2023 June 09 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

എം.ജി വാഴ്‌സിറ്റിയിലെ കൈക്കൂലിക്കേസില്‍ ഊര്‍ജിത അന്വേഷണത്തിന് വിജിലന്‍സ്

  • അറസ്റ്റിലായ സി.ജെ.എല്‍സിയെക്കുറിച്ച് നിരവധി പരാതികള്‍
  • നേരത്തെയും കൈക്കൂലി വാങ്ങി
  • ജോലിയില്‍ പ്രവേശിച്ചതു എഴുത്തുപരീക്ഷക്കുപോലും പങ്കെടുക്കാതെ

കോട്ടയം: പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റും മാര്‍ക്ക് ലിസ്റ്റും എളുപ്പം ലഭിക്കാന്‍ വിദ്യാര്‍ഥിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ കേസില്‍ ഊര്‍ജിതമായ അന്വേഷണത്തിന് വിജിലന്‍സ്. അതേ സമയം അറസ്റ്റിലായ എം.ജി സര്‍വകലാശാല പരീക്ഷാ വിഭാഗം അസിസ്റ്റന്റ് സി.ജെ.എല്‍സിയെക്കുറിച്ച് ഉയരുന്നത് നിരവധി പരാതികള്‍. ഇവര്‍ നേരത്തെയും കൈക്കൂലി നല്‍കിയതായും പരാതിയുണ്ട്. ജോലിയില്‍ പ്രവേശിച്ചതുതന്നെ എഴുത്തുപരീക്ഷക്കുപോലും പങ്കെടുക്കാതെയാണെന്നാണ് ഉയരുന്ന ആരോപണം. ഇവരുടെ നിയമനം പി.എസ്.സിക്കു വിടും മുമ്പ് സ്ഥാനക്കയറ്റം നല്‍കിയാണെന്നുമാണ് വ്യക്തമാകുന്നത്. സംഭവത്തില്‍ സിന്‍ഡിക്കേറ്റ് അന്വേഷണത്തിന് വൈസ് ചാന്‍സലര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

ശനിയാഴ്ച ഉച്ചയോടെയാണ് വിജിലന്‍സ് ഡിവൈഎസ്പി പി.കെ വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സംഘം എല്‍സിയെ അറസ്റ്റ് ചെയ്തത്. എം.ബി.എ പൂര്‍ത്തിയാക്കിയ തിരുവല്ല സ്വദേശിനിയായ വിദ്യാര്‍ഥിനിയുടെ പരാതിയിലാണ് അറസ്റ്റ്. ഇതേ കുട്ടിയില്‍ നിന്നും നേരത്തെ ഒന്നേകാല്‍ ലക്ഷം രൂപ കൈപ്പറ്റിയ എല്‍സി വീണ്ടും പണം വാങ്ങുമ്പോഴാണ് വിജിലന്‍സ് കയ്യോടെ പിടികൂടിയത്.
ഇവരെ ഇന്ന് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. തിരുവനന്തപുരം വിജിലന്‍സ് കോടതിയിലാണ് ഹാജരാക്കുക. കൈക്കൂലി വാങ്ങുന്നതില്‍ എല്‍സിക്ക് കൂട്ടാളികള്‍ ഉണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ഓഫിസുമായും ബാങ്ക് ഇടപാടുകളുമായും ബന്ധപ്പെട്ടു കൂടുതല്‍ രേഖകള്‍ പരിശോധിക്കും. ഇന്നലെ രാത്രി എല്‍സിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയിരുന്നില്ല.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.