട്ടിലെത്തി ഹാജരായിട്ടുണ്ടെന്നും ചോദ്യം ചെയ്യല്‍ തുടരുകയാണെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ അറിയിച്ചു. കഴിഞ്ഞ ദിവസം തുടര്‍ച്ചയായ ഒന്‍പത് മണിക്കൂറാണ് പൊലിസ് സംഘം വിജയ് ബാബുവിനെ ചോദ്യം ചെയ്തത്.
കേസില്‍ പരാതി നല്‍കിയ നടിയുടെ കൂടി സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്ന് ഇന്നലെ നടന്ന ചോദ്യം ചെയ്യലിനിടെ വിജയ് ബാബു വെളിപ്പെടുത്തി. തനിക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്നും എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനില്‍ നടക്കുന്ന ചോദ്യം ചെയ്യലില്‍ വിജയ് ബാബു പറഞ്ഞു.
സിനിമയില്‍ അവസരം നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കേസിന് പിന്നിലെന്നും ഒളിവില്‍ പോകാനായി തന്നെ ആരും സഹായിച്ചിട്ടില്ലെന്നും വിജയ് ബാബു പൊലീസിനോട് പറഞ്ഞു.
ദുബായില്‍ നിന്ന് ബുധനാഴ്ച രാവിലെ ഒമ്പതരയോടെയാണ് വിജയ് ബാബു നെടുമ്പാശേരിയില്‍ എത്തിയത്. വിമാനത്താവളത്തില്‍ നിന്ന് ആലുവയിലെ ദത്ത ആഞ്ജനേയ ക്ഷേത്രത്തിലേക്കാണ് വിജയ് ബാബു പോയത്. അന്വേഷണവുമായി സഹകരിക്കുമെന്നും കോടതിയെ പൂര്‍ണ വിശ്വാസമുണ്ടെന്നും ക്ഷേത്ര ദര്‍ശനത്തിന് ശേഷം വിജയ് ബാബു മാധ്യമങ്ങളോട് പ്രതികരിച്ചു.
Comments are closed for this post.