
ലക്നൗ: യു.പിയില്‍ ഫെബ്രുവരി 10ന് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം നടക്കാനിരിക്കെ രാഷ്ട്രീയ നാടകങ്ങളും അരങ്ങുതകര്‍ക്കുന്നു.
ഇതിനോടകം രാഷ്ട്രീയ കൂടുമാറ്റങ്ങളും ചേരിതിരിവും രൂക്ഷമായ ഉത്തര്‍പ്രദേശ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പിന്റേതായി അവസാനമായി പുറത്തുവരുന്നത് ഒരു കരച്ചില് കാഴ്ചയാണ്. പ്രധാനകക്ഷികളടക്കം സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന്റെ പ്രാരംഭഘട്ടം പൂര്‍ത്തിയാക്കാനിരിക്കെ, തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ടിക്കറ്റ് കിട്ടിയില്ലെന്ന സങ്കട കരച്ചിലുമായി മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയിരിക്കുകയാണ് ബി.എസ്.പി നേതാവായ അര്‍ഷദ് റാണ.
‘തീര്‍ത്തും അപമാനിതനായി തോന്നുന്നു. ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് വിചാരിച്ചില്ല. ഞാന്‍ മത്സരിക്കുമെന്ന് പ്രതീക്ഷിച്ചയിടത്ത് പാര്‍ട്ടി മറ്റൊരാള്‍ക്ക് സീറ്റ് കൊടുത്തിരിക്കുന്നു- വിതുമ്പി കരഞ്ഞ് റാണ മാധ്യമങ്ങളോട് പറഞ്ഞു.
വര്‍ഷങ്ങളായി പാര്‍ട്ടിക്ക് വേണ്ടി അത്യധ്വാനം ചെയ്യുന്ന ഒരാളാണ് താന്‍. 2018ല്‍ ചര്ത്താവല് മണ്ഡലത്തില്‍നിന്ന് മത്സരിക്കുകയും ചെയ്തിരുന്നു. സീറ്റ് നിഷേധിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് പാര്‍ട്ടി ഉന്നത നേതൃത്വത്തെ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പ്രതികരണങ്ങളൊന്നും ലഭിക്കുന്നില്ലെന്നും റാണ മാധ്യമങ്ങളോട് പറഞ്ഞു. സീറ്റിനായി പാര്‍ട്ടി 50 ലക്ഷം ആവശ്യപ്പെട്ടിടത്ത് നാലു ലക്ഷം മാത്രമേ തനിക്ക് നല്കാന് സാധിച്ചിട്ടുള്ളൂവെന്നും ഇതാണ് സീറ്റ് നിഷേധിക്കാന്‍ കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ബി.എസ്.പി ഉന്നത നേതൃത്വം ആരോപണങ്ങളോട് പ്രതികരിച്ചിട്ടില്ല.