
റിയോ ഡി ജനെയ്റോ: ആരാധകര്‍ കാത്തിരുന്ന ബ്രസീല്‍- അര്‍ജന്റീന സ്വപ്ന പോരാട്ടം നടക്കും. പാരഗ്വായെ ഷൂട്ടൗട്ടില്‍ മറികടന്ന് ബ്രസീലും (4- 3) വെനസ്വേലയെ 2-0നു വീഴ്ത്തി അര്‍ജന്റീനയും മുന്നേറിയതോടെയാണ് കോപ്പ അമേരിക്ക സെമിഫൈനലില്‍ ബദ്ധവൈരികളായ ഇരുടീമുകളും ഏറ്റുമുട്ടാനൊരുങ്ങുന്നത്. ബുധനാഴ്ച്ച ബെലോ ഹൊറിസോന്റിയിലെ മിനെയ്റോ സ്റ്റേഡിയത്തിലാണ് സൂപ്പര്‍ പോരാട്ടം നടക്കുക.
ഇന്നു പുലര്‍ച്ചെ നടന്ന മത്സരത്തില്‍ പത്താം മിനിറ്റില്‍ ലൗതാരോ മാര്‍ട്ടിനെസ്, എഴുപത്തിനാലാം മിനിറ്റില്‍ പകരക്കാരന് ജിയോവാനി ലോ സെല്‍സോ എന്നിവരാണ് അര്‍ജന്റീനക്കു വേണ്ടി വെനസ്വലയുടെ വലകുലുക്കിയത്. സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ കോര്‍ണര്‍ കിക്കില്‍ അഗ്യൂറോയുടെ പിന്തുണയോടെയാണ് മാര്‍ട്ടിനെസ് ഗോള്‍ വല കുലുക്കിയത്. രണ്ടാം പകുതിയില്‍ ഡി പോള്‍ നല്കിയ പാസ് ഏറ്റെടുത്തു മുന്നേറിയ അഗ്യുറോയുടെ ഷോട്ട് ഗോളി തടഞ്ഞെങ്കിലും തൊട്ടുപിന്നാലെ ഓടിക്കയറിയ സെല്‍സോ പന്ത് അടിച്ചുകയറ്റുകയായിരുന്നു.
മാര്‍ട്ടിനെസിനെ മുന്നില്‍ നിര്‍ത്തി കളിച്ച അര്‍ജന്റീന തുടക്കം മുതലേ ആക്രമണ ഫുട്ബോളാണ് കാഴ്ച്ചവച്ചത്. നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല. മെസ്സി ഒരുക്കികൊടുത്ത പല അവസരങ്ങളും ഫിനിഷിങ്ങിന്റെ പോരായ്മ കാരണം ലക്ഷ്യത്തിലെത്തിയതുമില്ല. ഒടുവില്‍ പത്താം മിനിറ്റില്‍ മാര്‍ട്ടിനെസ് രക്ഷകനാകുകയായിരുന്നു.
ലോക ഫുട്ബോളില്‍ ഏറ്റവുമധികം ആരാധകരുള്ള ടീമുകളാണ് ബ്രസീലും അര്‍ജന്റിനയും. 2008 ബെയ്ജിങ് ഒളിംപിക്സ് സെമിഫൈനലിലാണ് അര്‍ജന്റീനയും ബ്രസീലും അവസാനമായി മുഖാമുഖം വന്നത്. മെസ്സി കളിച്ചെങ്കിലും മത്സരത്തില്‍ അര്‍ജന്റീന 3- 0ത്തിന് പരാജയപ്പെട്ടു.
Venezuela 0-2 Argentina: Lionel Messi and Co set up Copa America semi-final against hosts Brazil