2021 January 27 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കൂട്ടിലടച്ച തത്തയല്ല ഇത്.., വിഷസര്‍പ്പം

 

2020 സെപ്റ്റംബര്‍ 30നുണ്ടായ ബാബരി മസ്ജിദ് തകര്‍ക്കല്‍ ഗൂഢാലോചനാ വിധിയെക്കുറിച്ചും അതിലേയ്ക്കു നയിച്ച ചതിപ്രയോഗങ്ങളെക്കുറിച്ചും പ്രതികരിക്കാതിരുന്നാല്‍ ചരിത്രം മാപ്പുതരില്ല. ലക്‌നൗ പ്രത്യേക സി.ബി.ഐ കോടതിവിധി എല്ലാവരും കേട്ടതും വായിച്ചതുമാണ്. അതുകൊണ്ട് ആ വിധി ആവര്‍ത്തിക്കുന്നതു നിരര്‍ഥകമാണ്.

എന്നാല്‍, ആ വിധിയിലേയ്ക്കു വഴിയൊരുക്കിയ കാരണങ്ങളെയും അതിനു പിന്നില്‍ നടന്ന കള്ളക്കളികളെയും പറ്റി വിചിന്തനം നടത്താതെവയ്യ. കാരണം, ലോകത്തെ ഏറ്റവും മഹത്തായ ജനാധിപത്യ രാജ്യത്തു ജീവിക്കുന്നവരെന്ന് അഭിമാനിക്കുന്ന നമ്മള്‍ സത്യത്തില്‍ എത്ര പരിതാപകരമായ അവസ്ഥയിലാണെന്ന വസ്തുത ബോധ്യപ്പെടുത്തുന്നതാണ് ആ പിന്നാമ്പുറ നാടകങ്ങള്‍.

അതു തിരിച്ചറിയുമ്പോള്‍ സി.ബി.ഐ നേരറിയുന്നതില്‍ മാത്രം വ്യാപൃതമായ അന്വേഷണ ഏജന്‍സിയല്ലെന്നും ഇന്ത്യയിലെ പരമോന്നത നീതിപീഠം പണ്ട് കൂട്ടിലടയ്ക്കപ്പെട്ട തത്തയെന്നു പരിഹസിച്ച് വിശേഷിപ്പിച്ചതിനും അപ്പുറം മാരകവിഷം ചീറ്റുന്ന ഉഗ്രസര്‍പ്പമാണെന്നും ബോധ്യപ്പെടും.
ലക്‌നൗ സ്‌പെഷല്‍ കോടതിയുടെ വിധിന്യായത്തില്‍ തന്നെ അതിനു വ്യക്തമായ തെളിവുണ്ട്. ബാബരി മസ്ജിദ് തകര്‍ക്കുന്നതില്‍ ഗൂഢാലോചനയുണ്ടെന്നതിനു തെളിവില്ല എന്നാണല്ലോ കോടതി ഉത്തരവില്‍ പറഞ്ഞത്. 600ലേറെ രേഖകളും 350ലേറെ സാക്ഷിമൊഴികളും ഉണ്ടായിട്ടും എന്തുകൊണ്ട് തെളിവില്ലെന്നു കോടതി പറഞ്ഞു. ലക്‌നൗ സ്‌പെഷല്‍ കോടതി തീര്‍ത്തും അന്ധമായി അങ്ങനെ പറഞ്ഞതാണെന്നു വിശ്വസിക്കാനാകില്ല. തെളിവുകള്‍ നഗ്നമായി അട്ടിമറിക്കപ്പെട്ടു എന്നതാണു സത്യം. കോടതി ഉത്തരവില്‍ തന്നെ അക്കാര്യം വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.

പ്രതികള്‍ക്കെതിരേ ഹാജരാക്കിയ ഫോട്ടോഗ്രാഫുകള്‍ക്കൊപ്പം അവ വ്യാജമല്ലെന്നു ബോധ്യപ്പെടുത്തുന്ന ഫിലിം കൂടി വച്ചില്ല. അതിനാല്‍ നല്‍കിയ ഫോട്ടോഗ്രാഫുകള്‍ തെളിവല്ലാതായി. പള്ളി തകര്‍ക്കുന്നതിനായി സംഘ്പരിവാര്‍ നേതാക്കള്‍ ഗൂഢാലോചന നടത്തിയെന്നും പള്ളി തകര്‍ക്കാന്‍ കര്‍സേവകര്‍ക്ക് ആവേശം പകര്‍ന്നുവെന്നും മറ്റുമുള്ള മാധ്യമവാര്‍ത്തകള്‍ തെളിവായി സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും സംഭവസ്ഥലത്തു പോയി അന്വേഷിച്ചു നിജസ്ഥിതി കണ്ടെത്തി അക്കാര്യം കോടതിയെ ബോധ്യപ്പെടുത്തിയില്ല. അതിനാല്‍ അവയും തെളിവല്ലാതായി.

ഏതെങ്കിലും പ്രസംഗം മതവികാരമുയര്‍ത്താന്‍ ഉപയോഗിച്ചതായുള്ള ശബ്ദസാമ്പിളോ റെക്കോര്‍ഡിങ്ങോ സി.ബി.ഐ ഹാജരാക്കിയില്ല. രേഖകളും പ്രസ്താവനകളും ശരിയെന്നു സാക്ഷ്യപ്പെടുത്താതെ സമര്‍പ്പിച്ചതിനാല്‍ തെളിവായി കണക്കാക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി. അങ്ങനെ, സി.ബി.ഐ ദീര്‍ഘനാള്‍ അന്വേഷണ മഹാമഹം നടത്തി കണ്ടെത്തി സമര്‍പ്പിച്ച തെളിവുകള്‍ക്കു കടലാസിന്റെ വിലപോലുമില്ലാതായി.
സാക്ഷിമൊഴികളുടെ കാര്യത്തിലും സംഭവിച്ചത് ഇതുതന്നെ. കുറ്റാരോപിതരില്‍ ഒരാള്‍ പോലും തകര്‍ക്കലില്‍ പങ്കെടുത്തതിനു സാക്ഷിമൊഴിയില്ലെന്നു കോടതി വിധിയിലുണ്ട്. സി.ബി.ഐ സമര്‍പ്പിച്ച സാക്ഷിമൊഴികളില്‍ വിശ്വസനീയമായി അവതരിപ്പിച്ചിരിക്കുന്നത്, സംഘ്പരിവാര്‍ നേതാക്കളുടെ സാന്നിധ്യത്തില്‍ നടന്ന ആ രതി സമാധാനപരമായിരുന്നു എന്നതു മാത്രമാണ്.

സ്വാതന്ത്ര്യലബ്ധിക്കു മുന്‍പ് 1941 മുതല്‍ സ്‌പെഷല്‍ പൊലിസായി പ്രവര്‍ത്തിച്ചു തുടങ്ങുകയും 1963 ഏപ്രില്‍ ഒന്നുമുതല്‍ ഇന്നത്തെ പേരില്‍ അറിയപ്പെടുകയും രാജ്യത്തെ ഏറ്റവും മികച്ച കുറ്റാന്വേഷണ ഏജന്‍സിയെന്ന സല്‍പ്പേര് സമ്പാദിക്കുകയും ചെയ്ത പ്രസ്ഥാനത്തിനു കോടതിയെ ബോധ്യപ്പെടുത്തുന്ന തരത്തിലുള്ള തെളിവുകള്‍ എന്താണെന്നും അവ എങ്ങനെ സമര്‍പ്പിക്കണമെന്നും അറിയില്ലെന്നു വിശ്വസിക്കാനാവില്ലല്ലോ.
ബാബരി പള്ളി തകര്‍ത്ത കേസിലെ ഉന്നതരായ പ്രതികളെ രക്ഷിക്കാന്‍ വിഷലിപ്തമായ മനസോടെ നടത്തിയ അട്ടിമറിയാണ് ഈ തെളിവു നശിപ്പിക്കല്‍ എന്നേ വിശ്വസിക്കാനാകൂ. അതു സി.ബി.ഐയുടെ സ്വന്തം താല്‍പര്യമല്ലെന്നും അവരെ കടിഞ്ഞാണിട്ടു നിര്‍ത്തുകയും രാഷ്ട്രീയ, സാമുദായിക ശത്രുക്കള്‍ക്കെതിരേ ആയുധമാക്കുകയും ചെയ്യുന്ന കേന്ദ്ര ഭരണകൂടത്തിന്റെയും അതിനെ നയിക്കുന്ന സംഘ്പരിവാറിന്റെയും താല്‍പര്യമാണെന്നും കണ്ടെത്താന്‍ അധികം ആലോചന ആവശ്യമില്ല.

ബാബരി മസ്ജിദ് തകര്‍ക്കല്‍ ഗൂഢാലോചനാ കേസിന്റെ ആരംഭകാലം മുതല്‍ അട്ടിമറി നീക്കം നടന്നെന്ന് ആദ്യമേ വ്യക്തമാക്കിയത് 2017ല്‍ രാജ്യത്തെ പരമോന്നത നീതിപീഠമാണ്. കേസില്‍നിന്ന് എല്‍.കെ അദ്വാനിയുള്‍പ്പെടെ പ്രമുഖരായ 21 സംഘ്പരിവാര്‍ നേതാക്കളെ വിചാരണക്കോടതി ഒഴിവാക്കിയപ്പോള്‍ അതിരൂക്ഷമായ പ്രതികരണത്തോടെയാണു സുപ്രിംകോടതി ഇടപെട്ടത്.
അന്വേഷണപ്പിഴവിനെ കുറ്റപ്പെടുത്തി. കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് പിഴവു പറ്റിയെന്നാണു കോടതി പറഞ്ഞത്. അദ്വാനി, മുരളീ മനോഹര്‍ ജോഷി തുടങ്ങി 21 പേര്‍ക്കെതിരേ ഗൂഢാലോചനക്കുറ്റം പുനഃസ്ഥാപിച്ചു. അക്കാലത്ത് ഗവര്‍ണറായിരുന്ന കല്യാണ്‍സിങ് സ്ഥാനത്തുനിന്ന് മാറുന്ന ഘട്ടത്തില്‍ ഗൂഢാലോചനാ കേസില്‍ പ്രതിചേര്‍ക്കണമെന്നു നിര്‍ദേശിച്ചു.

ഇപ്പോള്‍ കുറ്റക്കാരല്ലെന്നു പ്രത്യേക കോടതി കണ്ടെത്തിയ 21 പേരും ശിക്ഷിക്കപ്പെടേണ്ടവരാണെന്ന് അന്നു സുപ്രിംകോടതി വിലയിരുത്തിയിരുന്നു. ഭരണഘടനയുടെ മതേതര സങ്കല്‍പ്പം തകര്‍ക്കുന്ന പ്രവൃത്തികളാണ് പ്രതികളില്‍ നിന്നുണ്ടായതെന്നും അന്നു ജസ്റ്റിസ് പിനാകി ചന്ദ്രഘോഷ്, റോഹിന്റന്‍ നരിമാന്‍ എന്നിവരടങ്ങിയ ബെഞ്ച് വിലയിരുത്തി. എല്ലാ പ്രതികളെയും ഒന്നിച്ചു വിചാരണ ചെയ്യാന്‍ സി.ബി.ഐയും സാങ്കേതിക പിഴവുകള്‍ തിരുത്താന്‍ സംസ്ഥാന സര്‍ക്കാരും തയാറാകാതിരുന്നതാണ് പ്രതികള്‍ ശിക്ഷിക്കപ്പെടാതിരിക്കാന്‍ കാരണമെന്നായിരുന്നു അന്നു സുപ്രിംകോടതി വ്യക്തമാക്കിയത്.
അദ്വാനിയും ജോഷിയും ഉള്‍പ്പെടെ എട്ടു പേരുടെ കേസ് റായ്ബറേലിയിലെ കോടതിയില്‍നിന്ന് ലക്‌നൗ കോടതിയിലേയ്ക്കു മാറ്റാന്‍ ഭരണഘടനയുടെ 142ാം വകുപ്പു പ്രകാരമുള്ള സവിശേഷാധികാരമാണ് സുപ്രിംകോടതി ഉപയോഗിച്ചിരുന്നത്. പരമോന്നത നീതിപീഠത്തിനുപോലും സംശയലേശമില്ലാത്ത കുറ്റത്തില്‍ നിന്നാണ് ഇപ്പോള്‍ ഭരണസ്വാധീനമുള്ള ഉന്നതര്‍ പ്രയാസരഹിതമായി രക്ഷപ്പെട്ടത്.

ഏതൊക്കെ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നറിയില്ല, അദ്വാനിയും മുരളീ മനോഹര്‍ ജോഷിയും ഉള്‍പ്പെടെയുള്ള സംഘ്പരിവാര്‍ നേതാക്കളെ വെള്ളപൂശുന്ന പരാമര്‍ശങ്ങളും വിധിയിലുണ്ട്. പള്ളിക്കുള്ളില്‍ രാമവിഗ്രഹമുള്ളതിനാല്‍ പള്ളി പൊളിക്കാതിരിക്കാന്‍ വി.എച്ച്.പി നേതാവായിരുന്ന അശോക് സിംഗാളും മറ്റും ശ്രമിക്കുകയായിരുന്നു എന്നതാണ് ഒരു കണ്ടെത്തല്‍. സംഘ്പരിവാര്‍ നേതാക്കളെല്ലാം അക്രമികളെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും വിധിയിലുണ്ട്.

അന്നത്തെ സംഭവങ്ങള്‍ ഓരോന്നും ടെലിവിഷന്‍ ദൃശ്യങ്ങളിലൂടെ കണ്ടിരുന്നവരാണല്ലോ നമ്മള്‍ ഓരോരുത്തരും. അത്തരമൊരു രംഗം ഏതെങ്കിലും മാധ്യമപ്രവര്‍ത്തകന്റെ കണ്ണില്‍പെട്ടിരുന്നെങ്കില്‍ അതു ശ്രദ്ധേയമായ വാര്‍ത്ത ആകുമായിരുന്നല്ലോ.
സാമൂഹ്യവിരുദ്ധരാണ് പള്ളി പൊളിച്ചതെന്നാണ് കോടതി വിധി. സത്യം തന്നെ, പൊളിച്ചവര്‍ സാമൂഹ്യവിരുദ്ധരാണെന്നതില്‍ ആര്‍ക്കും സംശയമില്ല. രാജ്യത്തെ സമാധാനാന്തരീക്ഷവും മതസഹിഷ്ണുതയും തകര്‍ത്ത രാജ്യദ്രോഹികള്‍ തന്നെയാണവര്‍. ആ സാമൂഹ്യവിരുദ്ധരും രാജ്യദ്രോഹികളും ആരെന്നതിലും ജനത്തിനു സംശയമില്ല. രാജ്യദ്രോഹികള്‍ തെളിവില്ലായ്മയുടെ പേരില്‍ രക്ഷപ്പെടുന്നതില്‍ മാത്രമാണ് സങ്കടം.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.