2021 March 08 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

അറേബ്യയിലേയ്ക്ക് ഗുരു എത്തുമ്പോള്‍

 

ശ്രീനാരായണഗുരു പ്രവാചകനായിരുന്നില്ല. അദ്ദേഹം ഒരിക്കലും പ്രവാചകത്വം അവകാശപ്പെട്ടിട്ടുമില്ല. ഏതെങ്കിലും ഒരു മതത്തിന്റെയോ ജാതിയുടെയോ വക്താവായിരുന്നില്ല ശ്രീനാരായണഗുരു. അതേസമയം, മതവിരോധി ആയിരുന്നതേയില്ല. പലമത സാരവുമേകമെന്ന ലോകം (ഇക്കാലത്ത് പ്രത്യേകിച്ചും) കാതുതുറന്നു കേള്‍ക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യേണ്ട മഹനീയ സന്ദേശം ഉദ്‌ഘോഷിച്ച ആചാര്യനാണ്. മനുഷ്യര്‍ക്കിടയിലെ മതസ്പര്‍ധ ഒഴിവാക്കി എല്ലാവരും ഏകോദര സഹോദര ചിന്തയോടെ ജീവിക്കുന്നതിനുവേണ്ടി എല്ലാവരും എല്ലാ മതങ്ങളും സമബുദ്ധിയോടെയും സമഭക്തിയോടെയും പഠിക്കണമെന്ന് ഉദ്‌ബോധിപ്പിക്കുകയും ആ ലക്ഷ്യപ്രാപ്തിക്കുവേണ്ടി, തന്റെ നേതൃത്വത്തില്‍ ആരംഭിച്ച അദ്വൈതാശ്രമത്തില്‍ എല്ലാ മതങ്ങളും പഠിക്കാനും പഠിപ്പിക്കാനും അവസരം സൃഷ്ടിക്കുകയും ചെയ്ത മഹാനുഭാവനാണ് ശ്രീനാരായണഗുരു.

പക്ഷേ, ഗുരു ജീവിച്ച കാലത്തുതന്നെ അദ്ദേഹത്തെ ഈഴവഗുരുവും ഈഴവദൈവവും ആക്കാന്‍ ഒരു കൂട്ടരും പില്‍ക്കാലത്ത് കാവിച്ഛായം പൂശി സ്വന്തമാക്കാന്‍ മറ്റൊരു കൂട്ടരും കൊണ്ടുപിടിച്ചു ശ്രമിച്ചപ്പോള്‍, ലോകമനസില്‍നിന്ന് പിഴുതുമാറ്റപ്പെട്ടത് മാനവരെല്ലാരും ഒന്നുപോലെയാകണമെന്നു മോഹിച്ച, അതിനായി ആജീവനാന്തം പ്രയത്‌നിച്ച വിശ്വഗുരുവിനെയാണ്.
ഇനി പറയേണ്ടത്, ഇസ്‌ലാമിനെക്കുറിച്ചും മുഹമ്മദ് നബിയെക്കുറിച്ചുമാണ്. അക്രമവും അനീതിയും മനുഷ്യത്വമില്ലായ്മയും അന്ധവിശ്വാസവും ബഹുദൈവാരാധനയുമെല്ലാം കൊടികുത്തി വാണിരുന്ന അജ്ഞാനകാലത്ത് കരുണാവാരിധിയായ, രൂപരഹിതനായ ദൈവത്തിന്റെ മഹത്വം ജനഹൃദയങ്ങളിലെത്തിച്ച മതമാണ് ഇസ്‌ലാം. ദൈവികബോധനത്തിലൂടെ തനിക്കു സിദ്ധമായ ആത്മീയ, ഭൗതിക പാഠങ്ങള്‍ പ്രചരിപ്പിക്കുക മാത്രമല്ല, അതനുസരിച്ച് ജീവിക്കുകയും കൂടി ചെയ്ത മഹാനുഭാവനാണ് മുഹമ്മദ് നബി.

ലോകത്തിന് ഉത്തമമാതൃകയായ പ്രവാചകന്‍ പിറവിയെടുത്ത അറേബ്യന്‍ നാട്ടിലേയ്ക്ക് ഇപ്പോഴിതാ ഗുരുവിന്റെ ജീവിതസന്ദേശം വെളിപ്പെടുത്തുന്ന ഒരു ഗ്രന്ഥമെത്തുന്നു. മലയാളത്തിലോ ഏതെങ്കിലും ഇന്ത്യന്‍ ഭാഷകളിലോ ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള പാശ്ചാത്യഭാഷകളിലോ അല്ല ഈ ഗ്രന്ഥം, പ്രവാചകന്റെ ഭാഷയായ അറബിയില്‍ തന്നെ. എഴുതിയത് പക്ഷേ, മലയാളിയാണ്. മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് സ്വദേശി കെ.എം അലാഉദ്ദീന്‍ ഹുദവി. പുസ്തകത്തിന്റെ പേര്, ശ്രീനാരായണഗുരു: ഖിസ്സത്തു നാസികിന്‍ ഹിന്ദിയ്യിന്‍.
വര്‍ത്തമാനകാല ലോകത്ത് ജാതിവിവേചനങ്ങളും മതപരമായ വിദ്വേഷങ്ങളും അനുദിനം കൊടുമ്പിരികൊള്ളുന്ന വേദനാജനകമായ പശ്ചാത്തലത്തിലാണ് അലാഉദ്ദീന്റെ മനസിലേയ്ക്കു ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ള ദീപ്തസ്മരണ കടന്നെത്തുന്നത്. അന്യമത വിശ്വാസികളെ ആട്ടിയോടിക്കുകയും ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുന്ന മതഭ്രാന്തന്മാരുടേതല്ല, നേരെമറിച്ച്, ജാത്യാഭിമാനികള്‍ക്കും മതഭ്രാന്തന്മാര്‍ക്കുമെതിരേ സന്ധിയില്ലാതെ പോരാടിയ ശ്രീനാരായണ ഗുരുവിന്റേതാണ് തന്റെ നാടിന്റെ യഥാര്‍ഥ പാരമ്പര്യമെന്നു ലോകജനതയെ ബോധ്യപ്പെടുത്താനാണ് അലാഉദ്ദീന്‍ ഇങ്ങനെയൊരു ഗ്രന്ഥത്തിന്റെ രചനയിലേര്‍പ്പെട്ടത്.

ജാതിഭേദം മതദ്വേഷമേതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത് എന്ന് ഒരു നൂറ്റാണ്ടിനുമപ്പുറം പ്രഖ്യാപിച്ച ശ്രീനാരായണ ഗുരുവിന്റെ ജന്മനാട് പോലും മതക്കോമരങ്ങള്‍ വിഴുങ്ങാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് അലാഉദ്ദീന്‍ ഹുദവി ഈയൊരു മഹത്തായ ദൗത്യം ഏറ്റെടുത്തിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.
മുഹമ്മദ് നബിയെപ്പോലെ മനുഷ്യസാഹോദര്യത്തിനും മാനവനന്മയ്ക്കും വേണ്ടി നിലകൊണ്ട ഒരു നല്ല മനുഷ്യന്‍ ഈ കൊച്ചുകേരളത്തിലും ഉണ്ടായിരുന്നുവെന്നും അദ്ദേഹം മതസാഹോദര്യത്തിന്റെ കറകളഞ്ഞ വക്താവായിരുന്നുവെന്നും അറേബ്യന്‍ ജനതയ്ക്കു മുന്നില്‍ അവതരിപ്പിക്കാന്‍ അലാഉദ്ദീന്റെ ഈ ദൗത്യത്തിനു കഴിയുമെന്നു പ്രത്യാശിക്കാം.
പാപം ചെയ്യണമെന്ന ആഗ്രഹമില്ലെങ്കിലും എന്തുകൊണ്ടാണ് മനുഷ്യന്‍ പാപം ചെയ്തു പോകുന്നത് എന്നൊരു ചോദ്യം ഭഗവത്ഗീതയിലുണ്ട്. ആ ചോദ്യം ഇന്നും പ്രസക്തമാണ്. മനുഷ്യരില്‍ നല്ലൊരു പങ്കും തെറ്റുചെയ്യാന്‍ ആഗ്രഹിക്കുന്നവരല്ല. അപരന്റെ വിശ്വാസത്തെ തകര്‍ക്കണമെന്നു മോഹിക്കുന്നവരല്ല. അന്യമതക്കാരനെ ഉപദ്രവിക്കണമെന്ന കുടിലചിന്തയുള്ളവരുമല്ല. ഇതര മതക്കാരനോ ജാതിക്കാരനോ തന്റെ ശത്രുവാണെന്നു യുക്തിസഹമായ കാരണങ്ങളാല്‍ വിശ്വസിച്ചവരുമല്ല.

അത്തരം ആളുകളില്‍ കുടിലമനസുകളായ ചുരുക്കം ചിലര്‍ വര്‍ഗീയചിന്ത വളര്‍ത്തുംവിധം മസ്തിഷ്‌കപ്രക്ഷാളനം നടത്തുകയാണ്. അങ്ങനെ ചെയ്യുന്നവര്‍ക്ക് അധികാരവും സമ്പത്തും ഉള്‍പ്പെടെയുള്ള താല്‍പര്യങ്ങള്‍ പലതുമുണ്ട്. അവരുടെ ചതിയിലും മോഹവലയത്തിലുംപെടുന്നവര്‍, തങ്ങള്‍ ചെയ്യുന്നത് എന്തെന്നറിയാതെ ആ ചെളിക്കുഴിയിലേയ്ക്കു വലിച്ചു താഴ്ത്തപ്പെടുകയാണ്. അങ്ങനെ, പരസ്പരം സ്‌നേഹിക്കേണ്ടവരും സഹവര്‍ത്തിത്വമുണ്ടാകേണ്ടവരും ശത്രുക്കളായി അന്യോന്യം കൊന്നൊടുക്കുന്നു.
ഇങ്ങനെ കൊന്നും ചത്തും ചത്തതിനൊപ്പം ജീവിച്ചും മുടിയുന്നവരെ നേരിന്റെ പാതയിലേയ്ക്കു തിരിച്ചുകൊണ്ടുവരാന്‍ അവരുടെ മനസുകളിലേയ്ക്ക് യാഥാര്‍ഥ്യത്തിന്റെ പ്രകാശം എത്തിക്കുകയാണു വേണ്ടത്. ഇവിടെയാണ്, എല്ലാവരും എല്ലാ മതങ്ങളെയും സമബുദ്ധിയോടെയും സമഭക്തിയോടെയും പഠിക്കാന്‍ ശ്രമിച്ചാല്‍ മതത്തിന്റെ പേരിലുള്ള മദം ഇല്ലാതാക്കാന്‍ കഴിയുമെന്ന ഗുരുവചനത്തിന്റെ പൊരുള്‍.

ശ്രീനാരായണഗുരു എല്ലാ മതങ്ങളും പഠിക്കാന്‍ ശ്രമിച്ചയാളാണ്-ഇക്കാലത്ത് പലരും ചെയ്യുന്നപോലെ എതിര്‍ക്കാനൊരു പഴുത് തേടിയല്ല-സമഭക്തിയോടും സമബുദ്ധിയോടും കൂടി. അതുകൊണ്ടുതന്നെ ശ്രീനാരായണ ഗുരുവിന് ഇതര മതങ്ങളോട് താന്‍ അതുവരെ പിന്തുടര്‍ന്ന മതത്തോടെന്ന പോലെ ആദരവും വിശ്വാസവുമുണ്ടായിരുന്നു. അപരനെയും അപരന്റെ വിശ്വാസത്തെയും ആദരിക്കുന്നവന്റെ മനസില്‍ കുടിലതയ്ക്കും ശത്രുതയ്ക്കും സ്ഥാനമില്ല.
ഗുരുവിന്റെ ജന്മനാട്ടില്‍ തന്നെ ഗുരുവിന്റെ സന്ദേശം അട്ടിമറിക്കാന്‍ കൊണ്ടുപിടിച്ച ശ്രമം നടന്നുകൊണ്ടിരിക്കുന്ന കാലത്താണ് അലാഉദ്ദീന്‍ ഹുദവിയുടെ ഈ ഗ്രന്ഥരചനയെന്നത് ഏറെ പ്രകീര്‍ത്തിക്കേണ്ട കാര്യമാണ്. ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ള നിരവധി ഗ്രന്ഥങ്ങള്‍ വായിച്ചാണ് താന്‍ ഈ ഗ്രന്ഥരചനയ്ക്കു തുനിഞ്ഞതെന്ന് ഗ്രന്ഥകാരന്‍ പറയുമ്പോള്‍ ആ ശ്രമത്തിനു പിന്നിലെ ആത്മാര്‍ഥത വ്യക്തമാണ്.

ഇന്ത്യന്‍ സാഹചര്യത്തെ മുന്‍നിര്‍ത്തി ന്യൂനപക്ഷ രാഷ്ട്രീയത്തിനു സ്വന്തം ജീവിതം കൊണ്ട് ദിശാബോധം നല്‍കിയ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ കുറിച്ചുള്ള അറബി ഗ്രന്ഥവും അലാഉദ്ദീന്റെ രചനകളില്‍ ശ്രദ്ധേയമാണ്. പുസ്തകങ്ങള്‍ക്കും ഗ്രന്ഥകാരന്മാര്‍ക്കും ഏതു നാട്ടിലും പഞ്ഞമില്ല. മാസം തോറുമെന്നോണം പുസ്തകങ്ങള്‍ എഴുതുകയും പ്രകാശനമാമാങ്കങ്ങള്‍ നടത്തുകയും ചെയ്യുന്നവരുണ്ട്. എന്നാല്‍, അവയില്‍ മഹാഭൂരിപക്ഷവും സമൂഹത്തിനു ഗുണത്തേക്കാള്‍ ദോഷമായാണു തീരുക.
യഥാര്‍ഥ പുസ്തകവും യഥാര്‍ഥ ഗ്രന്ഥകാരനും പ്രതിലോമകാരിയാവരുത്. മനുഷ്യനെ കൂടുതല്‍ മനുഷ്യത്വത്തിലേയ്ക്കും സാഹോദര്യത്തിലേയ്ക്കും സഹിഷ്ണുതയിലേയ്ക്കും നയിക്കാന്‍ സഹായിക്കുന്നവയാകണം. അലാഉദ്ദീന്‍ ഹുദവിയുടെ ദൗത്യം നന്മയിലേയ്ക്കു നയിക്കുന്നതാണെന്നു പറയാന്‍ ഏറെ സന്തോഷമുണ്ട്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News