
തിരുവനന്തപുരം: കാലംതെറ്റി തകര്‍ത്തുപെയ്തപ്പോള്‍ സംസ്ഥാനത്ത് ജനുവരി മാസത്തില്‍ ഇതുവരെ ലഭിച്ചത് 2,469 ശതമാനം അധികമഴ. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുകള്‍ അനുസരിച്ച് ജനുവരി ഒന്നു മുതല്‍ 12 വരെ കേരളത്തില്‍ സാധാരണനിലയില്‍ 3.6 മില്ലിമീറ്റര്‍ മഴയാണ് ലഭിക്കാറുള്ളത്. എന്നാല്‍, ഇത്തവണ 92.5 മി.മീ മഴയാണ് ലഭിച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അധികമഴ ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് 9.9 മീ.മീ ലഭിക്കേണ്ടിടത്ത് 53.1 മി.മീ, കൊല്ലത്ത് 7.9 മി.മീറ്ററിന്റെ സ്ഥാനത്ത് 60 മി.മീ, പത്തനംതിട്ടയില്‍ 9.2 മി.മീ ലഭിക്കേണ്ടിടത്ത് 53.1 മി.മീ എന്നിങ്ങനെ അധികമഴ ലഭിച്ചു. ആലപ്പുഴയില്‍ 7.2 മി.മീറ്ററാണ് സാധാരണഗതിയില്‍ ലഭിക്കാറുള്ളത്. ഇത്തവണ അത് 81.4 മി.മീ ആയി ഉയര്‍ന്നു. എറണാകുളത്ത് 3.2 മി.മീറ്ററിന്റെ സ്ഥാനത്ത് 133.8 മി.മീറ്ററും ഇടുക്കിയില്‍ 4.6 മി.മീ ലഭിക്കേണ്ടിടത്ത് 84.4 മി.മീറ്ററും കോട്ടയത്ത് 4.1 മി.മീറ്ററിന്റെ സ്ഥാനത്ത് 134.1 മി.മീറ്ററും മഴ ലഭിച്ചു. തൃശൂരില്‍ 2.2 മി.മീ ലഭിക്കേണ്ടിടത്ത് 64 മി.മീ, പാലക്കാട് 1.1 മി.മീ ലഭിക്കേണ്ടിടത്ത് 36.6 മി.മീ, മലപ്പുറത്ത് 0.6 മി.മീറ്ററിന്റെ സ്ഥാനത്ത് 79.5 മി.മീ, കോഴിക്കോട് 0.9 മി.മീറ്ററിന്റെ സ്ഥാനത്ത് 162.9 മി.മീ, വയനാട് 1.9 മി.മീ ലഭിക്കേണ്ടിടത്ത് 63.1 മി.മീ, കണ്ണൂരില്‍ 1.1 മി.മീറ്ററിന്റെ സ്ഥാനത്ത് 64.3 മി.മീ എന്നിങ്ങനെയാണ് അധികമഴ ലഭിച്ചത്. ഏറ്റവും കൂടുതല്‍ അധികമഴ റിപ്പോര്‍ട്ട് ചെയ്ത കാസര്‍കോട് ജില്ലയില്‍ 108.3 മി.മീ മഴയാണ് ഇത്തവണ ലഭിച്ചത്. സാധാരണഗതിയില്‍ ഇത് 0.4 മി.മീ ആയിരുന്നു.
സംസ്ഥാനത്ത് ഇന്നും പരക്കെ മഴ ലഭിക്കുമെന്നാണ് പ്രവചനം. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച വരെ മഴ തുടരുമെന്നാണ് നിലവിലെ പ്രവചനം.