2023 March 27 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

30 വര്‍ഷം രാജ്യാതിര്‍ത്തി കാത്ത സൈനികനെ ഒടുവില്‍ ‘വിദേശി’യെന്ന് ആരോപിച്ച് ജയിലിലടച്ചു; രാജ്യത്തെ സേവിച്ചതിന് എനിക്ക് കിട്ടിയത് ഇതെന്ന് സനാഉല്ല

ഗുവാഹത്തി: മൂന്നുപതിറ്റാണ്ടോളം രാജ്യാതിര്‍ത്തി കാത്ത സൈനികന്‍ സനാഉല്ലയെ അവസാനം അധികൃതര്‍ വിദേശിയെന്നു മുദ്രകുത്തി ജയിലിലടച്ചു. അസം സ്വദേശിയായ മുഹമ്മദ് സനാഉല്ല (52) സൈന്യത്തില്‍ സുബേദാര്‍ പദവിയില്‍ സേവനമനുഷ്ടിച്ച് വിരമിച്ച ശേഷം അസം ബോര്‍ഡര്‍ പൊലിസില്‍ സബ് ഇന്‍സ്‌പെക്ടറായിരുന്നു. അനധികൃത കുടിയേറ്റക്കാരെ തടയുന്നതിനുള്ള പ്രത്യേക യൂണിറ്റാണിത്. ഈ യൂണിറ്റ് തന്നെയാണ് ചൊവ്വാഴ്ച സനാഉല്ലയെ അറസ്റ്റ് ചെയ്തതും. ഇദ്ദേഹം ഇപ്പോള്‍ ഡീറ്റെന്‍ഷന്‍ സെന്ററില്‍ (പൗരത്വം തെളിയിക്കുന്നതില്‍ പരാജയപ്പെട്ടവരെ അടക്കുന്ന തടവുകേന്ദ്രം) ആണ്. തടവുകേന്ദ്രത്തില്‍ കഴിയുന്നവരുടെ ഹരജി ഫോറീന്‍ ട്രിബൂനലും തള്ളുന്നതോടെ ഇവര്‍ പിന്നീട് ജീവിതാവസാനം വരെ ഇവിടെ കഴിയേണ്ടിവരും. തടവുകേന്ദ്രത്തിലുള്ള ചിലരെ അടുത്തിടെ സൈന്യം ബംഗ്ലാദേശ് അതിര്‍ത്തിയില്‍ കൊണ്ടുവിട്ടിരുന്നു.

 

 

സൈന്യത്തില്‍ നിന്ന് 2017ല്‍ ആണ് സനാഉല്ല വിരമിച്ചത്. സൈന്യത്തിലിരിക്കെ കാര്‍ഗില്‍ യുദ്ധത്തിലും കശ്മീര്‍, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ ഭീകരര്‍ക്കെതിരെ നടന്ന സൈനികനടപടിയിലും പങ്കെടുത്തയാളാണ് ഇദ്ദേഹം. 2014ല്‍ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറായി സ്ഥാനക്കയറ്റം ലഭിച്ച സനാഉല്ലയെ, ഓണററി ലെഫ്റ്റനന്റായും സൈന്യം ആദരിച്ചിരുന്നു. എന്നാല്‍, ദേശീയ പൗരത്വ പട്ടികയുടെ രൂപത്തില്‍ ജീവിതത്തിന്റെ സായാഹ്നത്തില്‍ അദ്ദേഹത്തിന് ‘വിദേശി’ ബ്രാന്‍ഡ് വരികയായിരുന്നു. ഇന്ത്യന്‍ അതിര്‍ത്തിയില്‍ കാവല്‍ നിന്ന തനിക്ക് ഈ അവസ്ഥവരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് സനാഉല്ല പറയുന്നു. അതേ, ഞാന്‍ തടവിലായിരിക്കുന്നു. തെറ്റായ വിധിയാവാം എന്റെ കാര്യത്തിലുണ്ടായതെന്നും മോചിതനാവുമെന്നാണ് പ്രതീക്ഷയെന്നും സനാഉല്ല പറഞ്ഞു. ബംഗ്ലാദേശ് പിറവിക്കും നാലുകൊല്ലം മുന്‍പേ ഇന്ത്യയില്‍ ജനിച്ചയാളാണ് ഞാന്‍. വര്‍ഷങ്ങളോളം രാജ്യത്തെ സേവിച്ച എനിക്ക് അവസാനം ലഭിച്ചതാണിത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സനാഉല്ല വിദേശിയാണെന്നു വ്യക്തമായതായും നിലവിലെ നിയമപ്രകാരം അദ്ദേഹത്തിന്റെ കേസ് നീക്കുമെന്നും കാംരൂപ് ജില്ലാ പൊലിസ് സൂപ്രണ്ട് പാര്‍ത്ഥസാരഥി മഹന്ത പറഞ്ഞു.

ബംഗ്ലാദേശ് നിലവില്‍വന്ന 1971 മാര്‍ച്ച് 24 അര്‍ധരാത്രിക്കു മുന്‍പായി ഇന്ത്യയിലെത്തിയതിന്റെ രേഖകള്‍ തെളിയിക്കാന്‍ കഴിയാത്തവരെ വിദേശികളായി മുദ്രകുത്തുന്ന പൗരത്വ രജിസ്റ്റര്‍ സംവിധാനം നിലവില്‍ വന്നതോടെ അസമില്‍ ലക്ഷക്കണക്കിനുപേരാണ് പൗരത്വപട്ടികയില്‍ ഇടംപിടിക്കാനായി ഞെട്ടോടമോടുന്നത്. രണ്ടുവര്‍ഷം മുന്‍പ് പുറത്തുവിട്ട പൗരത്വപട്ടികയില്‍ നാല്‍പ്പതുലക്ഷത്തോളം പേരാണ് പുറത്തുള്ളത്. ഇതില്‍ പകുതിയോളം പേര്‍ ബംഗാളി ഹിന്ദുക്കളാണെങ്കിലും, മുസ്‌ലിമേതര കുടിയേറ്റക്കാര്‍ക്ക് പൗരത്വം എളുപ്പമാക്കുന്ന നിയമം ഉള്ളതിനാല്‍ ബംഗാളി ഹിന്ദുക്കള്‍ക്ക് കാര്യമായ ആശങ്കയില്ല. എന്നാല്‍, പട്ടികയിലെ ലക്ഷക്കണക്കിന് വരുന്ന ബംഗാളി മുസ്‌ലിംകളുടെ ഭാവി അനിശ്ചിതത്വത്തിലാവും. ബംഗ്ലാദേശ് പൗരത്വം തെളിയിക്കാന്‍ കഴിയാത്തതിനാല്‍ അവരെ ബംഗ്ലാദേശും ഏറ്റെടുക്കില്ല.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.