2021 October 16 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

നീല ജഴ്‌സിയും കാത്ത് അസ്ഹറുദ്ദീന്‍, യുവതാരത്തിന് മുഖ്യമന്ത്രിയുടെ പ്രശംസ

ബി.കെ അനസ്

കാസര്‍കോട്: സയ്യിദ് മുഷ്താഖലി ടി20 ദേശീയ ചാംപ്യന്‍ഷിപ്പില്‍ കഴിഞ്ഞ ദിവസം നടന്ന കേരള-മുംബൈ പോരാട്ടം ഒരു ‘അത്ഭുത’ത്തിനാണ് സാക്ഷിയായത്. പലവിധത്തില്‍ വന്ന പന്തുകളെ പലവിധത്തില്‍ ആക്രമിച്ചടിച്ച കേരള താരം മുഹമ്മദ് അസ്ഹറുദ്ദീനാണ് ‘അത്ഭുതക്കളി’ പുറത്തെടുത്തത്. ക്രിക്കറ്റ് ലോകത്തെ ഒന്നാകെ വിസ്മയിപ്പിച്ച ആ ‘വെടിക്കെട്ട്’ യുവതാരം പുറത്തെടുത്തത് വര്‍ഷങ്ങളുടെ കഠിന പ്രയത്‌നം കൊണ്ടാണ്. അതിവേഗ സെഞ്ചുറി സ്വന്തമാക്കിയതിന് പിന്നാലെ പലരും അസ്ഹറുദ്ദീനെ പ്രശംസകൊണ്ട് മൂടുകയാണ്. മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്, പ്രസാദ് തുടങ്ങി പലരും അസറുദ്ദീന്റെ ബാറ്റിങ് കരുത്തിനെ പ്രശംസിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും അസ്ഹറുദ്ദീന് ആശംസകള്‍ നേര്‍ന്നിരുന്നു. ചെറുപ്പം മുതലുള്ള കഠിന പ്രയത്‌നം കൊണ്ടായിരുന്നു അസറുദ്ദീന്‍ ഇന്ന് കാണുന്ന താരമായത്.

കാസര്‍കോട് തളങ്കര സ്വദേശിയായ മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്ന അജു ഒന്‍പത് വയസില്‍ കൈയില്‍പ്പിടിച്ചതാണ് ബാറ്റും ബോളും. തളങ്കര ക്രിക്കറ്റ് ക്ലബ്ബിനൊപ്പം ചേര്‍ന്നുനിന്ന് നാട്ടുകാരുടേയും കുടുംബക്കാരുടെയും എല്ലാത്തിലുമുപരി സ്വന്തം കഠിനപ്രയത്‌നം കൊണ്ടും വളര്‍ന്നു. പതിനൊന്നാം വയസില്‍ അണ്ടര്‍ 13 ജില്ലാ ടീമിലേക്കെത്തിയ അസ്ഹര്‍ അണ്ടര്‍ 13, അണ്ടര്‍ 15 ജില്ലാ ടീമുകളുടെ ക്യാപ്റ്റന്‍ ആയിരുന്നു. പതിമൂന്നാം വയസില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്റെ കോട്ടയം അക്കാദമയിലെത്തി. അവിടെ നിന്നാണ് ഉറ്റതോഴനായി സഞ്ജു സാംസണെ കിട്ടുന്നത്. കൊച്ചി തേവര കോളജില്‍ ബി.എ പഠിക്കുമ്പോള്‍ കൊച്ചി അക്കാദമിയിലായിരുന്നു. 2013 ല്‍ അണ്ടര്‍ 19 കേരള ടീമിലും രണ്ട് വര്‍ഷത്തിന് ശേഷം അണ്ടര്‍ 23 ടീമിലുമെത്തി. 2015 നവംബറിലാണ് ആദ്യ രഞ്ജി മത്സരം കളിക്കുന്നത്. ഇതിനിടയില്‍ പല ജോലികളും തേടി വന്നെങ്കിലും ക്രിക്കറ്റായിരുന്നു അസ്ഹറുദ്ദീന്റെ ലക്ഷ്യവും ജീവിതവും. അതിനാല്‍ അതില്‍തന്നെ ഉറച്ചുതന്നു. സഹോദരന്മാരുടെ ഉള്‍പ്പെടെ പൂര്‍ണപിന്തുണയും ലഭിച്ചു. കൊവിഡ് കാലത്ത് നാട്ടിലായപ്പോഴും പരിശീലനം മുടക്കിയില്ല.
നാട്ടിലെ ‘കണ്ട’ത്തില്‍ നെറ്റ്‌സ് തയാറാക്കി പരിശീലനം തുടര്‍ന്നു. വ്യായാമത്തിലും ഭക്ഷണക്രമത്തിലുമൊന്നും അവന്‍ വിട്ടുവീഴ്ച ചെയ്യാറില്ലെന്ന് സഹോദരന്‍ കമറുദ്ദീന്‍ സാക്ഷ്യപ്പെടുത്തുന്നു.

വിക്കറ്റ് കീപ്പര്‍ കൂടിയായ അസ്ഹറുദ്ദീന്റെ ബാറ്റിങിലെ താത്പര്യം ഓപ്പണിങ് തന്നെയാണ്. അസ്ഹറുദ്ദീന്റെ കഴിവ് തിരിച്ചറിഞ്ഞാകണം ക്യാപ്റ്റന്‍ സഞ്ജു ഓപ്പണിങ് ബാറ്റ്‌സ്മാനായി അസ്ഹറുദ്ദീനെ അയച്ചത്. ആ തീരുമാനത്തിനുള്ള നന്ദിയും വര്‍ഷങ്ങളുടെ സമര്‍പ്പണത്തിന്റെ ഉത്തരവും കൂടിയായിരുന്നു അസ്ഹറുദ്ദീന്റെ കഴിഞ്ഞ ദിവസത്തെ 137 ന്റെ വെടിക്കെട്ട് ബാറ്റിങ്.

വീട്ടില്‍ ‘അപകടകാരിയല്ല’

പന്തുകളെ ആക്രമിച്ചുപറത്തിയ അസ്ഹറുദ്ദീന്‍ പക്ഷേ വീട്ടില്‍ പക്ഷേ ‘അപകടകാരിയല്ല’. പൊതുവേ അല്‍പം സംസാരം കുറഞ്ഞ അജു തന്റെ കളിയില്‍ തന്നെയാണ് കൂടുതല്‍ സമയം മുഴുകുന്നതെന്ന് വീട്ടുകാര്‍ പറയുന്നു. കൊവിഡ് ലോക്ക് ഡൗണ്‍ കാലത്ത് നാട്ടില്‍തന്നെയായായിരുന്നപ്പോള്‍ അസ്ഹറുദ്ദീന്‍ എന്നുതന്നെ പേരുള്ള ഉറ്റ സുഹൃത്തിന്റെ കൂടെ പരിശീലനം തുടര്‍ന്നു.

അസ്ഹറുദ്ദീന്‍ യാദൃശ്ചികമല്ല !

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ നേരത്തെ തന്നെ അടയാളപ്പെടുത്തിയ പേരാണ് അസ്ഹറുദ്ദീന്‍ എന്നത്. ഇന്ത്യന്‍ താരം മുഹമ്മദ് അസ്ഹറുദ്ദീന്റെ കടുത്ത ആരാധകനായിരുന്നു ഇപ്പോഴത്തെ ‘താരം’ അസ്ഹറുദ്ദീന്റെ സഹോദരന്‍ കമറുദ്ദീന്‍. അസ്ഹറുദ്ദീന് ആദ്യം നല്‍കാനിരുന്ന പേര് അജ്മല്‍ എന്നായിരുന്നു. എന്നാല്‍ കമറുദ്ദീന്റെ നിര്‍ദേശപ്രകാരമായിരുന്നു സഹോദരന് അസ്ഹറുദ്ദീന്‍ എന്ന് പേര് നല്‍കിയത്. അന്ന് ഗള്‍ഫിലായിരുന്ന കമറുദ്ദീന്‍ മാതാപിതാക്കളോട് ആവശ്യപ്പെട്ടത് പ്രകാരമാണ് മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്ന പേര് സഹോദരന് നല്‍കിയത്. ഐ.പി.എല്ലിലും ഇന്ത്യയുടെ നീല ജേഴ്‌സിയിലും അവനെ കാണാനായി കാത്തിരിക്കുകയാണ് കേരളത്തിനൊപ്പം ആ കുടുംബവും നാടും. കളി കഴിഞ്ഞ് കുടുംബത്തെ വിളിച്ചപ്പോള്‍ അസ്ഹറുദ്ദീന് പറയാനുണ്ടായിരുന്നതും അത് തന്നെയായിരുന്നു, ‘ഇനിയും ഒരുപാട് മുന്‍പോട്ട് പോകാനുണ്ട്. പ്രാര്‍ത്ഥന വേണം…’


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.