കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടന്‍ വിജയ് ബാബുവിന് സാമ്പത്തിക സഹായം ചെയ്തു കൊടുത്ത നടനെ ഉടന്‍ ചോദ്യം ചെയ്യാന്‍ പൊലിസ്. ദുബായില്‍ ഒളിവില്‍ കഴിയുമ്പോള്‍ വിജയ് ബാബുവിന് ക്രെഡിറ്റ് കാര്‍ഡ് എത്തിച്ചുനല്‍കിയത് ഈ നടനാണെന്ന് പൊലിസ് കണ്ടെത്തിയിട്ടുണ്ട്.
സുഹൃത്തായ നടനുമായി വിജയ് ബാബു നടത്തിയ ചാറ്റുകളും ഫോണ്‍വിളികളും വാട്സ് ആപ്പ് ചാറ്റുകളും അന്വേഷണസംഘം പരിശോധിക്കും. കൊടുങ്ങല്ലൂരിലെ സിനിമാലൊക്കേഷനില്‍ വിജയ് ബാബുവിന്റെ അടുത്ത ബന്ധു എത്തിച്ച കാര്‍ഡുകള്‍, നടന്‍ നെടുമ്പാശ്ശേരി വഴി ദുബായില്‍ നേരിട്ടെത്തി കൈമാറിയെന്നാണ് വിവരം. ഒളിവിലായിരുന്ന വിജയ്ബാബുവിനെ മറ്റു ചിലരും സഹായിച്ചു. ഇവരെയും ചോദ്യം ചെയ്യും.
കേസുമായി ബന്ധപ്പെട്ട് 30പേരുടെ സാക്ഷിമൊഴികളാണ് പൊലിസ് രേഖപ്പെടുത്തിയത്. വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി പ്രതി പുതുമുഖ നടിയെ പീഡിപ്പിച്ചിട്ടുണ്ടെന്ന് വ്യക്തമാകുന്ന സാക്ഷിമൊഴികളാണ് അന്വേഷണസംഘത്തിന് ലഭിച്ചത്.
സംഭവദിവസം വിജയ്ബാബുവിനെയും പരാതിക്കാരിയെയും കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ ഒരുമിച്ചു കണ്ട മുന്‍നിര ഗായകന്റേയും മൊഴി പൊലിസ് രേഖപ്പെടുത്തും.
വിജയ് ബാബുവിന്റെ രണ്ട് ഫോണുകള്‍ പൊലിസ് പിടിച്ചെടുത്തിരുന്നു. ഇവ ശാസ്ത്രീയപരിശോധനയ്ക്ക് തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബിലേക്ക് അയച്ചു.
ദുബായില്‍ ഒളിവിലായിരുന്ന വിജയ് ബാബു 39 ദിവസത്തിനുശേഷം ബുധനാഴ്ചയാണ് കൊച്ചിയിലെത്തിയത്. ചൊവ്വാഴ്ച വരെ വിജയ്ബാബുവിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിട്ടുണ്ട്.
Comments are closed for this post.